പനാജി: 52-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ ജയരാജ് സംവിധാനം ചെയ്ത നിറയെ തത്തകളുള്ള മരം, രഞ്ജിത്ത് ശങ്കറിന്റെ സണ്ണി എന്നീ ചിത്രങ്ങൾ ഇന്ന് പ്രദർശനത്തിനെത്തും. ഇത്തവണ മേളയിൽ രണ്ടു മലയാള ചിത്രങ്ങൾ മാത്രമാണ് ഇടം നേടിയത്. മലയാളിയായ  ജിതിൻ രാജ് നിർമ്മിച്ചു  ശങ്കർ ശ്രീകുമാർ സംവിധാനം ചെയ്ത ആൽഫ ബീറ്റ ഗാമ എന്ന ഹിന്ദി ചിത്രവും ഇന്ത്യൻ പനോരമയിൽ ഇന്ന് പ്രദർശനത്തിനെത്തും.

മേളയിൽ നാലാം ദിനത്തിൽ ഇന്ത്യൻ പനോരമയിൽ  ആനന്ദ് മഹാദേവൻ സംവിധാനം ചെയ്ത  നോക് ഔട്ട്‌ നോൺ ഫീച്ചർ വിഭാഗത്തിലും അദേഹത്തിന്റെ തന്നെ ബിറ്റെർ സ്വീറ്റ് ഫീച്ചർ വിഭാഗത്തിലും പ്രദർശനത്തിനെത്തി. ഇത് ആദ്യമായാണ് ഒരു സംവിധായകന്റെ ചിത്രങ്ങൾ പനോരമയിൽ രണ്ടു വിഭാഗത്തിലും ഒരേ സമയം പ്രദർശിപ്പിക്കുന്നത്.

ബ്രാൻകോ ഷിമിഡ് സംവിധാനം ചെയ്ത ക്രൊയേഷ്യൻ ചിത്രം വൺസ് വി വേർ ഗുഡ് ഫോർ യു, ദിമിത്ര ഫെഡ്‌റോവിന്റെ റഷ്യൻ ചിത്രം മോസ്‌കോ ഡസ് നോട്ട് ഹാപ്പെൻ, റോമൻ വാസ്യനോവിന്റെ ദ ഡോം എന്നീ ചിത്രങ്ങൾ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ചു. 1991-1995 കാലഘട്ടത്തിലെ ക്രൊയേഷ്യൻ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ പങ്കെടുത്ത സെെനികരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് വൺസ് വി വേർ ഗുഡ് ഫോർ യു ഒരുക്കിയിരിക്കുന്നത്. ലിയോഖ, കാമുകി മാഷ എന്നിവരാണ് മോസ്‌കോ ഡസ് നോട്ട് ഹാപ്പെനിലെ കേന്ദ്രകഥാപാത്രങ്ങൾ. ലിയോഖ തന്റെ പിതാവിനെ കാണാൻ യാത്രയായുന്നിടത്താണ് ചിത്രത്തിന്റെ കഥാഗതി മാറുന്നത്. എന്നാൽ പിതാവ് ഏതാനും ദിവസങ്ങൾക്ക് മുൻപ് മരിച്ച വിവരം ലിയോഖ പിന്നീടാണ് അറിയുന്നത്. നിഗൂഢമായ ഏതാനും കുറിപ്പുകൾ ബാക്കി വച്ചാണ് പിതാവിന്റെ മരണം.  തൊട്ടുപിന്നാലെ ഒരു  പ്രാദേശിക മയക്കുമരുന്നു സംഘവും മോസ്കോയിൽ നിന്നുള്ള ഒരു നിഗൂഢ സന്ദർശകനും ഇവരെ പിന്തുടരുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ കാതൽ. 1984 കാലഘട്ടത്തിലെ സ്വെർഡ്ലോവ്സ്ക് നഗരത്തിന്റെ പശ്ചാത്തലത്തിലാണ് ഡോം കഥ പറയുന്നത്. ഒരു കൂട്ടം വിദ്യാർഥകളായ സുഹൃത്തുക്കൾ  ഒരു ഹോസ്റ്റലിൽ ഒരുമിച്ച് താമസിക്കുകയാണ്. അതിനിടെ കൂട്ടത്തിലൊരാൾ ആത്മഹത്യ ചെയ്യുന്നു. അയാളുടെ ആത്മഹത്യ മറ്റു സുഹൃത്തുക്കളുടെ ജീവിതത്തെ കീഴ്മേൽ മറിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

സത്യജിത്ത് റായ് പുരസ്‌കാരം നേടിയ ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്‌കോർസെസിന്റെ ദ വൂൾഫ് ഓഫ് വാൾ സ്ട്രീറ്റ്, ഇന്ത്യ 75 വിഭാഗത്തിൽ കെ വിശ്വനാഥിന്റെ സാഗരസംഗമം എന്നിവയും പ്രദർശിപ്പിച്ചു. മാസ്റ്റർ ക്ലാസ് വിഭാഗത്തിൽ സർദാർ ഉദ്ധം എന്ന ചിത്രത്തെക്കുറിച്ച് സംവിധായകൻ ഷൂജിത്ത് സിർകാർ, നിർമാതാവ്  റോണി ലാഹിരി എന്നിവർ ചർച്ച നയിച്ചു.

അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ഇന്ന് റോഡിഗ്രോ ഡെ ഒലീവേറിയയുടെ പോർച്ചുഗീസ് ചിത്രം ദ ഫസ്റ്റ് ഫാളൻ, ഷിരിൻ നെഷാത്, ഷോജ അസ്രി എന്നിവർ സംവിധാനം ചെയ്ത ലാൻഡ് ഓഫ് ഡ്രീംസ് എന്നിവ പ്രദർശനത്തിനെത്തും. മിഡ് ഫെസ്റ്റ് ചിത്രം ജെയിൻ കാമ്പ്യന്റെ ഇംഗ്ലീഷ് ചിത്രം പവർ ഓഫ് ദ ഡോഗും ഇന്ന് പ്രദർശനത്തിനെത്തും. കൂടാതെ ഹോമേജ് വിഭാഗത്തിൽ അന്തരിച്ച കന്നട നടൻ സഞ്ചാരി വിജയ് നായകനായ നാനു അവനല്ല, അവളു പ്രദർശിപ്പിക്കും.

Content Highlights: IFFI Goa, 52 Goa international film festival, IFFI 2021