റോഡിഗ്രോ ഡെ ഒലീവേറിയയുടെ പോർച്ചുഗീസ് ചിത്രം 'ദ ഫസ്റ്റ് ഫാളൻ', അന്താരാഷ്ട്ര മത്സരവിഭാഗത്തിലാണ് പ്രദർശനത്തിനെത്തിയത്. 1980-കളുടെ തുടക്കത്തിൽ എയ്ഡ്സ് പകർച്ചവ്യാധിയുടെ ആദ്യ തരംഗം ബ്രസീലിനെ ബാധിക്കുന്നതും അത് എൽജിബിടിക്യു വിഭാഗങ്ങളിലടക്കം ഉണ്ടാക്കുന്ന പ്രതിസന്ധിയുമാണ് ദ ഫസ്റ്റ് ഫാളന്റെ പ്രമേയം.

1983-ൽ ഒരു ചെറിയ ബ്രസീലിയൻ പട്ടണത്തിൽ എൽ.ജി.ബി.ടി കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ പുതുവത്സരം ആഘോഷിക്കുകയാണ്. എയ്ഡ്സ് എന്ന മഹാമാരി ബ്രസീലിലും എത്തിയിരിക്കുന്നു. എന്നാൽ ആസന്നമായ ആരോഗ്യ പ്രതിസന്ധിയെക്കുറിച്ച് ആർക്കും യാതൊരു ധാരണയുമില്ലാത്തിടത്താണ് കഥ ആരംഭിക്കുന്നത്. വിദേശപഠനം കഴിഞ്ഞ് തിരിച്ചെത്തിയ ബയോളജി വിദ്യാർത്ഥിയായ സുസാനോയെയാണ് പിന്നീട് കാണിക്കുന്നത്. തന്റെ ശരീരത്തെ എന്തോ ഒന്ന് അസ്വസ്ഥമാക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന് സുസാനോയ്ക്ക് അറിയാം. നഗരത്തിലെ എയ്ഡ്‌സ് വൈറസിന്റെ ആദ്യത്തെ ഇരയാണ് താനെന്ന് സുസാനോ പിന്നീടാണ് മനസ്സിലാക്കുന്നത്. ഇത് കടുത്ത മാനസിക സംഘർഷമാണ് ഇയാളിൽ സൃഷ്ടിക്കുന്നത്. മരണം മുന്നിൽ കാണുന്ന സുസാനോ തന്റെ  കുടുംബത്തിലുള്ളവരെ രോഗത്തിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ ഒരു ഘട്ടത്തിൽ എപ്പോഴോ രോഗത്തെക്കുറിച്ച് പഠിക്കാനും  ചികിത്സ തേടാനുമുള്ള ആഗ്രഹം അയാൾക്ക് തോന്നുന്നു.

വിവരങ്ങളുടെ അഭാവത്തിലും അനിശ്ചിതമായ ഭാവിയിലുമുള്ള നിരാശ സുസാനോയെ ട്രാൻസ്‌സെക്ഷ്വൽ റോസിനോടും ഹംബർട്ടോയോടും അടുപ്പിക്കുന്നു. അടുത്തിടെ തലസ്ഥാനത്ത് എത്തിയ പലർക്കും രോഗബാധയുണ്ടെന്ന് സുസാനോ അറിയുന്നത് അവരിൽ നിന്നാണ്.  രോഗത്തിന്റെ ഇരകൾ ഒരുമിച്ച് ചേരുന്നതോടെ സമൂഹത്തിൽ നിന്ന് അവർക്ക് പിന്തുണ ഏറുന്നു. പരസ്പരം ചേർത്ത് നിർത്തി അതിജീവനത്തിനുള്ള പോരാട്ടത്തിലേക്കും പ്രതീക്ഷയിലേക്കും എയ്ഡ്സ് രോഗികളെ നയിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

വ്യത്യസ്തമായ ഒരു അവതരണ ശെെലിയാണ് ചിത്രത്തിൽ റോഡിഗ്രോ ഡെ ഒലീവേറിയ സ്വീകരിച്ചിരിക്കുന്നത്. കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഘർഷം ഒരു പരിധിവരെ പ്രേക്ഷകരുമായി സംവദിക്കുന്നതിൽ സംവിധായകൻ വിജയിച്ചുവെന്നാണ് കരുതുന്നത്. 1980 കളുടെ തുടക്കത്തിലാണ് ബ്രസീലിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്യുന്നത്. 1990 കളിൽ രോഗികളുടെ എണ്ണം 12 ലക്ഷത്തോളമായി. രോഗത്തെക്കുറിച്ചുള്ള അവബോധവും ആധുനിക ചികിത്സാരംഗത്തെ അപര്യാപ്തതയും രോഗികളുടെ എണ്ണത്തിന്റെ വർധനവിന് കാരണമായി എന്നാണ് കരുതപ്പെടുന്നത്. ഈ വിഷയവും ചിത്രം അഭിസംബോധന ചെയ്യുന്നു.


content highlights : The First Fallen movie review IFFI 2021