പനാജി: 52-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തിൽ ഇന്ത്യൻ പനോരമയ്ക്ക് തുടക്കമായി. എയ്മി ബറുവ സംവിധാനം ചെയ്ത  ദിമാസ ഭാഷയിലുള്ള സെംഖോർ’ ആണ് ഇന്ത്യ പനോരമയിൽ ഫീച്ചർ വിഭാഗത്തിൽ ആദ്യമായി പ്രദർശനത്തിനെത്തിയത്. ഇതാദ്യമായാണ് ദിമാസ ഭാഷയിലുള്ള ഒരു സിനിമ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ആസാമിലെ ഒരു ഗോത്രസമൂഹത്തെ ചുറ്റിപ്പറ്റിയാണ് സെംഖോരിന്റെ കഥ പറയുന്നത്.

പുരുഷാധിപത്യത്തിലൂന്നിയ പ്രാകൃത ആചാരങ്ങൾക്ക് മുന്നിൽ നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വരുന്ന സ്ത്രീകളെ സെംഖോർ വരച്ചു കാണിക്കുന്നു. രാജീവ് പർകാശ് സംവിധാനം ചെയ്ത വേദ് ദ വിഷണറിയായിരുന്നു നോൺ ഫീച്ചർ വിഭാഗത്തിൽ ആദ്യമായി പ്രദർശനത്തിനെത്തിയത്. ബ്രീട്ടീഷ് ഇന്ത്യയിലും സ്വതന്ത്ര ഇന്ത്യയിലും രാജ്യത്തെയും വിദശത്തെയും ഏജൻസികൾക്ക് വേണ്ടി ജോലി ചെയ്തിരുന്ന  ക്യാമറാമാൻ വേദ് പർകാശിനെക്കുറിച്ചാണ് ഈ ഡോക്യുമെന്ററി ചിത്രമാണിത്. ദേവ് പർകാശിന്റെ മകൻ കൂടിയാണ് സംവിധായകൻ രാജീവ് പർകാശ്.

ചലച്ചിത്ര മേളയോട് അനുബന്ധിച്ച് രാജ്യത്തെ യുവചലച്ചിത്ര പ്രതിഭകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു. 75 യങ് ക്രീയേറ്റീവ് മെെൻഡ്സ് എന്നായിരുന്നു ഈ പദ്ധതിയുടെ പേര്. റസൂൽ പൂക്കുട്ടി, ശങ്കർ മഹാദേവൻ, പ്രസൂൺ ജോഷി, കേതൻ മെഹ്ത, മനോജ് ബാജ്പേരി, അമൃതലാൽ ഷാ എന്നിവർ അടങ്ങിയ ജൂറിയാണ് 75 പ്രതിഭകളെ തിരഞ്ഞെടുത്തത്. അവരെ ആദരിക്കുന്ന ചടങ്ങും മേളയിൽ നടന്നു. അന്താരാഷ്ട്ര ചലച്ചിത്ര മേള ഇവരുടെ മുന്നോട്ടുള്ള യാത്രയിൽ വഴിത്തിരിവാകുമെന്ന് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ അഭിപ്രായപ്പെട്ടു.

ഹോമേജ് വിഭാഗത്തിൽ ഇന്ന് അന്തരിച്ച നടൻ‌ നെടുമുടി വേണു നായകനായ മാര്‍ഗ്ഗം, പുനീത് രാജ്കുമാറിന്റെ രാജകുമാര എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പോളിഷ് ചിത്രം ലീഡർ, നിഖിൽ മഹാജൻ സംവിധാനം ചെയ്ത മറാത്തി ചിത്രം ഗോദാവരി എന്നിവയും  പ്രദർശനത്തിനെത്തും.

Content Highlights : IFFK 2021 Indian Panorama Homage to Nedumudi Venu Puneeth Rajkumar