കേരളം കണ്ട എറ്റവും വലിയ നിയമപോരാട്ടങ്ങളിലൊന്നായിരുന്നു പ്രഭാവതിയമ്മ എന്ന സ്ത്രിയുടേത്. തിരുവന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ മൂന്നാം മുറയ്ക്കു വിധേയനായി കൊല്ലപ്പെട്ട  ഉദയകുമാറിന്റെ അമ്മ. 2005 സെപ്തംബര്‍ 27ന് മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഇരുമ്പുപൈപ്പു കൊണ്ട് അടിച്ചും ഉരുട്ടിയുമാണ് കൊലപ്പെടുത്തിയത്. പിന്നീട് ഉദയകുമാര്‍ ഉരുട്ടിക്കൊലകേസ് എന്ന പേരില്‍ ഈ കേസ് കേരളത്തിലകെ കോളിളക്കം സൃഷ്ടിച്ചു. തന്റെ മകന് നീതി കിട്ടാന്‍ വേണ്ടി ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ നടത്തിയ പോരാട്ടത്തിന്റെ പേരില്‍. 13 വര്‍ഷം നീണ്ട നിയമ യുദ്ധമായിരുന്നു പ്രഭാവതിയമ്മയുടേത്.

പ്രഭാവതിയമ്മയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു സിനിമ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. മലയാളത്തിലല്ല, മറാത്തിയില്‍. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ് മാധ്യമങ്ങളിലൂടെ അറിഞ്ഞ സംവിധായകന്‍ ആനന്ദ് മഹാദേവനാണ് ഈ ചിത്രത്തിന്റെ സ്രാഷ്ടാവ്. മായി ഘാട്ട് ക്രൈം നമ്പര്‍. 103/2005എന്ന പേരില്‍. ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തില്‍ മായ് ഘട്ട് പ്രദര്‍ശനത്തിനെത്തുമ്പോള്‍ എല്ലാ അമ്മമമാര്‍ക്കുമുള്ള സമര്‍പ്പണമാണ് ഈ ചിത്രമെന്ന് അടിവരയിടുകയാണ് സംവിധായകന്‍.

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഉഷ ജാദവ് അവതരിപ്പിക്കുന്ന മായ് എന്ന അലക്കുകാരിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ഏക മകന്‍ നിതിനൊപ്പമാണ് അവര്‍ താമസിക്കുന്നത്. ഹൈന്ദവ വിശ്വാസ പ്രകാരമുള്ള പുതുവര്‍ഷത്തില്‍ പുത്തനുടുപ്പുകള്‍ വാങ്ങാന്‍ നിതിന് മായി 4200 രൂപ നല്‍കുന്നു. അമ്മ നല്‍കിയ പണം കീശയില്‍ മടക്കി വച്ച് നിതിന്‍ യാത്രയാവുകയാണ്.. മരണത്തിലേക്ക്. മകന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേയുള്ള മായിയുടെ പോരാട്ടത്തിലൂടെ പ്രഭാവതിയമ്മ നടന്ന വഴി എത്രമാത്രം ദുഷ്‌കരമായിരുന്നു എന്ന് വരച്ചു കാണിക്കുകയാണ് സംവിധായകന്‍.

കസ്റ്റഡി മരണങ്ങള്‍ ലോകത്ത് എവിടെയും നടക്കാവുന്നതാണ്. ലോകത്ത് എവിടെയാണെങ്കിലും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജനത അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഒന്നു തന്നെ. രണ്ടു തലങ്ങളിലായാണ് ആനന്ദ് മഹാദേവന്‍ ഈ വിഷയത്തെ സമീപിച്ചിരിക്കുന്നത്.

അമ്മയുടെ കാഴ്പ്പാടില്‍ നിന്നും ഈ നിയമയുദ്ധത്തെ ചിത്രീകരിച്ച അതേ അവസരത്തില്‍ തന്നെ, കസ്റ്റഡി മരണങ്ങളിലേക്കും സംവിധായകന്‍ വെളിച്ചം വീശുന്നു. ഈ സിനിമയ്ക്ക് പ്രചോദനമായ പ്രഭാവതിയമ്മയെ സിനിമയ്‌ക്കൊടുവില്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്താനും സംവിധായകന്‍ മറന്നില്ല. എന്റെ മകന് സംഭവിച്ചത്, മറ്റൊരു മക്കള്‍ക്കും സംഭവിക്കരുത്. തെറ്റു ചെയ്തവര്‍ക്ക് കൊലക്കയര്‍ വാങ്ങി കൊടുക്കുക മാത്രമായിരുന്നു എന്റെ ലക്ഷ്യമെന്ന് പ്രഭാവതിയമ്മ പറയുമ്പോള്‍ പ്രേക്ഷകരില്‍ ആ കാഴ്ച നൊമ്പരമുണര്‍ത്തി.  

Content Highlights : iffigoa2019 updates mai ghatt movie based on udayakumar case kerala prabhavathiyamma