കോളേജ് കാലഘട്ടത്തില്‍ പരിചയപ്പെട്ട ഒരു വ്യക്തിയാണ് തനിക്ക് കോളാമ്പി എന്ന സിനിമയ്ക്ക് പ്രചോദനമായി തീര്‍ന്നതെന്ന് സംവിധായകന്‍ ടി.കെ രാജീവ് കുമാര്‍. രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമയില്‍  കോളാമ്പി പ്രദര്‍ശിപ്പിച്ചതിന് ശേഷം മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോളേജില്‍ പഠിക്കുന്ന സമയത്ത് കലാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അന്ന് ഞങ്ങള്‍ക്ക് എല്ലാ സൗകര്യവും ചെയ്ത് തന്നിരുന്നത് അജന്ത സൗണ്ടിസിലെ അണ്ണാച്ചിയായിരുന്നു. ഞങ്ങള്‍ കോളേജ് കുട്ടികളുടെ കയ്യില്‍ പണമൊന്നുമുണ്ടാകില്ല. പ്രതിഫലം കണക്കു പറഞ്ഞു വാങ്ങാതെ ഞങ്ങള്‍ക്ക് എല്ലാ സൗകര്യവും ചെയ്തു തന്നിരുന്നത് അണ്ണാച്ചിയായിരുന്നു. അണ്ണാച്ചിക്ക് കോളാമ്പി ഒരു ഉപകരണം മാത്രമായിരുന്നില്ല. അദ്ദേഹത്തിന്റെ കോളാമ്പിയിലൂടെ പുറത്ത് വരുന്ന ശബ്ദങ്ങളോട് അദ്ദേഹത്തിന് ബഹുമാനം ഉണ്ടായിരുന്നു. ഉദാഹരണത്തിന് യേശുദാസ് പാടാന്‍ വരുന്നുവെങ്കില്‍ അദ്ദേഹം പുതിയ മൈക്ക് വാങ്ങിക്കും. പരിപാടിയ്ക്ക് ശേഷം അത് സൂക്ഷിച്ചു വയ്ക്കുകയും ചെയ്യും. കേരളത്തിലുടനീളം അദ്ദേഹം കോളാമ്പിയും മൈക്കുമായി സഞ്ചരിച്ചു. അതുകൊണ്ടു തന്നെ നമ്മുടെ നാടിന്റെ ചരിത്രവുമായി അദ്ദേഹത്തിനും കോളാമ്പിയ്ക്കും വലിയ ഒരു ബന്ധമുണ്ട്.

2005 ല്‍ സര്‍ക്കാര്‍ കോളാമ്പി സ്പീക്കർ നിരോധിച്ചു. അത് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റി മറച്ചു. കാരണം പണം ഉണ്ടാക്കാനല്ല അദ്ദേഹം കോളാമ്പി വാടകയ്ക്ക് കൊടുത്തിരുന്നത്. വൈകാരികമായ എന്തോ ഒരു വല്ലാത്ത അടുപ്പം അദ്ദേഹത്തിന് കോളാമ്പികളോട് ഉണ്ടായിരുന്നു. നിരോധിച്ച കോളാമ്പികള്‍ അദ്ദേഹം വീട്ടിലേക്ക് കൊണ്ടുപോയി. ഈ സംഭവമാണ് എനിക്ക് പ്രചേദനമായിത്തീര്‍ന്നത്

കഥാപാത്രങ്ങള്‍

അരുന്ധതിയുടെ കഥാപാത്രം നിത്യാ മേനോന്‍ ചെയ്യണമെന്ന് തന്നെയായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. അവര്‍ ചെയ്താല്‍ മാത്രമെ അതിന് നിലനില്‍പ്പുണ്ടാകുകയുള്ളൂ. ശക്തായി അവതരിപ്പിക്കാന്‍ കഴിയുകയും ചെയ്യും. ജവഹര്‍ സൗണ്ട്‌സ് ഉടമയുടെ വേഷം ചെയ്യാന്‍ മികച്ച ഒരു അഭിനേതാവിനെ വേണമായിരുന്നു. രണ്‍ജിയുമായി വളരെക്കാലത്തെ പരിചയമുണ്ട്. ഈ വേഷം അദ്ദേഹത്തിന് ചെയ്യാനാകുമെന്ന് ഉറപ്പുണ്ടായിരുന്നു. മാത്രമല്ല കഥയിലെ സാമൂഹ്യ സാഹചര്യങ്ങളെ കുറിച്ച് വ്യക്തമായ അറിവും ബോദ്ധ്യവും രണ്‍ജിക്കുണ്ട്.

ഈ കഥാപാത്രത്തിന്റെ മേക്കപ്പിന്റെ സ്‌കെച്ച് പല തവണ വരച്ചു നോക്കി. മുംബൈയിലെ പ്രശസ്തനായ മേക്ക്പ്പ് ആര്‍ട്ടിസ്റ്റാണ് കഥാപാത്രത്തെ സ്‌കെച്ച് ചെയ്തത്. മേക്കപ്പ് കൂടി ചേര്‍ന്നപ്പോള്‍ രഞ്ജി പൂര്‍ണമായും കഥാപാത്രമായി. രഞ്ജി പണിക്കര്‍ കഥാപാത്രമായി അഭിനയിക്കുകയല്ല, പെരുമാറുകയാണ് ചെയ്യുന്നത്. ബിഹേവ് ചെയ്യുന്നുവെന്നാണ് സാധാരണ പറയുന്നത്. അങ്ങനെ കഥാപാത്രമായി പൂര്‍ണമായും മാറി. ഇത്രയും പ്രായമുള്ള അവശതയുള്ള ഒരു കഥാപാത്രത്തെ വളരെ നിഷ്പ്രയാസം യാഥാര്‍ത്ഥ്യമാക്കാന്‍ മികച്ച അഭിനേതാവിന് മാത്രമേ കഴിയുകയുള്ളൂ. സിനിമ കണ്ടവരുടെ അഭിപ്രായം കേള്‍ക്കുമ്പോള്‍ രഞ്ജി പണിക്കരിലേയ്ക്ക് എത്തിയ തീരുമാനം ശരിയാണെന്ന് ബോധ്യമായി. അതുപോലെ രോഹിണി, ജി സുരേഷ് കുമാര്‍, ബൈജു സന്തോഷ്, പി ബാലചന്ദ്രന്‍, അരിസ്റ്റോ സുരേഷ് തുടങ്ങി എല്ലാവരും അവരവരുടെ വേഷങ്ങള്‍ മികച്ചതാക്കി.

Content Highlights : IFFI Goa 2019 TK Rajeevkumar Interview