പനജി: മൊബൈല്‍ സ്‌ക്രീനില്‍ തെളിഞ്ഞ സന്ദേശം കണ്ട് ദയാല്‍ പദ്മനാഭന്റെ കണ്ണുകള്‍ നിറഞ്ഞു. ഒരു പെണ്‍കുട്ടിയുടെ സന്ദേശമായിരുന്നു അത്. ഭര്‍തൃസഹോദരനില്‍ നിന്ന് വർഷങ്ങളോളം അനുഭവിക്കേണ്ടിവന്ന ലൈംഗിക പീഡനത്തിന്റെ കഥകളായിരുന്നു കണ്ണീരിന്റെ നനവുപടര്‍ന്ന അവളുടെ അക്ഷരങ്ങളില്‍ ഉണ്ടായിരുന്നത്. ദയാല്‍ പദ്മനാഭന്റെ രംഗനായകിയെന്ന കന്നഡ ചിത്രയിലെ  നായികയെ പോലെ അവരും ബലാത്സംഗം ചെയ്യപ്പെട്ടവളാണ്.

വര്‍ഷങ്ങളായി ഭര്‍തൃസഹോദരന്റെ ക്രൂരമായ പീഡനം അനുഭവിച്ചുകൊണ്ടിരിക്കുന്നവളാണ്. ഇതിനെതിരേ പരാതിപ്പെടാനുള്ള ധൈര്യമുണ്ടായിരുന്നില്ല. ഒടുവില്‍ രംഗനായകി കണ്ടതോടെയാണ് ഉള്ളുണര്‍ന്നത്. അനുഭവിച്ച ക്രൂരതയ്‌ക്കെതിരേ പ്രതികരിക്കണമെന്ന ചിന്തയുണ്ടായത്. രംഗനായകിയുടെ സംവിധായകന് അവള്‍ അയച്ച സന്ദേശത്തിന്റെ രത്‌നച്ചുരുക്കം ഇത്രയുമാണ്. ദയാല്‍ പദ്മനാഭന്‍ തന്നെയാണ് തനിക്ക് ലഭിച്ച സന്ദേശവും അതയച്ച പെണ്‍കുട്ടിയുടെ കഥയും മാതൃഭൂമിയുമായി പങ്കുവച്ചത്. ദയാല്‍ പദ്മനാഭന്‍ കാണുമെന്ന് ഉറപ്പില്ലെന്നു പറഞ്ഞ് പെണ്‍കുട്ടി അയച്ച ഈ സന്ദേശം ശ്രദ്ധയില്‍പ്പെട്ട സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉടൻ പോലീസിനെ സമീപിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. പെണ്‍കുട്ടിക്കുവേണ്ട നിയമ സഹായമെല്ലാം നല്‍കുന്നതും അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ്.

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥ പറഞ്ഞ രംഗനായകി ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ കൈയടികളോടെയാണ് സ്വീകരിക്കപ്പെട്ടത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തിലാണ് ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്. അതിഥി പ്രഭുദേവ, എം.ജി. ശ്രീനിവാസ്, ലാസ്യ നട്രാജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിരിക്കുന്നത്. സിനിമ കണ്ട ശേഷം ബലാത്സംഗത്തിനിരയായ ഒരാള്‍ പ്രതികള്‍ക്കെതിരേ പോരാട്ടം നടത്താന്‍ ഒരുങ്ങുന്നുവെന്ന വിവരം  അറിയിച്ചപ്പോഴാണ് യഥാര്‍ത്ഥത്തില്‍ ചാരിതാര്‍ത്ഥ്യമുണ്ടായതെന്ന് ദയാല്‍ പത്മനാഭന്‍ പറഞ്ഞു.

നിര്‍ഭയ സംഭവത്തിന് ശേഷം അതിനെ പ്രമേയമാക്കി വാണിജ്യ സിനിമകള്‍ വന്നിരുന്നു. അതില്‍ നായികയോ നായികയുടെ കാമുകനോ മറ്റോ വില്ലന്മാരെ വേട്ടയാടുന്നതായിരുന്നു ഇതിവൃത്തം. ഒരുപക്ഷെ നിര്‍ഭയ ജീവിച്ചിരുന്നുവെങ്കില്‍ സമൂഹം അവളോട് എങ്ങനെ പ്രതികരിക്കുമെന്ന അന്വേഷണമാണ് രംഗനായകി- ദയാല്‍ പ്ദമനാഭന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights : IFFI Goa 2019 Ranganayaki Movie Directed By Dayal Padmanabhan