സിമണ്‍ ഫ്രാങ്കോ സംവിധാനം ചെയ്ത സ്പാനിഷ് ചിത്രമായ ഷാര്‍ലറ്റ് അന്താരാഷട്ര മത്സരവിഭാഗത്തിലാണ് പ്രദര്‍ശനത്തിനെത്തിയത്. ഡ്രാമഡി വിഭാഗത്തിലുള്ള ഈ ചിത്രത്തില്‍  ഏഞ്ചല മോലിന എന്ന അഭിനേത്രിയാണ് കേന്ദ്രകഥാപാത്രം. ഒരു കാലത്ത് സിനിമയില്‍ വലിയ താരമായി ജ്വലിച്ചു നിന്ന ഏഞ്ചല മോലിന ഇന്ന് ഇന്ന് വാര്‍ധക്യത്തില്‍ ആളുകളാല്‍ വിസ്മരിക്കപ്പെട്ടു കഴിഞ്ഞു. അങ്ങനെയിരിക്കേ തന്നെ പ്രശസ്തിയിലേക്ക് കൈപിടിച്ചു നടത്തിയ സംവിധായകന്‍ പരാഗ്വേയില്‍ അയാളുടെ അവസാന സിനിമ ചിത്രീകരിക്കുന്നുണ്ടെന്ന് ഏഞ്ചല മനസ്സിലാക്കുന്നത്. ആ സിനിമയില്‍ അഭിനയിക്കുമെന്ന ദൃഢനിശ്ചയവുമായി തന്റെ സുഹൃത്തും സഹായിയുമായ ലീ എന്ന യുവാവിനൊപ്പം ഏഞ്ചല നടത്തുന്ന സംഭവബഹുലമായ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.

മാനസിക പ്രശ്‌നങ്ങളുമായി ഏഞ്ചല മനശാസ്ത്രജ്ഞനെ സമീപിക്കുന്നതാണ് ചിത്രത്തിന്റെ തുടക്കം. ഏഞ്ചല തന്റെ പ്രശ്‌നങ്ങള്‍ വിവരിക്കുന്നതിനിടയില്‍ മനശാസ്ത്രജ്ഞൻ കുഴഞ്ഞ് വീഴുന്നു. ബോധരഹിതനായി കിടക്കുന്ന അയാളെ ഉണര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഏഞ്ചല പരാജയപ്പെടുന്നു. പതിയെ അവിടെ നിന്ന് എഴുന്നേറ്റ് മേശയിലിരിക്കുന്ന ഉറക്ക ഗുളികള്‍ മോഷ്ടിച്ചാണ് മുറിവിട്ടിറങ്ങുന്നത്. പുറത്ത് നില്‍ക്കുന്ന മനശാസ്ത്രജ്ഞന്റെ സഹായി ഇനി എന്നാണ് വീണ്ടും കാണാന്‍ വരുന്നതെന്ന് ഏഞ്ചലയോട് ചോദിക്കുന്നു. ഇനി താന്‍ വരുന്നില്ലെന്നും മനശാസ്ത്രജ്ഞന്‍ മരിച്ചുവെന്നാണ് തോന്നുന്നതെന്നും ഏഞ്ചല മറുപടി പറയുന്നു.

പിന്നീട് കാണിക്കുന്നത് ഏഞ്ചല താമസിക്കുന്ന വീടാണ്. നടിയുടെ മുഖത്തെ ജരാനരകള്‍ക്കും ചുളിവുകള്‍ക്കും സമാനമായി കൊട്ടാര സദൃശമായ ആ വീടിനും മങ്ങലേറ്റ് കഴിഞ്ഞിരുന്നു. ലീ എന്ന സഹായിക്കൊപ്പമാണ് ഏഞ്ചലയുടെ ജീവിതം. അങ്ങനെയിരിക്കെയാണ് തന്നെ സൂപ്പര്‍താരമാക്കിയ സംവിധായകന്റെ അവസാന സിനിമ പരാഗ്വേയില്‍ ആരംഭിക്കുന്നുവെന്ന വാര്‍ത്ത ഏഞ്ചല വായിച്ചറിയുന്നത്. ഈ സിനിമ തന്റെ സ്വപ്‌നമായിരുന്നുവെന്നും തനിക്ക് പരാഗ്വേയിലേക്ക് യാത്ര ചെയ്യണമെന്നും ഏഞ്ചല പറയുന്നു. എന്നാല്‍ ലീ അതിനെ എതിര്‍ക്കുന്നു. വളരെ രസകരമായ വാഗ്വാദങ്ങള്‍ക്കൊടുവില്‍ ലീ ഏഞ്ചലയുടെ ഇംഗിതത്തിന് വഴങ്ങുന്നു. അര്‍ജന്റീനയില്‍ നിന്ന് പരാഗ്വയിലേക്ക് ലീയും ഏഞ്ചലയും ഒരു കാരവനില്‍ നടത്തുന്ന സംഭവബഹുലമായ യാത്രയാണ് ചിത്രത്തിന്റെ കാതല്‍.

ഏഞ്ചല, ലീ, എന്നീ കഥാപാത്രങ്ങള്‍ തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിലെ ഏറ്റവും വലിയ ആകര്‍ഷണമായി തോന്നുന്നത്. അവരുടെ ബന്ധത്തെ ഒറ്റവാക്കില്‍ നിര്‍വചിക്കാന്‍ പ്രയാസമാണ്. ലീ ഏഞ്ചലയുടെ സഹായിയാണ്, സുഹൃത്താണ്. അതിലുപരി ലീയുടെ കാര്യം സംസാരിക്കുമ്പോള്‍ ഏഞ്ചലയില്‍ മാതൃഭാവങ്ങള്‍ വിടരുന്നത് കാണാം.

ശക്തമായ തിരക്കഥയും അവതരണവുമാണ് ഷാര്‍ലറ്റിനെ ഒരു മികച്ച അനുഭവമാക്കി മാറ്റുന്നത്. കഥാപാത്രങ്ങളുടെ യാത്രയില്‍ പങ്കാളികളാവുകയും ഏഞ്ചലയുടെ വിജയം തങ്ങളുടേതാണെന്ന് പ്രേക്ഷകര്‍ക്ക് തോന്നുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം.

Content Highlights: Charlotte, spanish movie review, IFFI 2021