അന്താരാഷ്ട്ര വിഭാഗത്തില്‍ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ഡ്രാമഡി വിഭാഗത്തിലുള്ള ആല്‍ഫ ബീറ്റ് ഗാമ. നവാഗതനായ ശങ്കര്‍ ശ്രീകുമാര്‍ സംവിധാനം ചെയ്ത ഈ ഹിന്ദി ചിത്രം നിര്‍മിച്ചിരിക്കുന്നത് നോണ്‍സെന്‍സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മലയാളിയായ ജിതിന്‍ രാജും ഛോട്ടി ഫിലിംസിന്റെ ബാനറില്‍ മോന ശങ്കര്‍, തോമസ് പൂന്നൂസ്, മേനക ശര്‍മ എന്നിവരും ചേര്‍ന്നാണ്.

ഋതു എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നിഷാന്‍, റീന അഗര്‍വാള്‍, അമിത് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ലോക് ഡൗണ്‍ കാലത്തെ രസകരമായ ത്രികോണ പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. കോവിഡ് ലോക്ഡൗണില്‍ ഒരു സ്ത്രീയും അവളുടെ മുന്‍ഭര്‍ത്താവും കാമുകനും ഒരു വീട്ടില്‍ 14 ദിവസം ചെലവിടുമ്പോള്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഒരു സംവിധായകനാണ് ചിത്രത്തിലെ നായകന്‍ ജയ്. അയാളുടെ ദാമ്പത്യ ജീവിതം തികച്ചും പരാജയത്തിലും. ഭാര്യ മിതാലിയില്‍ നിന്ന് വേര്‍പിരിഞ്ഞ് കാമുകി കൈറയ്‌ക്കൊപ്പം ഒരു ജീവിതം അയാള്‍ ആഗ്രഹിക്കുന്നു.  ജയ്‌യില്‍ നിന്ന് വിവാഹമോചിതയായി എഞ്ചിനീയറായ കാമുകന്‍ രവിക്കൊപ്പം ശോഭനമായ ഒരു ഭാവി സ്വപ്‌നം കാണുകയാണ് മിതാലി.  ജയ്‌യിനേക്കാളും ശാന്തനും കരുതലുമുള്ളവനാണ് രവിയെന്ന് മിതാലി കരുതുന്നു. രവി മിതാലിയെ തന്റെ ജീവിതത്തിലേക്ക് കൂട്ടാന്‍ ഒരു ദിവസം അവളുടെ വീട്ടിലേക്ക് വരുന്നു. ജയ്‌യുമായി മിതാലി വിവാഹമോചനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനിരിക്കുകയാണ്. പിരിയാനിരിക്കുന്ന ദമ്പതികളുടെ ചര്‍ച്ചയ്ക്കിടയില്‍ തന്റെ സാന്നിധ്യം അരോചകമായിരിക്കുമെന്ന് രവി മനസ്സിലാക്കി അയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നു. അപ്പോഴാണ് കോവിഡ് ലോക് ഡൗണിന്റെ അപ്രതീക്ഷിത വരവ്. പുരുഷന്മാരില്‍ ഒരാള്‍ക്ക് മറ്റൊരാള്‍ വഴിയൊരുക്കുന്നതിന് മുമ്പ് മിതാലിയുടെ ജീവിതത്തില്‍ ലോക് ഡൗണ്‍ ഇടപെടുന്നു. ഒരു മേല്‍ക്കൂരയ്ക്കുള്ളില്‍ മൂവരും ദിവസങ്ങളോളം ചെലവിടുമ്പോള്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

മനുഷ്യമനസ്സുകളിലെ സ്‌നേഹം, വെറുപ്പ്, അസൂയ, അത്യാഗ്രഹം, സ്വാര്‍ത്ഥത, നിസ്വാര്‍ത്ഥത എന്നിങ്ങനെ വിവിധ വികാരങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.സ്‌നേഹം നമ്മിലെ ഏറ്റവും നല്ലതിനെയും മോശമായതിനെയും പുറത്തു കൊണ്ടുവരുമെന്നും ചിത്രം പറയുന്നു.
ഒരു മേല്‍ക്കൂരക്കുള്ളിലാണ് സിനിമ പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഫ്രൈമുകളില്‍ ആവര്‍ത്തന വിരസത വന്നേക്കാം. തിരക്കഥയിലൂടെയും സംഭാഷണങ്ങളിലൂടെയും ആ വെല്ലുവിളിയെ അതിജീവിക്കുന്നതില്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ സംവിധായകന്‍ അടക്കമുള്ള ഒട്ടുമിക്കവരും പുതുമുഖങ്ങളാണെന്നതും ശ്രദ്ധേയമായ വസ്തുതയാണ്.

Content Highlights : alpha beta gamma hindi movie Jithin Raj Indian Panorama IFFI