പനാജി: ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായ കൂഴങ്കള്‍ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശനത്തിനെത്തി. പി. എസ്. വിനോദ് രാജാണ് ചിത്രത്തിന്റെ സംവിധായകന്‍. നയന്‍താരയും വിഘ്‌നേഷ് ശിവനും സംയുക്തമായാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഒരു ചെറിയ കഥയെ അതിന്റെ തനിമ ചോരാതെയും വലിച്ചുനീട്ടാതെയും നവാഗത സംവിധായകന്‍ പി. എസ്. വിനോദ് രാജ് അവതരിപ്പിച്ചിരിക്കുന്നു.

പതിനാല് വയസ്സുള്ള വേലു എന്ന കുട്ടിയും അവന്റെ അച്ഛന്‍ ഗണപതിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഭര്‍ത്താവിന്റെ കുടി കാരണം സ്വന്തം വീട്ടില്‍ പോയി നില്‍ക്കുന്ന വേലുവിന്റെ അമ്മയെ അവരുടെ വീട്ടില്‍ച്ചെന്ന് കൊണ്ടുവരാനുള്ള ഇരുവരുടെയും യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. മികച്ച പ്രതികരണമാണ് ചിത്രത്തിന് മേളയില്‍ ലഭിച്ചത്. മലയാളിയായ യദു വിജയകൃഷ്ണന്‍ സംവിധാനം ചെയ്ത സംസ്‌കൃത ചിത്രം ഭഗവദജ്ജുകവും മേളയില്‍ പ്രദര്‍ശിപ്പിച്ചു.

അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ കഴിഞ്ഞ ദിവസം വാക്ലേവ് കഡ്റാന്‍ക സംവിധാനം ചെയ്ത ചെക്ക്റിപബ്ലിക്കന്‍ ചിത്രം സേവിങ് വണ്‍ ഹു വാസ് ഡെഡ്, സിമണ്‍ ഫ്രാങ്കോ സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം ഷാര്‍ലറ്റ് എന്നിവയാണ് പ്രദര്‍ശനത്തിനെത്തിയത്. ഏഞ്ചല മോലിന എന്ന അഭിനേത്രിയാണ് ചിത്രത്തിലെ ഷാര്‍ലറ്റിലെ കേന്ദ്രകഥാപാത്രം. ഒരു കാലത്ത് സിനിമയില്‍ വലിയ താരമായി ജ്വലിച്ചു നിന്ന ഏഞ്ചല മോലിനയെ ഇന്ന് ഇന്ന് വാർധക്യത്തിലെത്തി ആളുകളാൽ വിസ്മരിക്കപ്പെട്ടു കഴിഞ്ഞു . അങ്ങനെയിരിക്കേ തന്നെ പ്രശസ്തിയിലേക്ക് കൈപിടിച്ചു നടത്തിയ സംവിധായകന്‍ പരാഗ്വേയില്‍ അയാളുടെ അവസാന സിനിമ ചിത്രീകരിക്കുന്നുണ്ടെന്ന് ഏഞ്ചല മനസ്സിലാക്കുന്നു. ആ സിനിമയിൽ അഭിനയിക്കുമെന്ന ദൃഢനിശ്ചയവുമായി  തന്റെ സുഹൃത്തും സഹായിയുമായ ലീ എന്ന യുവാവിനൊപ്പം ഏഞ്ചല നടത്തുന്ന സംഭവബഹുലമായ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.

മസ്തിഷ്‌കാഘാതത്തെ പൂര്‍ണമായും തളര്‍ന്ന ഒരാളിലൂടെയാണ് സേവിങ് വണ്‍ ഹു വാസ് ഡെഡ് ആരംഭിക്കുന്നത്. ചലനം നഷ്ടപ്പെട്ട അയാളെ ആദ്യമായി കാണുമ്പോള്‍ ഭാര്യയും മകനും കടുത്ത നിരാശയിലാഴുന്നു. ഡോക്ടര്‍മാര്‍ അവര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നില്ല. രോഗനിര്‍ണയത്തെ അവര്‍ പൂര്‍ണമായും അംഗീകരിക്കുമ്പോള്‍ മരിക്കുമെന്ന സത്യം അവര്‍ ഉള്‍ക്കൊള്ളുന്നില്ല. അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാമെന്ന പ്രതീക്ഷയോടെ ഭാര്യയു മകനും ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

മണ്‍മറഞ്ഞ പ്രതിഭകളെ ആദരിക്കുന്നതിനായി ഹോമേജ് വിഭാഗത്തില്‍ പ്രശസ്ത മറാത്തി ചിത്രസംയോജകന്‍ വര്‍മന്‍ ബ്ലോസ്ലയുടെ ഇന്‍കാര്‍, സുമിത്ര ഭാവെയുടെ വാസ്തുപുരുഷ് എന്നിവയാണ് പ്രദര്‍ശനത്തിനെത്തിയത്.

അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ഇന്ന് രാഡു മുണ്ടേന്‍ സംവിധാനം ചെയ്ത റൊമാനിയന്‍ ചിത്രം ഇന്ററഗാള്‍ഡേ, മൊഹമ്മദ് മ്രിദയുടെ ബംഗ്ലാദേശി ചിത്രം നോ ഗ്രൗണ്ട് ബിതീത് ദ ഫീറ്റ്, മനാകാസു കാനെകോയുടെ ജപ്പാനീസ് ചിത്രം റിങ് വാന്ററിങ് എന്നിവ പ്രദര്‍ശനത്തിനെത്തും


content highlights : Koozhangal in IFFI 2021 Indias Oscar entry Indian Panorama