പനാജി: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ(ഐ.എഫ്.എഫ്.ഐ) 52-ാം പതിപ്പിന് ഗോവയിൽ ശനിയാഴ്ച തുടക്കം.

വൈകീട്ട് ഏഴിന് ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിക്കും. ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, രൺവീർ സിങ്, ശ്രദ്ധ കപൂർ തുടങ്ങിയവർ വേദിയിലുണ്ടാകും. കരൺ ജോഹറും മനീഷ് പോളുമാണ് അവതാരകർ. റിതീഷ് ദേശ്‍മുഖ്, ജനീലിയ ദേശ്‍മുഖ്, മൗനി റോയ് തുടങ്ങിയവരുടെ സാന്നിധ്യവും പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. ദിലീപ് കുമാർ, ബുദ്ധദേബ് ദാസ് ഗുപ്ത, സുമിത്ര ഭാവെ എന്നിവർക്ക് ഐ.എഫ്.എഫ്.ഐ. പ്രണാമമർപ്പിക്കും. കാർലോസ് സോറ സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം ‘ദ കിങ് ഓഫ് ഓൾ ദ വേൾഡ്’ ആണ് ഉദ്ഘാടന ചിത്രം.

കോവിഡ് പശ്ചാത്തലത്തിൽ ഹൈബ്രിഡ് ഫോർമാറ്റിലാണ് മേള സംഘടിപ്പിക്കുന്നത്. അതായത് തിയേറ്ററിലും വെർച്വലായും പ്രദർശനം കാണാം. ഒരു വാക്സിനെങ്കിലും എടുത്തവർക്കാണ് മേളയിൽ പ്രവേശനം.

73 രാജ്യങ്ങളിൽനിന്ന് 148 ചിത്രങ്ങൾ അന്താരാഷ്ട്ര വിഭാഗത്തിൽ പ്രദർശനത്തിനെത്തും. സുവർണമയൂര പുരസ്കാരത്തിനുള്ള മത്സരവിഭാഗത്തിൽ 15 ചിത്രങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഇന്ത്യൻ പനോരമ വിഭാഗത്തിൽ 25 ചിത്രങ്ങൾ പ്രദർശിപ്പിക്കും. നെടുമുടി വേണു ഉൾപ്പെടെ അന്തരിച്ച ചലച്ചിത്ര പ്രമുഖർക്ക് മേളയിൽ ആദരമർപ്പിക്കും. ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളുടെ നേതൃത്വത്തിൽ ആദ്യമായി മാസ്റ്റർക്ലാസുകളും സിനിമാ പ്രദർശനവും പ്രിവ്യൂകളും സംഘടിപ്പിക്കുന്നുണ്ട്‌.

content Highlights : Iffi 2021 Kickstarts In Goa Today 52nd International Film Festival Of India