പ്രണയം നിരുപാധികമാണ്, ആ വികാരം പൂര്‍ണതയിലേക്കെത്തുന്നത് പ്രതിസന്ധികളില്‍ കൈവിടാതെ പരസ്പരം ചേര്‍ത്ത് നിര്‍ത്തുമ്പോഴാണ്. മലയാളിയായ  ലക്ഷ്മി രാമകൃഷ്ണന്‍ സംവിധാനം ചെയ്ത ഹൗസ് ഓണര്‍ എന്ന സിനിമ സംസാരിക്കുന്ന വിഷയവും ഇതു തന്നെ. ചെന്നൈ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ കൗമാരത്തിലെ പ്രണയം, വാര്‍ധക്യത്തിലെ കരുതല്‍ എന്നിവയുടെ മനോഹരവും തീവ്രവുമായ ദൃശ്യാവിഷ്‌കാരമാണ്  ഹൗസ് ഓണര്‍.
 
അള്‍ഷിമേഴ്‌സ് ബാധിച്ച റിട്ടയര്‍ഡ് കേണല്‍ വാസുവും ഭാര്യ രാധയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. കൗമാരക്കാലത്തെ ഒര്‍മകളിലാണ് കേണല്‍ ജീവിക്കുന്നത്. അല്‍ഷിമേഴ്‌സ് അയാളുടെ വര്‍ത്തമാന കാലത്തെ കവര്‍ന്നെടുത്തിരുന്നു. അതുകൊണ്ടു തന്നെ ഇപ്പോള്‍ കൂടെ ജീവിക്കുന്നവള്‍ രാധയാണെന്ന് അയാള്‍ അംഗീകരിക്കുന്നില്ല.

തന്റെ കൗമാരത്തിലും യൗവനത്തിലുമാണ് എല്ലായ്‌പ്പോഴും കേണലിന്റെ മനസ്സ് വിഹരിക്കുന്നത്. രാധയെ വാസുവിന് എത്രത്തോളം ഇഷ്ടമാണെന്ന് ഭൂതകാലത്തിലൂടെ കഥ സഞ്ചരിക്കുന്ന വേളയില്‍ പ്രേക്ഷകര്‍ക്ക് മനസ്സിലാകും. അയാളുടെ ഔര്‍മകളില്‍ രാധ മാത്രമേയുള്ളൂ. അത്രയും തീവ്രമാണ് അയാളുടെ സ്‌നേഹം. രോഗം നല്‍കിയ മറവിയില്‍ ജീവിക്കുന്ന വാസുവിനോടും അയാളെ നിരുപാധികമായി സ്‌നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്ന രാധയോടും പ്രേക്ഷകര്‍ക്ക് അനുതാപം തോന്നും. 

വാര്‍ധക്യത്തില്‍ ഒരു കുഞ്ഞിനെ പോലെ ഭര്‍ത്താവിനെ സംരക്ഷിക്കുന്ന രാധയെന്ന ഭാര്യയിലൂടെ സ്ത്രീ മനസുകളിലെ കരുതലാണ് സംവിധായിക തുറന്ന് കാട്ടുന്നത്. ചെന്നൈയിലെ കടുത്ത മഴയുടെ പശ്ചാത്തലത്തിലാണ് രാധയുടെയും വാസുവിന്റെയും ജീവിതത്തിലേക്ക് സംവിധായിക കടന്നു ചെല്ലുന്നത്. പേമാരിക്കും വെള്ളപൊക്കത്തിനും ഈ ചിത്രത്തില്‍ വ്യക്തമായ അര്‍ഥതലങ്ങളുണ്ട്.

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ലക്ഷ്മി രാമകൃഷ്ണന്‍ ഹൗസ് ഓണര്‍ ഒരുക്കിയിരിക്കുന്നത്. കിഷോര്‍ കുമാറും ശ്രീരജ്ഞിനിയുമാണ് കേണലിനെയും രാധയെയും അവതരിപ്പിക്കുന്നത്. യുവനടനായ കിഷോര്‍ 70 വയസ്സുള്ള കേണലിന്റെ കഥാപാത്രത്തെ തന്നിലേക്ക് സ്വാംശീകരിച്ചിരിക്കുന്നത് അതി മനോഹരമായാണ്. അതുപോലെ ശ്രീരഞ്ജിനി എന്ന നടിയുടെ അഭിനയ സാധ്യതയെ പരമാവധി ഉപയോഗപ്പെടുത്താന്‍ ലക്ഷ്മി രാമകൃഷ്ണന് കഴിഞ്ഞു. രാധയുടെയും വാസുവിന്റെയും യൗവനകാലത്തെ അവതരിപ്പിച്ച ലൗവ് ലിന്‍, 2009 ല്‍ പുറത്തിറങ്ങിയ പസങ്ക എന്ന ചിത്രത്തിലെ അന്‍പിനെ മനോഹരമാക്കിയ കിഷോര്‍ ഡി.യും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരക്കുന്നത്. 

Content Highlights : IFFI Goa 2019 House Owner Movie Review Directed By Lakshmi Ramakrishnan