പനാജി : അന്താരാഷ്ട്ര ചലച്ചിത്ര മേലയുടെ സമാപന ചടങ്ങിൽ അതിഥികളായി മനോജ് ബാജ്പേയിയും മധുരി ദീക്ഷിത്തും.  വൈകീട്ട് 4 മണിയ്ക്ക് ശ്യാമപ്രസാദ് മുഖര്‍ജി ഓഡിറ്റോറിയത്തില്‍ സമാപന ചടങ്ങുകള്‍ നടക്കും. അഷ്ഖര്‍ ഫര്‍ഹാദിയുടെ 'എ ഹീറോ' ആണ് സമാപന ചിത്രം.

ഒന്‍പത് ദിവസങ്ങള്‍ നീണ്ട മേളയില്‍ 73 രാജ്യങ്ങളില്‍ നിന്ന് 148 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്. സുവര്‍ണമയൂര പുരസ്‌കാരത്തിനുള്ള മത്സരവിഭാഗത്തില്‍ 15 ചിത്രങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്.

നിഖില്‍ മഹാജന്‍ സംവിധാനംചെയ്ത 'ഗോദാവരി', നിപുണ്‍ അവിനാഷ് ധര്‍മാധികാരി സംവിധാനം ചെയ്ത 'മേ വസന്തറാവു' (മറാഠി ചിത്രങ്ങള്‍), എയ്മി ബറുവ സംവിധാനംചെയ്ത ദിമാസ ഭാഷാചിത്രമായ 'സെംഖോര്‍' എന്നിവയാണ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ ചിത്രങ്ങള്‍. ഇറാനിയന്‍ സംവിധായിക രക്ഷന്‍ ബനിതേമാദ്, ബ്രിട്ടീഷ് നിര്‍മാതാവ് സ്റ്റീഫന്‍ വൂളെ, കൊളംബിയന്‍ സംവിധായകന്‍ സിറോ ഗരേര, ശ്രീലങ്കന്‍ സംവിധായകന്‍ വിമുഖി ജയസുന്ദര, സംവിധായകനും നിര്‍മാതാവുമായ നില മധപ് പാണ്ഡ എന്നിവരടങ്ങുന്ന ജൂറിയാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിലുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. മികച്ച ചിത്രത്തിന് സുവര്‍ണമയൂരവും 40 ല്ക്ഷം രൂപയും ലഭിക്കും. മികച്ച സംവിധായിക/ സംവിധായകന്‍ നടി നടന്‍ എന്നിവര്‍ക്ക് രജതമയൂരവും 10 ലക്ഷം രൂപയും ലഭിക്കും.

Content Highlights : Manoj Bajpayee and Madhuri Dixit chief guest at IFFI 2021 Clossing Ceremony