അമേരിക്കയിലെ കുടിയേറ്റ നിയമങ്ങള്‍ തൊഴിലെടുക്കുന്നവര്‍ക്കു സൃഷ്ടിക്കുന്ന പ്രതിസന്ധിയും അതിന്റെ ഫലമായുണ്ടാകുന്ന ചൂഷണങ്ങളും ശക്തമായ ഭാഷയില്‍ ചര്‍ച്ച ചെയ്യുന്ന ചിത്രമാണ്  ഇസബല്‍ സാന്‍ഡോവല്‍ സംവിധാനം ചെയ്ത ലിങ്ക്വ ഫ്രാന്‍ക. ഡൊണാള്‍ഡ് ട്രംപിന്റെ കാലത്തെ വര്‍ത്തമാന അമേരിക്കയിലാണ് കഥ നടക്കുന്നത്.

ട്രാന്‍സ് ജെന്‍ഡറായ ഒലിവിയയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. സംവിധായിക തന്നെയാണ്  ഒലിവിയയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഫിലിപ്പൈന്‍സ് സ്വദേശിയായ ഒലിവിയ അമേരിക്കയില്‍ പൗരത്വം ലഭിക്കാനുള്ള ശ്രമത്തിലാണ്. ഒരു ജൂത കൂടുംബത്തില്‍ ജോലിയെടുക്കുകയാണ് ഒലിവിയ. അതോടൊപ്പം പാര്‍ട്ട് ടൈമായി ഒരു കശാപ്പ് ശാലയിലും ഇവര്‍ ജോലിയെടുക്കുന്നു. ഒലിവിയക്ക് ഒരു കാമുകനുണ്ട്. കാമുകന്റെ ലക്ഷ്യവും ഗ്രീന്‍ കാര്‍ഡ് നേടി അമേരിക്കയില്‍ സ്ഥിരതാമസമുറപ്പിക്കുക എന്നതാണ്.

ജീവിക്കാന്‍ എന്തു ജോലി ചെയ്യാനും തയ്യാറാണ് ഒലിവിയ. അതിനവള്‍ കഠിനമായി അധ്വാനിക്കുന്നു. ഗ്രീന്‍ കാര്‍ഡ് നേടുക എന്ന ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുന്ന ഒലിവിയക്ക് ഒട്ടനവധി പ്രതിസന്ധികളാണ് നേരിടേണ്ടി വരുന്നത്. അവളെ ചൂഷണം ചെയ്യാന്‍ ഒട്ടനവധിയാളുകളുമുണ്ട്. ഒലിവിയയുടെ ജീവിതത്തിലൂടെ അമേരിക്കയില്‍ എത്തിപ്പെടുന്ന കുടിയേറ്റക്കാര്‍ ഏതെല്ലാം വിധത്തിലാണ് പീഡിപ്പിക്കപ്പെടുന്നതെന്ന് ഇസബല്‍ സാന്‍ഡോവല്‍ പ്രേക്ഷകര്‍ക്ക് കാണിച്ചു തരുന്നു. ഇത് കൂടാതെ കുടിയേറ്റ നിയമങ്ങളെ ചൂഷണം ചെയ്യുന്ന ഒരു വലിയ വിഭാഗത്തെയും സംവിധായിക കാണിച്ചു തരുന്നു. ഭരണകൂടത്തിനെതിരേയുള്ള വിമര്‍ശനം കഥാപാത്രങ്ങളുടെ മാനസിക അവസ്ഥയിലൂടെ കാണിക്കുന്ന ശൈലിയാണ് ഇസബല്‍ സാന്‍ഡോവല്‍ ചിത്രത്തില്‍ അവലംബിച്ചിരിക്കുന്നത്.

Content Highlights : iffi 2019 movie review Lingua Franca