പനാജി: 52-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ അഞ്ചാം ദിനത്തിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ ജയരാജ് സംവിധാനം ചെയ്ത നിറയെ തത്തകളുള്ളമരം, രഞ്ജിത്ത് ശങ്കറിന്റെ സണ്ണി എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. അപരിചിതനായ ഒരു അന്ധനുമായി എട്ട് വയസ്സുള്ള കുട്ടി അയാളുടെ വീടന്വേഷിച്ച് നടത്തുന്ന യാത്രയാണ് നിറയെ തത്തകളുള്ളമരം എന്ന ചിത്രത്തിന്റെ പ്രമേയം. സ്നേഹം,  പ്രത്യാശ, നിരാശ, അവഗണന, കരുതൽ എന്നിങ്ങനെ മനുഷ്യന്റെ വിവിധ ഭാവങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ഈ ചിത്രം. . നിരാശയുടെ പടുകുഴിയിൽ നിന്ന് പ്രത്യാശയുടെ തീരത്തേക്ക് നടക്കുന്ന ഒരു സംഗീത‍ജ്ഞന്റെ യാത്രയാണ് സണ്ണിയുടെ പ്രമേയം.  കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.

മലയാളിയായ  ജിതിൻ രാജ് നിർമ്മിച്ച് പാതിമലയാളിയായ ശങ്കർ ശ്രീകുമാർ സംവിധാനം ചെയ്ത ആൽഫ ബീറ്റ ഗാമ എന്ന ഹിന്ദി ചിത്രവും ഇന്ത്യൻ പനോരമയിൽ പ്രദർശനത്തിനെത്തി. ലോക് ഡൗൺ കാലത്തെ രസകരമായ ത്രികോണ പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. കോവിഡ് ലോക്ഡൗണിൽ ഒരു സ്ത്രീയും അവളുടെ മുൻഭർത്താവും കാമുകനും ഒരു വീട്ടിൽ 14 ദിവസം ചെലവിടുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ റോഡിഗ്രോ ഡെ ഒലീവേറിയയുടെ പോർച്ചുഗീസ് ചിത്രം ദ ഫസ്റ്റ് ഫാളൻ, ഷിരിൻ നെഷാത്, ഷോജ അസ്രി എന്നിവർ സംവിധാനം ചെയ്ത ലാൻഡ് ഓഫ് ഡ്രീംസ് എന്നിവ പ്രദർശനത്തിനെത്തി. 1980-കളുടെ തുടക്കത്തിൽ എയ്ഡ്സ് പകർച്ചവ്യാധിയുടെ ആദ്യ തരംഗം ബ്രസീലിനെ ബാധിക്കുന്നതും അത് എൽജിബിടിക്യു വിഭാഗങ്ങളിലടക്കം ഉണ്ടാക്കുന്ന പ്രതിസന്ധിയാണ് ദ ഫസ്റ്റ് ഫാളന്റെ പ്രമേയം. ഒരു അമേരിക്കൻ രാഷ്ട്രീയ ആക്ഷേപ ചിത്രമാണ് ലാൻഡ് ഓഫ് ഡ്രീംസ്. അമേരിക്ക തന്റെ അതിർത്തികൾ പൂർണമായും കൊട്ടിയടക്കുന്ന സാഹചര്യത്തിൽ ഒരു സ്വതന്ത്ര അമേരിക്കക്കാരൻ എന്നതിന്റെ അർഥം കണ്ടെത്താൻ ഇറാനിയൻ അമേരിക്കൻ വനിതയായ സിമിൻ നടത്തുന്ന യാത്രയാണ് ചാൻഡ് ഓഫ് ഡ്രീംസിന്റെ പ്രമേയം.

മിഡ് ഫെസ്റ്റ് ചിത്രം ജെയിൻ കാമ്പ്യന്റെ ഇംഗ്ലീഷ് ചിത്രം പവർ ഓഫ് ദ ഡോഗും പ്രദർശിപ്പിച്ചു. ഹോമേജ് വിഭാഗത്തിൽ അന്തരിച്ച കന്നട നടൻ സഞ്ചാരി വിജയ് നായകനായ നാനു അവനല്ല, അവളുവാണ് പ്രദർശനത്തിനെത്തിയത്.

അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ഇന്ന് വാക്ലേവ് കഡ്‌റാൻക സംവിധാനം ചെയ്ത ചെക്ക്‌റിപബ്ലിക്കൻ ചിത്രം സേവിങ് വൺ ഹു വാസ് ഡെഡ്, സിമൺ ഫ്രാങ്കോ സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം ഷാർലറ്റ് എന്നിവ പ്രദർശിപ്പിക്കും. ഹോമേജ് വിഭാഗത്തിൽ അന്തരിച്ച മറാത്തി ചിത്രസംയോജകൻ വർമൻ ബ്ലോസ്ലയുടെ ഇൻകാർ, നടി സുമിത്ര ഭാവെയുടെ വാസ്തുപുരുഷ് എന്നിവ പ്രദർശനത്തിനെത്തും.

content highlights : IFFI 2021 Indian panorama Sunny Niraye Thathakalulla Maram Alpha Beta Gamma