പനാജി: അമ്പതാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിക്ക് പുറത്ത് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കര്‍ക്കെതിരേ പ്രതിഷേധം.  മഹാദായി നദിയില്‍ നടത്തപ്പെടുന്ന പദ്ധതിക്കായി പരിസ്ഥിതി ക്ലിയറന്‍സ് ലഭിക്കുന്നതില്‍നിന്ന് കര്‍ണാടക സര്‍ക്കാരിനെ ഒഴിവാക്കാനുള്ള പ്രകാശ് ജാവഡേക്കറുടെ നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം.

പ്രാദേശിക എന്‍ജിഒകളുടെ പ്രതിനിധികളും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ നേതാക്കളും അടങ്ങുന്ന സംഘമാണ് വേദിക്ക് പുറത്ത് ഗോ ബാക്ക് മുദ്രാവാക്യവുമായി പ്രതിഷേധിച്ചത്. 

അമ്പതാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബുധനാഴ്ച്ചയാണ് തിരിതെളിഞ്ഞത്. ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനും തെന്നിന്ത്യയുടെ സ്റ്റൈല്‍ മന്നന്‍ രജനികാന്തും ചേര്‍ന്നാണ് നിലവിളക്ക് കൊളുത്തി മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ അധ്യക്ഷനായിരുന്നു.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ബാബുല്‍ സുപ്രിയോ, ഫീച്ചര്‍ സിനിമാവിഭാഗം ജൂറി ചെയര്‍മാന്‍ പ്രിയദര്‍ശന്‍, പ്രസാര്‍ഭാരതി ചെയര്‍മാന്‍ എ. സൂര്യപ്രകാശ്, അന്താരാഷ്ട്ര ജൂറി ചെയര്‍മാന്‍ ജോണ്‍ ബെയ്ലി, ഫെസ്റ്റിവല്‍ ചെയര്‍മാനും വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് സെക്രട്ടറിയുമായ അമിത് ഖരെ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. മേള നവംബര്‍ ഇരുപത്തിയെട്ട് വരെ എട്ടു ദിവസമാണ് മേള നടക്കുന്നത്.

സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നല്‍കുന്ന സുവര്‍ണ ജൂബിലി ഐക്കണ്‍ അവാര്‍ഡ് നടന്‍ രജനികാന്ത് ഏറ്റുവാങ്ങി. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ആദരം. അമിതാഭ് ബച്ചനാണ് രജനിക്ക് പുരസ്‌കാരം സമ്മാനിച്ചത്. ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ ബച്ചനുള്ള പുരസ്‌കാരം രജനികാന്തും സമ്മാനിച്ചു. സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഫ്രഞ്ച് നടി ഇസബെല്ല ഹൂപ്പര്‍ട്ടിന് സമ്മാനിച്ചു.

ഉദ്ഘാടനചടങ്ങിനുശേഷം ശങ്കര്‍ മഹാദേവന്‍ നയിച്ച സംഗീതവിരുന്ന് അരങ്ങേറി. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറായിരുന്നു ഉദ്ഘാടന ചടങ്ങിന്റെ അവതാരകന്‍. അന്തരിച്ച മുന്‍ ഗോവമുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള പ്രത്യേക വീഡിയോ ഉദ്ഘാടന ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

Content Highlights : Protest outside IFFI venue against Javadekar over Mahadayi river issue IFFI Goa 2019