രു സംഭവം, എന്നാല്‍ അതിനെ നോക്കി കാണുന്നത് മൂന്ന് കാഴ്ചപ്പാടിലൂടെ. എസ്‌തോണിയന്‍ സംവിധായകന്‍ മാര്‍ട്ടി ഹെല്‍ഡെയുടെ സ്‌കാന്‍ഡനേവിയന്‍ സൈലന്‍സ് എന്ന ചിത്രം വേറിട്ട ഒരു പരീക്ഷണമാണ്.  ഈ ചിത്രത്തിന്  മൂന്ന് ഭാഗങ്ങളുള്ളത്. ആദ്യ രണ്ട് ഭാഗങ്ങളിലും രണ്ട് കഥാപാത്രങ്ങളാണ് കഥയിലേക്ക് നയിക്കുന്നത്. മൂന്നാം ഭാഗത്ത് വ്യക്തികളല്ല കഥ പറയുന്നത്, ദൃശ്യങ്ങളാണ്. വേണമെങ്കില്‍ പ്രേക്ഷകന്റെ കണ്ണിലൂടെ എന്ന് പറയാം. എല്ലാം പറയുന്നത് ഒരേ കഥ തന്നെ.

സൈനികനായ ടോമും സഹോദരി ജെന്നയുമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.  ടോമും ജെന്നയും ഒരുമിച്ച് മഞ്ഞുകാലത്ത് ഒരു വനത്തിലൂടെ യാത്ര ചെയ്യുകയാണ്. യാത്രയ്ക്കിടെ ഇരുവരും മനസ്സു തുറന്ന് സംസാരിക്കുന്നു. ബാല്യകാലത്ത് പിതാവില്‍ നിന്നും ജെന്നയ്ക്ക് ഏല്‍ക്കേണ്ടി വന്ന പീഡനങ്ങള്‍ കണ്ടിരുന്നുവെങ്കിലും അതില്‍ നിന്നും അവളെ രക്ഷിക്കാന്‍ കഴിയാത്തതിലെ വിഷമം ടോം തുറന്നു പറയുന്നു. ഈ സമയം കേള്‍വിക്കാരി മാത്രമാണ് ജെന്ന. ചിത്രത്തിന്റെ ആദ്യഭാഗം പുരോഗമിക്കുന്നതിങ്ങനെയാണ്.

രണ്ടാം ഭാഗത്തില്‍ ജെന്നയാണ് സംസാരിക്കുന്നത്. ടോം കേള്‍വിക്കാരനാകുന്നു. ബാല്യത്തില്‍ നേരിടേണ്ടി വന്ന അനുഭവങ്ങളുടെയും പീഡനങ്ങളുടെയും മറ്റൊരു വശമാണ് ജെന്ന പറയുന്നത്. ടോമിന് അതെല്ലാം പുതിയ അറിവായിരുന്നു. ടോം കണ്ടതും അറിഞ്ഞതുമല്ല ജെന്നയുടെ ജീവിതം. അവളുടെ തുറന്ന് പറച്ചിലുകള്‍ ടോമിന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്നുണ്ട്. ഇതവസാനിക്കുന്നത് വഴിയരികില്‍ വൃദ്ധ ദമ്പതികളെ ഇവര്‍ കണ്ടു മുട്ടുമ്പോഴാണ്.

ഭക്ഷണത്തിനും മറ്റു ആവശ്യങ്ങള്‍ക്കുമായി ജെന്നയും ടോമും വൃദ്ധ ദമ്പതികളുമായി അടുക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ വൃദ്ധ ദമ്പതികള്‍ ടോമും ജെന്നയുമായി ഇടപെടുന്നത് ഏറെ ദുരൂഹമായാണ്. പിന്നീടൊരിക്കലും ഈ കഥാപാത്രങ്ങളിലേയ്ക്ക് സംവിധായകന്‍ മടങ്ങിപോകുന്നില്ല. എന്നാല്‍ കഥയില്‍ അദൃശ്യമായി ഇവര്‍ പ്രേക്ഷകരെ പിന്തുടരുന്നു. മൂന്നാം ഭാഗത്തില്‍ കഥാപാത്രങ്ങള്‍ക്കല്ല ദൃശ്യങ്ങള്‍ക്കാണ് പ്രാധാന്യം. ഇവിടെ ടോമും ജെന്നയും നിശബ്ദ സാന്നിദ്ധ്യങ്ങളാണ്.

ഏറെ പരാജയ സാധ്യതയുള്ള ഒരു പരീക്ഷണമാണ് സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നത്. കാരണം പ്രേക്ഷകരില്‍ ആവര്‍ത്തന വിരസത തോന്നിയാല്‍ ഈ സിനിമയ്ക്ക് അര്‍ഥമില്ലാതാകും. എന്നാല്‍ അതിനെ മറികടക്കാന്‍ സംവിധായകന്‍ സ്വീകരിച്ചിരിക്കുന്ന ശൈലി ഏറെ അതിശയിപ്പിക്കുന്നതാണ്. അതുപോലെ ഛായാഗ്രാഹകന്റെയും എഡിറ്ററുടെയും മികവ് ഇവിടെ എടുത്തു പറയേണ്ടതാണ്. എറിക് പൊല്ലുമ്മാ, സ്റ്റെന്‍ ജോണ്‍ ലില്‍ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകര്‍. ജാക്ക് എല്ലിനൊയാണ് എഡിറ്റര്‍.

Content Highlights : IFFI Goa 2019 scandinavian silence Movie Review Directed By Martti Helde