ക്തമായ കഥ, അതിമനോഹരമായ ദൃശ്യങ്ങള്‍, പ്രതിഭാധനരായ അഭിനേതാക്കള്‍ ടി.ക രാജീവ് കുമാര്‍ സംവിധാനം ചെയ്ത കോളാമ്പിയെ എളുപ്പത്തില്‍ ഇങ്ങനെ നിര്‍വചിക്കാം. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ ടി.കെ രാജീവ് കുമാര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചിരിക്കുന്നത് ഒരു മിഴിവുറ്റ ചലച്ചിത്രാസ്വാദനമാണ്.

2005ല്‍ സര്‍ക്കാര്‍ ശബ്ദമലിനീകരണത്തെ ചൂണ്ടിക്കാട്ടി കോളാമ്പി നിരോധിച്ച സംഭവമാണ് ചിത്രത്തിന്റെ കഥാതന്തു. അതിലേയ്ക്ക് പ്രണയം, രാഷ്ട്രീയം എന്നീ വിഷയങ്ങള്‍ കൂട്ടിയിണക്കുകയായിരുന്നു ടി.കെ രാജീവ് കുമാര്‍. ജവഹര്‍ സൗണ്ട്‌സ് ഉടമയുടെ വേഷമാണ് രണ്‍ജി പണിക്കര്‍ ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഭാര്യ സുന്ദരമ്മാളിന്റെ വേഷത്തില്‍ രോഹിണിയുമെത്തുന്നു.

കോളാമ്പി നിരോധനത്തിന് ശേഷം അവയെല്ലാം വീട്ടില്‍ സൂക്ഷിക്കുകയാണ് ജവഹര്‍ സൗണ്ട്‌സ് ഉടമയും ഭാര്യയും. ഇരുവരും ഒരു കാപ്പിക്കടയും വീടിനുള്ളില്‍ നടത്തുന്നുണ്ട്. 'പാട്ട് കാപ്പിക്കട'യെന്ന പേരില്‍ പ്രശസ്തമാണ് ഇവരുടെ വീട്. വരുന്നവര്‍ പഴയ പാട്ടുകള്‍ എഴുതി നല്‍കിയാല്‍ കാപ്പിയും ഒപ്പം പാട്ടും കിട്ടും. അവിടേയ്ക്കാണ് അരുന്ധതി കടന്നു വരുന്നത്. ബിനാലെയില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയ അരുന്ധതി മാധ്യമങ്ങള്‍ വഴിയാണ് കാപ്പിക്കടയെക്കുറിച്ച് അറിയുന്നത്. അരുന്ധതിയും കുടുംബവുമായുള്ള ആത്മ ബന്ധമാണ് സിനിമയുടെ കാതല്‍. ജവഹര്‍ സൗണ്ട്‌സ് ഉടമയും ഭാര്യയും തമ്മിലുള്ള അഗാധമായ പ്രണയവും അതിനൊപ്പം രാഷ്ട്രീയവും കാലിക പ്രസക്തമായ വിഷയങ്ങളും സിനിമയില്‍ ചര്‍ച്ച ചെയ്യുന്നു.

കേരളത്തിലെ സാമൂഹിക രാഷ്ട്രീയ മാറ്റങ്ങളെ കോളാമ്പി എന്ന ഉപകരണത്തിലൂടെ അനാവരണം ചെയ്യുകയാണ് ടി.കെ രാജീവ് കുമാര്‍. ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രി സഭയുടെ സത്യപ്രതിജ്ഞ, കെ.ജെ യേശുദാസിന്റെ ആദ്യ പൊതുപരിപാടി, കെ.പി.സി.സി എന്ന മഹത്തായ നാടക പ്രസ്ഥാനത്തിന്റെ വളര്‍ച്ച എന്നിങ്ങനെ ഓരോ കാലഘട്ടത്തെയും ഓരോ കോളാമ്പിയിലൂടെയും പഴയകാല റെക്കോര്‍ഡറുകളിലൂടെയും പ്രേക്ഷകര്‍ക്ക് കാണിച്ചു തരുന്നു. കേള്‍ക്കുമ്പോള്‍ ലളിതമാണെന്ന് തോന്നുമെങ്കിലും ഏറെ സങ്കീര്‍ണമായ ഒരു വിഷയമാണ് സംവിധായകന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ദേശസാല്‍കൃത ബാങ്കുകള്‍ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്ക് നേരെയും പൗരത്വ നിയമത്തെയും സിനിമ ശക്തമായി വിമര്‍ശിക്കുന്നു.
കോളാമ്പി നിരോധനത്തിന് ശേഷം കോളാമ്പി വാങ്ങാന്‍ കടമെടുത്ത വായ്പയ്ക്കായി ജപ്തി നടത്താന്‍ വരുന്നതിനെ വര്‍ഗീസ് എന്ന പോലീസുകാരന്‍ കളിയാക്കുന്നത് ഇതിന് ഉദാഹരണമാണ്.

തിരക്കഥാകൃത്തായി പ്രേക്ഷകരെ ഹൃദയം കീഴടക്കിയ അഭിനയരംഗത്തും തന്റെ മികവ് ആവര്‍ത്തിക്കുകയാണ രഞ്ജി പണിക്കര്‍. ഒരു അഭിനേതാവിനെ സംബന്ധിച്ച് ഏറെ  വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് കോളാമ്പിയിലെ ജവഹര്‍ സൗണ്ട്‌സ് ഉടമ. കേള്‍വി ശക്തി കുറഞ്ഞു കൊണ്ടിരിക്കുന്ന, പുറമേയ്ക്ക് അല്‍പ്പം പരുക്കനായി തോന്നുന്ന ജവഹര്‍ സൗണ്ട്‌സ് ഉടമയുടെ കഥാപാത്രം രഞ്ജി പണിക്കരുടെ കൈകളില്‍ ഭദ്രമായിരുന്നു. ഒപ്പം സുന്ദരമ്മാളായെത്തിയ രോഹിണി, അരുന്ധതിയെ അവതരിപ്പിച്ച നിത്യ മേനോന്‍, വര്‍ഗിസിനെ അവതരിപ്പിച്ച നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ എന്നിവരുടെ പ്രകടനവും സിനിമയെ മികച്ചതാക്കി.

അതിമനോഹരമായ ദൃശ്യങ്ങളാണ് കോളാമ്പിയുടെ മറ്റൊരു പ്രത്യേകത. ദേശീയ പുരസ്‌കര ജേതാവായ ഛായാഗ്രാഹകന്‍ രവി വര്‍മന്‍ അക്ഷരാര്‍ഥത്തില്‍ ഓരോ ഫ്രെയിമിലും കവിത രചിക്കുകയായിരുന്നു.

Content Highlights: iffi 2019 kolaambi movie review t k rajeevkumar nithya menen rohini sureshkumar