ര്‍ജ്ജുന്‍ റെഡ്ഡി സിനിമയ്‌ക്കെതിരേ നടി പാര്‍വതി ഉയര്‍ത്തിയ വിമര്‍ശനങ്ങളെ ചുവടു പിടിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന ചര്‍ച്ചകളില്‍ താന്‍ അസ്വസ്ഥനാണെന്ന് വിജയ് ദേവേരക്കൊണ്ട. രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്‍ കോണ്‍വെര്‍സേഷനില്‍ സംസാരിക്കുകയായിരുന്നു വിജയ്. പ്രതിനിധികളുമായി സംവദിക്കുന്നതിനിടെയാണ് ഇത് സംബന്ധിച്ച് ചോദ്യം ഉയര്‍ന്നത്.

'ഞാന്‍ ഏറെ അസ്വസ്ഥനാണ്. അത് മനസ്സില്‍ കൊണ്ടു നടക്കേണ്ട കാര്യം എനിക്കില്ല. പാര്‍വതിയെ എനിക്ക് വലിയ ഇഷ്ടമാണ്. പാര്‍വതി ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ എന്നെ അലോസരപ്പെടുത്തുന്നു. എന്റെ ചെലവില്‍ ഇത്തരം കാര്യങ്ങള്‍ ആളുകള്‍ ആഘോഷിക്കുന്നതില്‍ എനിക്ക് താല്‍പര്യമില്ല. അവരെന്താണ് സംസാരിക്കുന്നത് എന്ന് പോലും അവര്‍ക്കറിഞ്ഞുകൂടാ'- വിജയ് പറഞ്ഞു.

ഫിലിം കമ്പാനിയനിലെ ടോക്ക് ഷോയിലായിരുന്നു പാര്‍വതിയുടെ വിമര്‍ശനം. പാര്‍വതിയ്ക്കും വിജയ്ക്കും പുറമെ ദീപിക പദുകോണ്‍, രണ്‍വീര്‍ സിങ്, ആലിയ ഭട്ട്, വിജയ് സേതുപതി, ആയുഷ്മാന്‍ ഖുരാന, മനോജ് വാജ്‌പേയി എന്നിവരും ടോക്ക് ഷോയില്‍ അതിഥികളായിരുന്നു.

പരസ്പരം അടിക്കുന്നത് സ്നേഹബന്ധത്തിലെ പാഷന്‍ ആണെന്ന് പറയുന്നത് ആക്രമണത്തെ മഹത്വവത്ക്കരിക്കലാണെന്നും ഒരു അഭിനേതാവ് എന്ന നിലയ്ക്ക് സംവിധായകനെ തടയാനാകില്ലെങ്കിലും ആ സിനിമയുടെ ഭാഗമാകാതിരിക്കാന്‍ കഴിയുമെന്നുമാണ് പാര്‍വതി പറഞ്ഞത്. അഭിനേതാക്കള്‍ അങ്ങനെയാണ് ഉത്തരവാദിത്വം കാണിക്കേണ്ടതെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. ജോക്കര്‍ എന്ന ഹോളിവുഡ് സിനിമയെയും അര്‍ജുന്‍ റെഡ്ഢിയെയും താരതമ്യപ്പെടുത്തിയായിരുന്നു പാര്‍വതിയുടെ വിമര്‍ശനം.

ചര്‍ച്ചയില്‍ വിജയ് ദേവരെക്കൊണ്ട പാര്‍വതിയുടെ വിമര്‍ശനത്തിന് മറുപടിയും നല്‍കിയിരുന്നു. ഏവര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ സിനിമകള്‍ ചെയ്യാന്‍ തനിക്കാവില്ലെന്ന് നടന്‍ പറഞ്ഞു.

'സിനിമ വ്യക്തികളുടെ സ്വഭാവത്തെ സ്വാധീനിക്കുന്നുണ്ടെന്ന് കരുതുന്നില്ല. ഇഷ്ടമുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കുക എന്നതു മാത്രമാണ് ചിന്തിക്കാറുള്ളത്. സമൂഹത്തില്‍ പലതരം കമിതാക്കള്‍ ഉണ്ടല്ലോ. പരസ്പരം വഴക്കിടുകയും അടിക്കുകയും ചെയ്യുന്നവരുമുണ്ടായിരിക്കും. അവര്‍ക്ക് അര്‍ജുന്‍ റെഡ്ഢി പോലൊരു ചിത്രത്തോട് എതിര്‍പ്പുണ്ടാകില്ല. എന്നാല്‍ ചെറുപ്പം തൊട്ടേ മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ കണ്ടു വളര്‍ന്ന കുട്ടികള്‍ക്ക് അത് ചിലപ്പോള്‍ പ്രശ്നമായി തോന്നാം'- വിജയ് ദേവരെക്കൊണ്ട പറഞ്ഞു.

Content Highlights : vijay deverakkonda on arjun reddy controversy with parvathy at iffi 2019