ഭാഷ ഏതായാലും തിരക്കഥ നല്ലതാണെങ്കിൽ താൻ മറ്റൊന്നും പരിഗണിക്കാറില്ലെന്ന് നടി നിത്യ മേനോൻ. രാജ്യാന്തര ചലച്ചിത്ര നേളയിൽ‌ ടി.കെ  രാജീവ് കുമാർ സംവിധാനം ചെയ്ത  കോളാമ്പിയുടെ പ്രദർശനത്തിന് ശേഷം മാതൃഭൂമി ഡോട്ട്കോമിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നിത്യ.

മലയാള സിനിമയിൽ ഒരു ചെറിയ ഇടവേളയെടുത്തിരുന്നു. അത് മനപൂർവ്വമായിരുന്നില്ല. അതിനിടെ മറ്റു ഭാഷകളിൽ നല്ല പ്രൊജക്ടുകൾ വന്നു. ബോളിവുഡിൽ മിഷൻ മംഗൽ എന്ന ഒരു വലിയ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞു. ഞാൻ എപ്പോഴും  കാത്തിരിക്കുന്നത് നല്ല തിരക്കഥയാണ്. മറ്റൊന്നും പരിഗണിക്കാറില്ല. വെറുതെ സിനിമ ചെയ്യണം എന്ന് കരുതി അഭിനയിക്കാൻ എനിക്കാകില്ല. എനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടായിരിക്കണം.  മലയാളത്തിൽ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രാണയും കോളാമ്പിയും ഞാൻ ചെയ്യുന്നത്. അഭിനയ സാധ്യതയുള്ള കഥാപാത്രമാണ് ഈ രണ്ടു സിനിമകളും എനിക്ക് നൽകിയത്.

ഞാൻ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംവിധായകനാണ് ടി.കെ രാജീവ് കുമാർ സാർ. അദ്ദേഹത്തിന്റെ തത്സമയം ഒരു പെൺകുട്ടി എന്ന സിനിമയിൽ ഞാനായിരുന്നു നായിക. വെറുതെ ഒരു സിനിമ ചെയ്യുന്ന സംവിധായകനല്ല അദ്ദേഹം. അദ്ദേഹത്തിന്റെ എല്ലാ സിനിമയ്ക്കും  എന്തെങ്കിലും പ്രത്യേകതയുണ്ടാകും.  കോളാമ്പിയുടെ കഥ കേട്ടപ്പോൾ എനിക്ക് വളരെ താൽപര്യം തോന്നി. എന്തായാലും ഞാൻ തന്നെ ചെയ്യാമെന്ന് പറഞ്ഞു. കോളാമ്പിയുടെ ഭാഗമാകാൻ സാധിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു.

അഭിമുഖത്തിന്റെ പൂർണരൂപം കാണാം

Content highlights : IFFI Goa 2019 Nithya Menen Interview On Kolambi Movie