സ്നേഹവും കരുതലും ആത്മബന്ധവുമാണ് മംഗോളിയല്‍  ദി സ്റ്റീഡിന്റെ പ്രമേയം. അന്താരാഷ്ട്ര തലത്തില്‍ മംഗോളയന്‍ ചിത്രങ്ങള്‍ അധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍  സംവിധായകന്‍ എര്‍ഡെനെബിലിഗ് ഗാന്‍ബോള്‍ഡിനെ പോലുള്ളവര്‍ മംഗോളിയന്‍ സിനിമയിലെ നവതരംഗത്തിന് നേതൃത്വം നല്‍കുന്നത് ശുഭസൂചകമാണ്.

കുതിരയ്ക്ക് മനുഷ്യനോളം തന്നെ  പ്രാധാന്യം കല്‍പ്പിക്കുന്ന ഒരു  ജനത. അവിടെ നിന്നാണ്  കുതിരെയും അവനെ സ്‌നേഹിക്കുന്ന കുട്ടിയുടെയും കഥയായ ദി സ്റ്റീഡ് ദേശീയ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് എത്തിയത്. വിപ്ലവാനന്തര റഷ്യയിലാണ് ദി സ്റ്റീഡിന്റെ കഥ നടക്കുന്നത്. നായകനായ എട്ട് വയസ്സുകാരനും അവന്റെ ആത്മമിത്രവുമായ റസ്റ്റിയെന്ന കുതിരയുമാണ് സിനിമയെ നയിക്കുന്നത്. അന്താരാഷ്ട്ര മത്സരവിഭാഗത്തിലാണ്  ദി സ്റ്റീഡ് പ്രദര്‍ശനത്തിനെത്തിയത്.

അമ്മയുടെ അസുഖത്തിന് മരുന്ന് തേടി മലകള്‍ കയറുന്ന ചുള്ളുനിലൂടെയാണ് സിനിമ തുടങ്ങുന്നത്. സാഹയത്തിന് റസ്റ്റിയും അവനോടൊപ്പമുണ്ട്. അപകടകരമായ മലയിടുക്കില്‍ തൂങ്ങിക്കിടന്ന് മരുന്ന് സംഘടിപ്പിച്ച് അവന്‍ അമ്മയുടെ അരികിലേക്ക് ഓടിയെത്തുന്നു. എന്നാല്‍ വിധി അവന് വേണ്ടി കാത്തുവച്ചത് കൈപ്പേറിയ അനുഭവങ്ങളാണ്. അമ്മയുടെ വിയോഗത്തിന് ശേഷം തട്ടിപ്പുകാരനായ ഒരു ദുര്‍മന്ത്രവാദി ചുള്ളുനില്‍ നിന്ന് അവന്റെ ഏക സമ്പാദ്യമായ കുതിരയെ തട്ടിയെടുക്കുന്നു. റസ്റ്റിയെ തിരിച്ചുപിടിക്കാനുള്ള ചുള്ളുന്റെ പോരാട്ടവും തന്റെ പ്രിയപ്പെട്ട ഉടമസ്ഥനില്‍ ചെന്നെത്താന്‍ റസ്റ്റി നടത്തുന്ന സാഹസികയാത്രയുമാണ് ചിത്രത്തിന്റെ കാതല്‍.

ചരിത്രാതീത കാലം മുതല്‍ കുതിരയുമായി മംഗോളിയക്കാര്‍ക്ക് പുലര്‍ത്തുന്ന ബന്ധത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ പ്രമേയം ഒരുക്കിയിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തില്‍ മംഗോളിയ നല്‍കിയ കുതിരകളുടെ സഹായത്തോടെ റഷ്യ പോരാട്ടത്തിറങ്ങിയിരുന്നു. പീരങ്കി വലിക്കുന്ന മംഗോളിയന്‍ കുതിരകളുടെ പ്രതിമകള്‍ മോസ്‌ക്കോയില്‍ സ്ഥാപിക്കാന്‍ റഷ്യയെ പേരിപ്പിച്ചത് ഈ ഊഷ്മള ബന്ധമായിരുന്നു.

വികാരതീവ്രമായ രംഗങ്ങളാണ് ദ സ്റ്റീഡിനെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നത്. മനോഹരമായ ദൃശ്യങ്ങളും വശ്യമായ ആഖ്യാനശൈലിയും കഥാപാത്രങ്ങള്‍ തമ്മിലുള്ള ആത്മബന്ധവും സ്വാഭാവിക അഭിനയവും അതിനോടൊപ്പം ചേര്‍ന്നപ്പോള്‍ ഈ ചിത്രം പ്രേക്ഷകരെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്കെത്തിച്ചു. അതുകൊണ്ടു തന്നെ ദ സ്റ്റീഡ് കണ്ടുകൊണ്ടിരിക്കുന്ന അവസരത്തില്‍ സിനിമയില്‍ നിന്നും മാറി സഞ്ചരിക്കാന്‍ ഒരിക്കല്‍ പോലും പ്രേക്ഷകന് കഴിയുകയുമില്ല.

Content Highlights : iffi goa 2019 updates the steed movie review