ബ്രാൻകോ ഷിമിഡ് സംവിധാനം ചെയ്ത ക്രൊയേഷ്യൻ ചിത്രം വൺസ് വി വേർ ഗുഡ് ഫോർ യു അന്താരാഷ്ട്ര മത്സരവിഭാഗത്തിലാണ് പ്രദർശനത്തിനെത്തിയത്. ക്രൊയേഷ്യൻ സ്വാതന്ത്ര്യ യുദ്ധത്തിൽ പോരാടിയ ധീര സെെനികരുടെ പിന്നീടുള്ള ജീവിതത്തിലേക്കാണ് ചിത്രം വെളിച്ചം വിശുന്നത്.

ക്രൊയേഷ്യൻ സ്വാതന്ത്ര്യ യുദ്ധം കഴിഞ്ഞ് 25 വർഷങ്ങൾ പിന്നിടുമ്പോൾ ഇന്നത്തെ ക്രൊയേഷ്യ, പഴയ പോരാളികളായ സെെനികളുടെ ആദർശത്തിൽ നിന്ന് വളരെ അകലെയാണെന്ന് ചിത്രം തുടങ്ങുമ്പോൾ തന്നെ മനസ്സിലാകുന്നു. തങ്ങൾക്ക് ലഭിക്കുന്ന പെൻഷൻ ആനുകൂല്യത്തിൽ മുൻസെെനികർ നിശബ്ദരാണ്. എന്നാൽ രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങളിൽ അവർ കടുത്ത അസംതൃപ്തിയും അനുഭവിക്കുന്നു. അഴിമതിയും ദാരിദ്ര്യവുമാണ് അവരെ ഏറ്റവും അസ്വസ്ഥരാക്കുന്നത്.

സാഗ്രെബ് സിറ്റി സെന്ററിലെ പഴയ പാറോംലിൻ കെട്ടിടത്തിൽ മ്യൂസിയം ഓഫ് ഹോംലാൻഡ് താങ്ക്സ്ഗിവിംഗ് എന്ന ആശയത്തിലൂടെ ഏതാനും മുൻസെനികരെ തിരികെ കൊണ്ടുവരുന്നുരുന്നിടത്താണ് കഥാഗതി മാറുന്നത്. അതിന്റെ നിർമാണ പ്രവർത്തനങ്ങൾ പകുതിയ്ക്ക് വച്ചു നിന്നുപോകവേ പൂർത്തിയാക്കാനുള്ള ദൗത്യം മുൻസെെനികർ തന്നെ ഏറ്റെടുക്കുന്നു. എന്നാൽ പോലീസുമായി അവർക്ക് ഏറ്റുമുട്ടേണ്ടിവരികയും. അത് വലിയ പ്രശ്നങ്ങളിൽ കലാശിക്കുകയും ചെയ്യുന്നു. ഒരു മുൻ കമാൻഡർ അവർക്ക് മ്യൂസിയത്തിനായി ഒരു പുതിയ ഇടം വാഗ്ദാനം ചെയ്യുന്നിടത്താണ് പ്രശ്നങ്ങൾക്ക് താൽകാലികമായ പരിഹാരം ഉണ്ടാകുന്നത്. എന്നാൽ ക്രൊയേഷ്യയെ സൃഷ്ടിച്ചവരോട് അധികാരികൾ‌ കാണിക്കുന്ന മനോഭാവത്തിൽ അതൃപ്തരായ ഒരു കൂട്ടം യുവാക്കൾ മുൻസെെനികർക്ക് പിന്തുണയുമായി രംഗത്ത് വരുന്നു. ഒടുവിൽ അവരുടെ ആശയങ്ങൾ തീവ്രവലതുപക്ഷത്തേക്ക് തിരിയുന്നിടത്താണ് ചിത്രത്തിന്റെ കാതൽ.

വർത്തമാന ക്രൊയേഷ്യയുടെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ആഴത്തിൽ ഗവേഷണം നടത്തിയാണ്  വൺസ് വി വേർ ഗുഡ് ഫോർ യു ഒരുക്കിയതെന്ന് സംവിധായകൻ ബ്രാൻകോ ഷിമിഡ് അവകാശപ്പെട്ടിരുന്നു. തന്റെ പ്രേക്ഷകരുമായി അത് സംവദിക്കുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട്. തീവ്രദേശീയത, അഴിമതി, ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങളെ അഭിസംബോധന ചെയ്തതിനാൽ ഈ ചിത്രത്തിന്റെ പ്രമേയം ആഗോളതലത്തിൽ പ്രസക്തമാണ്.

Content Highlights:  Once We Were Good For You, movie review, IFFI 2021