പ്രണയം നിരുപാധികമാണ്, ആ വികാരം പൂര്‍ണതയിലേക്കെത്തുന്നത് പ്രതിസന്ധികളില്‍ കൈവിടാതെ പരസ്പരം ചേര്‍ത്ത് നീര്‍ത്തുമ്പോഴാണ്. മലയാളിയായ  ലക്ഷ്മി രാമകൃഷ്ണന്‍ സംവിധാനം ചെയ്ത ഹൗസ് ഓണര്‍ എന്ന സിനിമ സംസാരിക്കുന്നത് വിഷയവും ഇതു തന്നെ. ചെന്നൈ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ കൗമാരത്തിലെ പ്രണയം, വാര്‍ധക്യത്തിലെ കരുതല്‍ എന്നിവയുടെ മനോഹരവും തീവ്രവുമായ ദൃശ്യാവിഷ്‌കാരമാണ് ഹൗസ് ഓണര്‍.

ലോഹിതദാസ് സംവിധാനം ചെയ്ത ചക്കരമുത്ത് എന്ന സിനിമയില്‍ കാവ്യ മാധവന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മയായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് ലക്ഷ്മി രാമകൃഷ്ണന്‍. അവിചാരിതമായി സിനിമയിലെത്തിയ ലക്ഷ്മി 13 കൊല്ലങ്ങള്‍ പിന്നിടുമ്പോള്‍ നാല് സിനിമകള്‍ സംവിധാനം ചെയ്തു. ഏറെ അവിശ്വസനീയമാണ് തന്റെ യാത്രയെന്ന് ലക്ഷ്മി പറയുന്നു

'ഞാനൊരു യാഥാസ്ഥിതിക കുടുംബത്തിലെ അംഗമാണ്. അധികം സിനിമകള്‍ പോലും അധികം കണ്ടിട്ടില്ലായിരുന്നു. സിനിമയില്‍ ഒരു കണക്ഷനോ ബാക്ക്ഗ്രൗണ്ടോ ഒന്നുമില്ല. അങ്ങനെയിരിക്കെയാണ് ലോഹിതദാസ് സാറിന്റെ ടീം ഷൂട്ടിങ്ങിനായി അനുവാദം ചോദിച്ച് പാലക്കാടുള്ള എന്റെ വീട്ടിലേക്ക് വരുന്നത്. ചക്കരമുത്ത് എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു അത്. ലോഹിതദാസ് സാറിനെ കണ്ടത് ജീവിതത്തില്‍ വഴിത്തിരിവായി. അങ്ങനെ സിനിമയിലെ നായികയുടെ അമ്മയായി ഞാന്‍ വേഷമിട്ടു. പിന്നീട് ഒരുപാട് സിനിമകള്‍ എന്നെ തേടിയെത്തി.

ഇതിനകത്ത് വന്നപ്പോഴാണ് ഞാന്‍ മനസ്സിലാക്കുന്നത്, സിനിമ ചെയ്യാനുള്ള പാഷന്‍ എന്റെ ഉള്ളിലുണ്ട്. പിന്നീട് സിനിമ എനിക്ക് ഒരു ഹരമായി. അങ്ങനെ സംവിധാന രംഗത്തെത്തി. നാല് സിനിമകള്‍ സംവിധാനം ചെയ്തു. ഇതൊന്നും ഞാന്‍ പ്ലാന്‍ ചെയ്ത കാര്യങ്ങളല്ല. രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഞാന്‍ സംവിധാനം ചെയ്ത ചിത്രം പ്രദര്‍ശിപ്പിക്കുമെന്നൊന്നും ഒരിക്കലും കരുതിയില്ല.

സിനിമയെക്കുറിച്ച്  ആധികാരികമായി പഠിച്ച ഒരാളല്ല ഞാന്‍. ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ പറയുന്നില്ലേ, പ്രായം ഒന്നിനും തടസ്സമല്ല. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കൊച്ചു കുട്ടികളെപ്പോലെ നിങ്ങള്‍ക്ക് കൗതുകമുണ്ടെങ്കില്‍ അതുമാത്രം മതി ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍.

യഥാര്‍ഥ പ്രണയം എന്താണെന്ന  തിരിച്ചറിവ്  നമുക്ക് ലഭിക്കുന്നത് പ്രതിസന്ധികള്‍ നേരിടേണ്ടി വരുമ്പോള്‍ മാത്രമാണ്. ഈ സബ്ജക്ട് എനിക്കൊരു ഫാസിനേഷന്‍ ആയിരുന്നു. ചെന്നൈയിലെ വെള്ളപ്പൊക്കം എന്റെ മനസ്സിലുള്ള വിഷയത്തിന് മികച്ച പശ്ചാത്തലമൊരുക്കുമെന്ന് തോന്നി.  പ്രശ്‌നങ്ങള്‍ ഒരുമിച്ച് നേരിടുമ്പോഴാണ് മനുഷ്യത്വം പുറത്ത് വരുന്നത്. നമ്മുടെ കേരളത്തിലെ പ്രളയത്തിലും ജനങ്ങള്‍ ജാതിമതഭേദമില്ലാതെ  ഒന്നിച്ചത് കണ്ടതല്ലേ.

അഭിമുഖത്തിന്റെ പൂര്‍ണ രൂപം കാണാം

Content Highlights : IFFI Goa 2019 Lakshmi Ramakrishnan Interview House Owner Movie