രാജ്യാന്തര ചലച്ചിത്രമേളയില്‍ സംഗീത പ്രേമികളെ കീഴടക്കി ഇളയരാജ. നൂറുകണക്കിന് സംഗീത പ്രേമികളാണ് ഇളയരാജയെ ഒരുനോക്കു കാണാനും അദ്ദേഹം നയിക്കുന്ന മാസ്റ്റര്‍ ക്ലാസില്‍ പങ്കെടുക്കാനും വേദിയായ കലാ അക്കാദമയില്‍ എത്തിയത്. പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പുതന്നെ കലാ അക്കാദിയ്ക്ക് മുന്നില്‍ പ്രതിനിധികള്‍ കാത്തുനിന്നു. അതില്‍ പലരും പ്രവേശനം കിട്ടാതെ നിരാശരായി മടങ്ങിപ്പോയി. സംവിധായകന്‍ ബാല്‍കിയായിരുന്നു പരിപാടിയുടെ മോഡറേറ്റര്‍.

'എങ്കൈ ഇരുന്തായ് ഇസയെ' എന്ന ഗാനം ആലപിച്ചാണ് അദ്ദേഹം മാസ്റ്റര്‍ ക്ലാസിന് തുടക്കമിട്ടത്. ബാല്‍കിയുടെ ആവശ്യപ്രകാരം ഇളയരാജ ആരാധകര്‍ക്ക് വേണ്ടി ലൈവായി സംഗീതം ചിട്ടപ്പെടുത്തി. 'തെണ്ട്രല്‍ വന്ത് തീണ്ടും പോത്', 'കണ്ണൈ കലൈമാനെ' തുടങ്ങിയ ഗാനങ്ങളും അദ്ദേഹം ആലപിച്ചു.

സംഗീതം എവിടെനിന്നാണ് വരുന്നത് എന്ന ചോദ്യം പലപ്പോഴും നേരിടേണ്ടി വരാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിലും സമാനമായ ചോദ്യം ചിലര്‍ ഉന്നയിച്ചു. 'എനിക്ക് സംഗീതമറിയില്ല, എന്നാല്‍ സംഗീതത്തിന് എന്നെ അറിയാം' എന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി. വന്‍ കയ്യടികളോടെയാണ് ഇത് സ്വീകരിക്കപ്പെട്ടത്.

സംഗീതം വിദ്യാലയങ്ങളില്‍ പഠനത്തിന്റെ ഭാഗമാക്കിയാല്‍ അക്രമങ്ങള്‍ കുറയുമെന്നും ഇളയരാജ പറഞ്ഞു. 'ഇക്കാര്യം ഞാന്‍ നേരത്തേയും പറഞ്ഞിട്ടുണ്ട്. സംഗീതം പഠിച്ചാല്‍ അക്രമങ്ങള്‍ കുറയും. സംഗീതത്തിന് ഏത് മുറിവും ഉണക്കാന്‍ സാധിക്കും. ഏത് കലാപങ്ങളെയും നിയന്ത്രിക്കാന്‍ കഴിയും', ഇളയരാജ കൂട്ടിച്ചേര്‍ത്തു.

രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് സമാപിക്കും. ശ്യാമപ്രദാസ് മുഖര്‍ജി സ്റ്റേഡിയത്തില്‍ വൈകുന്നേരം സമാപന സമ്മേളനത്തിന് തുടക്കമാകും. മികച്ച സിനിമ, മികച്ച സംവിധായകന്‍, നടി, നടന്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായി സുവര്‍ണ, രജതമയൂര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. മലയാളത്തില്‍ നിന്ന് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ടാണ് മത്സരത്തിനുള്ളത്. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കര്‍, വാര്‍ത്താ വിതരണ പ്രക്ഷേപണ സെക്രട്ടറി അമിത് ഖരെ എന്നിവര്‍ക്ക് പുറമെ സിനിമാപ്രവര്‍ത്തകരായ രോഹിത് ഷെട്ടി, മധൂര്‍ ഭണ്ഡാത്കര്‍, ആനന്ദ് എല്‍ റായ്, അക്ഷയ് ഖന്ന, നിത്യ മേനോന്‍, രാകുല്‍ പ്രീത് സിംഗ്, രശ്മിക മന്ദാന തുടങ്ങിയവര്‍  സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.

ഇന്ത്യന്‍ സാംസ്‌കാരിക കലാ മേഖലയ്ക്ക് നല്‍കിയ സംഭാനവകളെ മാനിച്ച് സംഗീത സംവിധായകന്‍ ഇളയരാജ, നടന്‍മാരായ അരവിന്ദ് സ്വാമി, പ്രേം ചോപ്ര, കഥക് നര്‍ത്തകന്‍ പണ്ഡിറ്റ് ബിര്‍ജു മഹാരാജ്, ആസാമി സംവിധാകന്‍ മഞ്ജു ബോറ തുടങ്ങിയവരെ ആദരിക്കും.

'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' എന്ന ആശയത്തിലാണ് സമാന സമ്മേളനം പ്രതിനിധികള്‍ക്ക് മുന്നിലെത്തുന്നത്. ഇതോടുബന്ധിച്ച് സംഗീത-നൃത്ത പരിപാടികള്‍ അരങ്ങേറും- ചലച്ചിത്ര മേളയുടെ ഡയക്ടര്‍ ചൈതന്യ പ്രസാദ് പറഞ്ഞു. ഗായകന്‍ ഹരിഹരന്റെ നേതൃത്വത്തിലുള്ള സംഗീത സദസ്സും അരങ്ങേറും.  മൊഹ്സിന്‍ മക്മല്‍ബഫ് ഒരുക്കിയ 'മാര്‍ഗി ആന്‍ഡ് ഹെര്‍ മദറാ'ണ് സമാപന ചിത്രം.

Content Highlightsiffi 2019 ilayaraja baalki