പനജി : അന്താരാഷ്ട്ര ചലച്ചിത്ര മേള അവസാനഘട്ടത്തിലേക്ക് കടന്നതോടെ പ്രതിനിധികളുടെ എണ്ണത്തില്‍ കുറവ്. പ്രതിനിധികളില്‍ പലരും തിരികെ പോയിത്തുടങ്ങിയതോടെ തിയേറ്ററുകളിലും തിരക്ക് കുറഞ്ഞു. ആദ്യ ദിവസങ്ങളില്‍ നിറഞ്ഞ സദസ്സുകളിലാണ് എല്ലാ സിനിമകളും പ്രദര്‍ശിപ്പിച്ചതെങ്കില്‍ ഇന്നലെ ചില മികച്ച സിനിമകള്‍ക്ക് മാത്രമായിരുന്നു പ്രേക്ഷകരുണ്ടായത്.

അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ഭൂരിഭാഗം ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. പ്രതിനിധികള്‍ക്ക് വേണ്ടി മികച്ച അഭിപ്രായം നേടിയ ചിത്രങ്ങള്‍ അവസാന രണ്ടു ദിവസങ്ങളില്‍ വീണ്ടും പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത മലയാള ചിത്രം കോളാമ്പി മേളയില്‍ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശനത്തിനെത്തി. ഇന്ത്യന്‍ പനോരമയില്‍ അവസാനമായി പ്രദര്‍ശനത്തിനെത്തിയ മലയാള ചിത്രം കോളാമ്പിയാണ്. സംവിധായകനും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച നിത്യ മേനോന്‍, രോഹിണി, സുരേഷ് കുമാര്‍, ഛായാഗ്രാഹകന്‍ രവി വര്‍മന്‍ തുടങ്ങിയവര്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്തു.

പ്രണയവും കേരളത്തിന്റെ ചരിത്രവും പറയുന്ന കോളാമ്പി മികച്ച അഭിപ്രായമാണ് മേളയില്‍ നേടിയത്. കോളാമ്പി നിരോധനത്തോടെ വരുമാനം തടസ്സപ്പെട്ട ജവഹര്‍ സൗണ്ട്‌സ് ഉടമയുടെ കഥയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കരാണ് ചിത്രത്തില്‍ ജവഹര്‍ സൗണ്ട്‌സ് ഉടമയായെത്തുന്നത്. രോഹിണി അദ്ദേഹത്തിന്റെ ഭാര്യാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന കലാകാരിയുടെ വേഷത്തില്‍ നിത്യയുമെത്തുന്നു.

മാസ്റ്റര്‍ ക്ലാസ് വിഭാഗത്തില്‍ പ്രശസ്ത അമേരിക്കന്‍ ചായാഗ്രഹകന്‍ ജോണ്‍ ബെയ്‌ലി, എഡിറ്റര്‍ കരോള്‍ ലിറ്റില്‍ടണ്‍ എന്നിവര്‍ പങ്കെടുത്തു. ദ ഇന്റര്‍പ്ലേ ഓഫ് സിനിമാറ്റോഗ്രഫി ആന്‍ഡ് ഫിലിം എഡിറ്റിങ് എന്ന വിഷയത്തിലാണ് ചര്‍ച്ച അരങ്ങേറിയത്. മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെ വീണ്ടും പ്രദര്‍ശനത്തിനെത്തി.

വിജേഷ് മണി സംവിധാനം ചെയ്ത ഇരുള ഭാഷയിലെ നേതാജി എന്ന ചിത്രവും ഇന്ന് ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കും. വ്യവസായിയായ ഗോകുലം ഗോപാലന്‍ ഈ സിനിമയില്‍ സുഭാഷ് ചന്ദ്ര ബോസിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Content Highlights : IFFI Goa 2019 Seventh Day Updates