പനാജി: ഗോവയില്‍ ഇന്നാരംഭിക്കുന്ന 52-ാമത് അന്താരാഷ്ട്രചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങില്‍ ബോളിവുഡ് താരങ്ങളുടെ അതിപ്രസരം. വൈകീട്ട് ഏഴിന് ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍  ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, രണ്‍വീര്‍ സിങ്, ശ്രദ്ധ കപൂര്‍, റിതേഷ് ദേശ്മുഖ്, ജനീലിയ ദേശ്മുഖ്, മൗനി റോയ് എന്നിവര്‍ അതിഥികളായെത്തും. കരണ്‍ ജോഹറും മനീഷ് പോളുമാണ് അവതാരകര്‍. ബോളിവുഡിതര സിനിമാ മേഖലയില്‍ നിന്നുള്ള താരങ്ങള്‍ക്ക് ക്ഷണമില്ലെന്നാണ് വിവരം. 

കോവിഡ് പശ്ചാത്തലത്തില്‍ ഹൈബ്രിഡ് ഫോര്‍മാറ്റിലാണ് മേള സംഘടിപ്പിക്കുന്നത്. അതായത് തിയേറ്ററിലും വെര്‍ച്വലായും പ്രദര്‍ശനം കാണാം. ഒരു വാക്‌സിനെങ്കിലും എടുത്തവര്‍ക്കാണ് മേളയില്‍ പ്രവേശനം.

മണ്‍മറഞ്ഞ മലയാളത്തിന്റെ പ്രിയതാരം നെടുമുടി വേണുവിന് ഉദ്ഘാടന ചടങ്ങില്‍ ആദരം അര്‍പ്പിക്കും. കൂടാതെ പുനീത് രാജ്കുമാര്‍  ദിലീപ് കുമാര്‍, സുമിത്ര ഭാവെ, സഞ്ചാരി വിജയ്, സുരേഖ സിക്രി തുടങ്ങിയരെയും മേളയില്‍ അനുസ്മരിക്കും.

ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സീസിയ്ക്കും ഹംഗേറിയന്‍ സംവിധായകന്‍ ഇസ്‌തെവന്‍ സാബോയ്ക്കുമാണ് ഇത്തവണത്തെ സത്യജിത്ത് റേ ലൈഫ് അച്ചീവ്‌മെന്റ് പുരസ്‌കാരം. ലോക സിനിമയ്ക്ക് ഇരുവരും നല്‍കിയ സംഭാവനകള്‍ക്കുള്ള ആദരമാണ് ഈ പുരസ്‌കാരമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. നടി ഹേമ മാലിനിയ്ക്കും ഗാനരചയിതാവും തിരക്കഥാകൃത്തുമായ പ്രസൂണ്‍ ജോഷിയ്ക്കും ഇന്ത്യന്‍ പേഴ്സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്‌കാരം നല്‍കി ആദരിക്കും.

Content Highlights : Salman Khan Ranveer Singh Shraddha Kapoor will attend opening ceremony of IFFI 2021