പനാജി : മലയാള സിനിമകള്‍ ഉള്ളടക്കത്തില്‍ മുന്നിലാണെങ്കിലും മേക്കിങ്ങില്‍ കുറച്ചുകൂടി ശ്രദ്ധക്കണമെന്നാണ് ജൂറി അംഗങ്ങള്‍ അഭിപ്രായപ്പെട്ടതെന്നു ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള ഫീച്ചര്‍ സിനിമ വിഭാഗം ജൂറി ചെയര്‍മാന്‍ പ്രിയദര്‍ശന്‍.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട്, ടി.കെ. രാജീവ് കുമാറിന്റെ കോളാമ്പി, മനു അശോകിന്റെ ഉയരെ, അനുരാജ് മനോഹര്‍ ഒരുക്കിയ ഇഷ്‌ക് എന്നിവയാണ് അവസാന ഘട്ടത്തില്‍ എത്തിയ മലയാള ചിത്രങ്ങള്‍. ഇഷ്‌ക് ഒഴികെ മറ്റുള്ളവ ഇന്ത്യന്‍ പനോരമ വിഭാഗത്തിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്. 340 ചിത്രങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ പനോരമയിലേക്ക് 20 ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.

ജൂറി അംഗങ്ങള്‍ നാലു സംഘങ്ങളായാണ് 340 സിനിമകള്‍ കണ്ടത്. സിനിമകള്‍ കണ്ടു തീര്‍ക്കാന്‍ ഒരു മാസമെടുത്തു. ഓരോ സംഘവും ഇരുപത് ചിത്രങ്ങള്‍ വീതം തിരഞ്ഞെടുത്തു. അതില്‍ നിന്നാണ് അവസാനത്ത ഇരുപത് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. വ്യത്യസ്ത ഭാഷകളില്‍നിന്നുള്ള സിനിമാ പ്രവര്‍ത്തകരായിരുന്നു ജൂറിയിലെ അംഗങ്ങള്‍. 

മലയാള സിനിമകളെക്കുറിച്ച് എല്ലാവര്‍ക്കും നല്ല അഭിപ്രായമാണ്. എന്നാല്‍ ചില സിനിമകള്‍ പിറകില്‍ പോകാനുള്ള കാരണം ജൂറി അംഗങ്ങളോട് അന്വേഷിച്ചപ്പോള്‍, ഉള്ളടക്കത്തില്‍ മികച്ച പല മലയാള ചിത്രങ്ങളും മേക്കിങ്ങില്‍ പിറകില്‍ പോയെന്നായിരുന്നു അവരുടെ മറുപടി.- പ്രിയദര്‍ശന്‍ പറഞ്ഞു.

Content Highlights : Priyadarshan About Malayalam Movies In Indian Panorama IFFI Goa 2019