ഇന്ത്യയുടെ ഇത്തവണത്തെ ഓസ്കാർ എൻട്രി. അതായിരുന്നു കൂഴങ്കൾ. സമകാലീന സമൂഹികാവസ്ഥകൾ ഇത്രമേൽ സിനിമക്ക് വിഷയമാക്കുന്ന മറ്റേതെങ്കിലും ഇൻഡസ്ട്രി ഇന്ത്യയിലുണ്ടോ എന്ന് സംശയം തോന്നിക്കും വിധമാണ് കൂഴങ്കളുടെ നിർമ്മാണം. ഒരു കുഞ്ഞു കഥയെ അതിന്റെ തനിമ ചോരാതെയും വലിച്ചുനീട്ടാതെയും സംവിധായകൻ പി. എസ്. വിനോദ് രാജ് അവതരിപ്പിച്ചിരിക്കുന്നു.

14 കാരൻ വേലു, അവന്റെ അച്ഛൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ഭർത്താവിന്റെ കുടി കാരണം സ്വന്തം വീട്ടിൽ പോയി നിൽക്കുന്ന വേലുവിന്റെ അമ്മയെ അവരുടെ വീട്ടിൽച്ചെന്ന് കൊണ്ടുവരാനുള്ള ഇരുവരുടെയും യാത്രയാണ് ചിത്രത്തിന്റെ ആകെ തുക. ആ യാത്രയുടെ അവസാനം എന്താണെന്നുള്ളതാണ് ക്ളൈമാക്‌സ്. കാൽനടയായാണ് യാത്രയുടെ ഭൂരിഭാഗവും.

വരൾച്ചയുടെ കാഠിന്യം നിറയുന്ന കാഴ്ചകളാണ് ഒന്നേകാൽ മണിക്കൂർ മാത്രം ദൈർഘ്യം വരുന്ന ചിത്രത്തിൽ ഉടനീളം. മഴ പെയ്തിട്ട് കാലങ്ങളായ ഒരു നാട്. എന്തിനെക്കാളും ഉപരി വെള്ളമാണ് അവർക്കാവശ്യം. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് പോലും വരൾച്ചയുടെ കാഠിന്യത്തിന് പശ്ചാത്തലം ഒരുക്കാനാണോ എന്നുപോലും തോന്നിപ്പോകും. 

സ്വാഭാവികമായ പ്രകടനങ്ങളാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. വേലുവായി എത്തിയ ചെല്ലപ്പാണ്ടിയും അച്ഛനായെത്തിയ റുത്തതാടിയാനും തന്നെയാണ് സിനിമയുടെ നെടുംതൂണുകൾ. മനസ്സുകൊണ്ട് വിഭിന്ന ധ്രുവങ്ങളിൽ നിൽക്കുന്ന അച്ഛനെയും മകനെയും ഇരുവരും ഭംഗിയാക്കി. അടുത്തിടെ പുറത്തിറങ്ങി ഏറെ ചർച്ചയായ ജയ് ഭീമിലൂടെയാണ് നമ്മൾ തമിഴ് നാട്ടിലെ ഇരുള വിഭാഗത്തെക്കുറിച്ച് മനസിലാക്കിയത്. സമാന ജീവിതങ്ങളെ ഇതിലും കാണാം.

ദൈർഘ്യമുള്ള ഷോട്ടുകളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. കഥാപാത്രങ്ങളുടെ ചലനത്തിന് അനുസരിച്ച് ക്യാമറയും സഞ്ചരിക്കുകയാണ്. പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളും സിനിമയുടെ ഭൂരിഭാഗവും നടക്കുക തന്നെയായതിനാൽ കഥ പറയാൻ വിദൂരദൃശ്യങ്ങളുടെ പലവിധ സാധ്യതകളും ഉപയോഗിച്ചിരിക്കുന്നു. സംഭാഷണങ്ങൾ നന്നേ കുറവാണ്. നടക്കുന്നതിന്റെയും വാഹനം ഓടുന്നതിന്റേയും കിളികളുടെയുമെല്ലാം ശബ്ദങ്ങളാണ് കഥയിൽ മുഴുക്കെ. സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതുമെല്ലാം ശബ്ദങ്ങളിൽത്തന്നെ. 

യുവൻ ശങ്കർ രാജ ഒരുക്കിയ പശ്ചാത്തല സംഗീതവും വിഘ്‌നേഷ്‌ കുമുലയ്, പാർത്തിബ് എന്നിവരുടെ ക്യാമറയും പ്രത്യേകം പരാമർശം അർഹിക്കുന്നു. ഇങ്ങനെ ഒരു ചിത്രം നിർമിച്ച നയൻതാരക്കും വിഘ്നേഷ് ശിവനും സംവിധായകൻ വിനോദ് രാജിനുമിരിക്കട്ടെ ഒരു കയ്യടി.

content highlights : Koozhangal Movie review IFFI 2021 Nayanthara Vignesh Shivan