പനാജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ മുതിര്‍ന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ക്ഷണിക്കാതിരുന്നതില്‍ വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി സംഘാടകര്‍. ചലച്ചിത്ര മേളയുടെ മുന്നൊരുക്കങ്ങളെക്കുറിച്ച് വിശദീകരിക്കാനായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ബുധനാഴ്ച വൈകീട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അടൂരിനെ ഒഴിവാക്കിയതു സംബന്ധിച്ച ചോദ്യം ഉന്നയിക്കപ്പെട്ടത്.

ബോളിവുഡ് സിനിമാ പ്രവര്‍ത്തകര്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ പരിഗണന നല്‍കി അടൂര്‍ ഗോപാലകൃഷ്ണനെപ്പോലുള്ള ഇന്ത്യയിലെ പ്രമുഖ സംവിധായകരെ മേളയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് എന്തുകൊണ്ടാണെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം. എന്നാല്‍, ഇതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ചലച്ചിത്ര മേളയുടെ ഡയറക്ടര്‍ ചൈതന്യപ്രസാദ് തയ്യാറായില്ല. മേളയിലെ നവതരംഗ സിനിമകളുടെ വിഭാഗത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തോടൊപ്പം അന്‍പതിലേറെ വര്‍ഷമായി സഞ്ചരിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍, നടന്‍ കമല്‍ഹാസന്‍ എന്നിവരെ മേളയില്‍ നിന്ന് ഒഴിവാക്കിയതില്‍ നേരത്തേ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചവരില്‍ അടൂരും ഉണ്ടായിരുന്നു. ബി.ജെ.പി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനാണ് കമല്‍ഹാസന്‍. രാഷ്ട്രീയപരമായ വിയോജിപ്പുകളാണ് മേളയില്‍ നിന്നും ഇവരെ അകറ്റി നിര്‍ത്തിയതിന് പിന്നില്‍  എന്ന് ആരോപണമുയരുന്നുണ്ട്.

Content Highlights : IFFI Goa 2019 Adoor Gopalakrishnan