''ഒരു മകന്‍, അയാള്‍ സ്വന്തം അച്ഛനെ കൊല്ലാന്‍ തയ്യാറെടുക്കുന്നു അയാളുടെ മാനസികാവസ്ഥ വിവരിക്കാന്‍ താങ്കള്‍ എന്തു സംഗീതം ചിട്ടപ്പെടുത്തും''- സംവിധായകന്‍ ബാല്‍കിയുടേതായിരുന്നു ചോദ്യം. ഉത്തരം നല്‍കേണ്ടത് ഇളയരാജയും. രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രതിനിധികളുമായി സംവദിക്കാന്‍ വന്നതായിരുന്നു ഇസൈജ്ഞാനി. അതിനിടയിലാണ് പരിപാടിയുടെ അവതാരകനായ ബാല്‍കി ഇളയരാജയോട് ഈ രസിപ്പിക്കുന്ന ചോദ്യം ഉന്നയിച്ചത്.

ബാല്‍കിയുടെ ആവശ്യം കേട്ട ഇളയരാജ കുറച്ച് നേരത്തേക്ക് മൗനിയായിരുന്നു. അതിന് ശേഷം തന്റെ കയ്യിലുണ്ടായിരുന്ന ഒരു പുസ്തകമെടുത്ത് എന്തോ കുത്തിക്കുറിച്ചു. അതിന് ശേഷം ആ പുസ്തകം വാദ്യകലാകാരന്‍മാര്‍ക്ക് കൈമാറി. ആസ്വാദകര്‍ക്ക് മുന്നില്‍ സംഗീതമൊഴുകി.

ഒരു താരാട്ട് പോലെ തോന്നുന്ന ഒരു സംഗീതം. സംശയത്തോടെ ചിലര്‍ ചോദിച്ചു. 'അച്ഛനെ മകന്‍ കൊല്ലാന്‍ പോകുമ്പോള്‍ എന്തുകൊണ്ടാണ് സാര്‍ താരാട്ട്?' ഇളയരാജയുടെ മറുപടി ഇങ്ങനെയായിരുന്നു. 'അയാള്‍  കൊല്ലാന്‍ പോകുന്നത് സ്വന്തം അച്ഛനെയാണ്, അതുകൊണ്ടു തന്നെ'- ഹര്‍ഷാരവങ്ങളോടെയാണ് അദ്ദേഹത്തിന്റെ മറുപടി ജനങ്ങള്‍ സ്വീകരിച്ചത്.

രാജ്യാന്തര ചലച്ചിത്ര മേളയില്‍ വന്‍വരവേല്‍പ്പാണ് ഇളയരാജയ്ക്ക് ലഭിച്ചത്. നൂറ് കണക്കിന്  പ്രതിനിധികളാണ് അദ്ദേഹം നയിക്കുന്ന മാസ്റ്റര്‍ ക്ലാസില്‍ പങ്കെടുക്കാനെത്തിയത്. പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുന്‍പു തന്നെ കലാ അക്കാദിയ്ക്ക് മുന്നില്‍ പ്രതിനിധികള്‍ കാത്ത് നിന്നു. അവരില്‍ പലരും പ്രവേശനം കിട്ടാതെ മടങ്ങിപ്പോകുകയുമുണ്ടായി.

Content Highlights : ilayaraja at iffi 2019