ബോങ് ജൂന്-ഹോ സംവിധാനം ചെയ്ത 'പാരാസൈറ്റ്' എന്ന ദക്ഷിണ കൊറിയന്‍ സിനിമ ലോകത്തില്‍ വളര്‍ന്നുവരുന്ന ധനിക- ദാരിദ്ര്യ വ്യത്യാസത്തെ സൂക്ഷ്മമായി പ്രതിപാദിക്കുന്ന ഒന്നാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പരാന്നഭോജികളുടെ കഥ തന്നെയാണ് ചിത്രം പറയുന്നത്.

പാതി ഭൂമിക്കടിയിലുള്ള ഇടുങ്ങിയ വീട്ടില്‍ തമാസിക്കുന്നവരാണ് കിം കുടുംബം. ദാരിദ്ര്യത്തില്‍ ജീവിക്കുന്ന അവരുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവാകുന്നത്, വീട്ടിലെ മകന് (കി-വൂ) അവന്റെ കൂട്ടുകാരനിലൂടെ സമ്പന്നരായ പാര്‍ക്ക് കുടുംബത്തിലെ മകളെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ അവസരം ലഭിക്കുന്നതിലൂടെയാണ്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചാണ് ജോലി തരപ്പെടുത്തുന്നത്. ധനികന്റെ മകളുമായി കി-വൂ  പ്രണയത്തിലാവുകയും പതിയെ ആ വീട്ടിലേക്ക് അവന്‍ തന്റെ  മാതാപിതാക്കളെയും സഹോദരിയെയും ജോലിക്കായി കൂട്ടികൊണ്ടുവരികയും ചെയ്യുന്നു. എന്നാല്‍ പരസ്പരം അറിയാത്തവരെപ്പോലെയാണ് അവര്‍ അവിടെ പെരുമാറിയിരുന്നത്.

പാര്‍ക്ക് കുടുംബം യാത്ര പോകുന്ന സാഹചര്യത്തില്‍ കിം കുടുംബം ആ വലിയ വീട്ടിലെ ആഡംബരങ്ങള്‍ ആസ്വദിക്കുന്നു. ഇതിനിടയില്‍ അവിടെ മുന്‍പ് പണിക്കു നിന്നിരുന്ന ജോലിക്കാരി അവിടത്തെ രഹസ്യ അറയില്‍ ഒളിവില്‍ കഴിയുന്ന അവളുടെ ഭര്‍ത്താവിനെ കൊണ്ടുപോകാനായി എത്തുന്നു. അവിടത്തെ നാലു പേരും കുടുംബമാണെന്നു തിരിച്ചറിയുന്ന അവള്‍ പാര്‍ക്കിനോട് സത്യങ്ങള്‍ വെളിപ്പെടുത്തും എന്നു ഭീഷണിപ്പെടുത്തുകയും തുടര്‍ന്നുണ്ടാകുന്ന വഴക്കില്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ കഥാതന്തു.

സാമൂഹിക അസമത്വമാണ് പാരസൈറ്റ് ചര്‍ച്ച ചെയ്യുന്നത്, എന്നാല്‍ ഉദ്ദിഷ്ടകാര്യം നേടിയെടുക്കാന്‍ ഉന്നതിയില്‍ ജീവിക്കുന്നവരെ പ്രീണിപ്പിക്കുന്ന കാപട്യത്തിലേക്കും ചിത്രം വെളിച്ചം വീശുന്നു. കൊറിയന്‍ സമൂഹത്തിലെ ഗ്രാമീണ പ്രാന്ത പ്രദേശങ്ങളിലെ സാമൂഹ്യ വ്യവസ്ഥയെക്കുറിച്ചാണ് സംവിധായകന്‍ പറയുന്നത്. സമൂഹത്തിലെ ഒരു വിഭാഗം അധ്വാനിക്കാന്‍ തയ്യാറാകാതെ പരാന്ന ഭോജികളായി നിലനില്‍ക്കുന്നു എന്ന ആക്ഷേപം സംവിധായകന്‍ ഉന്നയിക്കുന്നു. ആക്ഷേപ ഹാസ്യ ഗണത്തില്‍പ്പെടുത്താതെ ഈ സിനിമയെ വിമര്‍ശനാത്മക ചിത്രമായി വിലയിരുത്താം.

Content Highlights : iffi goa 2019 parasite movie review