പനാജി: മാംഗ കലാകാരനാവാൻ പ്രയത്നിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ സംഭവബഹുലമായൊരു ഏട് വരച്ചുകാട്ടിയ ജപ്പാനീസ് ചിത്രം റിങ് വാന്‍ഡറിങ്ങ്  52-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം സ്വന്തമാക്കി. മസാകാസു കാനെകോയാണ് ചിത്രം അണിയിച്ചൊരുക്കിയത്. മികച്ച സംവിധായകനുള്ള രജതമയൂരം വാക്ലേവ് കാണ്ട്രാന്‍ങ്കയ്ക്ക്. ചിത്രം സേവിങ് വണ്‍ ഹു വാസ് ഡെഡ്. ഗോദാവരി എന്ന ചിത്രത്തിലെ അഭിനയത്തിന് ജിതേന്ദ്ര ജോഷി മികച്ച നടനായും ഷാര്‍ലെറ്റിലെ അഭിനയത്തിന് ആഞ്ചലീന മൊളിന മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

റെനേറ്റാ കര്‍വാലോയും (ദ ഫസ്റ്റ് ഫാളന്‍) മികച്ച നടിക്കും നിഖില്‍ മഹാജന്റെ ഗോദാവരി മികച്ച ചിത്രത്തിനുമുള്ള  പ്രത്യേക ജൂറി പുരസ്കാരങ്ങൾ സ്വന്തമാക്കി. റഷ്യൻ സംവിധായകൻ റോമൻ വാസ്യനോവവിന്റെ ദി ഡോം പ്രത്യേക പരാമർശം നേടി.  സഹോരി എന്ന ചിത്രത്തിന് മികച്ച നവാഗത ചിത്രത്തിന്റെ സംവിധായകനുള്ള പുരസ്‌കാരം മാരി അലക്‌സാന്ദ്രിനി നേടി. ഈ വിഭാഗത്തില്‍ ദി വെല്‍ത്ത് ഓഫ് ദി വേള്‍ഡ് എന്ന ചിത്രത്തിന് സൈണ്‍ ഫാരിയോള്‍ പ്രേത്യേക പരാമര്‍ശം നേടി.

മികച്ച ചിത്രത്തിന് സുവര്‍ണമയൂരവും 40 ലക്ഷം രൂപയും ലഭിക്കും. മികച്ച സംവിധായിക/സംവിധായകന്‍ നടി നടന്‍ എന്നിവര്‍ക്ക് രജതമയൂരവും 10 ലക്ഷം രൂപയും ലഭിക്കും. ഇറാനിയന്‍ സംവിധായിക രക്ഷന്‍ ബനിതേമാദ്, ബ്രിട്ടീഷ് നിര്‍മാതാവ് സ്റ്റീഫന്‍ വൂളെ, കൊളംബിയന്‍ സംവിധായകന്‍ സിറോ ഗരേര, ശ്രീലങ്കന്‍ സംവിധായകന്‍ വിമുഖി ജയസുന്ദര, സംവിധായകനും നിര്‍മാതാവുമായ നില മധപ് പാണ്ഡ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. 

ഒന്‍പത് ദിവസങ്ങള്‍ നീണ്ട മേളയില്‍ 73 രാജ്യങ്ങളില്‍ നിന്ന് 148 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്. സുവര്‍ണമയൂര പുരസ്‌കാരത്തിനുള്ള മത്സരവിഭാഗത്തില്‍ 15 ചിത്രങ്ങളാണ് ഇത്തവണ മാറ്റുരച്ചത്. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 25 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്. ഹോമേജ് വിഭാഗത്തില്‍ നടന്‍ നെടുമുടി വേണുവിന്റെ മാര്‍ഗം പ്രദര്‍ശിപ്പിച്ചു. റിട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ റഷ്യന്‍ സംവിധായകന്‍ ആന്ദ്രേ കൊഞ്ചലോവ്‌സ്‌കി, ഹംഗേറിയന്‍ സംവിധായകന്‍ ബെല ടാര്‍ എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. സ്‌പെഷ്യല്‍ ട്രിബ്യൂട്ട് വിഭാഗത്തില്‍ മണ്‍മറഞ്ഞ ഹോളിവുഡ് താരം ഷോണ്‍ കോണറിയുടെ അഞ്ച് ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്.

Content Highlights: Ring Wandering International wins golden peacock award Film Festival of India