കൗശിക് ഗാംഗുലി സംവിധാനം ചെയ്ത 'നഗരകീര്‍ത്തന്‍' എന്ന ബംഗാളി സിനിമയിലെ പ്രകടനത്തിന് ദേശീയ പുരസ്‌കാരം നേടിയപ്പോഴാണ് റിദ്ധി സെന്‍ എന്ന നടനെ ഇന്ത്യ ഉറ്റുനോക്കുന്നത്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോര്‍ഡും റിദ്ധി സെന്‍ സ്വന്തമാക്കി . പത്തൊന്‍പതാമത്തെ വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. സ്വവര്‍ഗാനുരാഗികളുടെ കഥ പറയുന്ന 'നഗരകീര്‍ത്ത'നില്‍  വളരെ പക്വതയാര്‍ന്ന അഭിനയമാണ് റിദ്ധി കാഴ്ച വച്ചിരിക്കുന്നത്. അഭിനയത്തില്‍ മാത്രമല്ല തന്റെ നിലപാടുകളിലും പ്രായത്തില്‍ കവിഞ്ഞ പക്വത റിദ്ധി കാണിക്കാറുണ്ട്. അതു തന്നെയാണ് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്ന ഘടകം. രാജ്യാന്തര ചലച്ചിത്ര മേളയിലെ ഇന്ത്യന്‍ പനോരമയില്‍ 'നഗരകീര്‍ത്തന്‍' പ്രദര്‍ശനത്തിന് എത്തിയ അവസരത്തില്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ റിദ്ധി സംസാരിക്കുന്നു.

'നഗരകീര്‍ത്ത'നെക്കുറിച്ച്?

'നഗരകീര്‍ത്തനി'ല്‍ ഞാന്‍ ഒരു ട്രാന്‍ഡ്‌ജെന്‍ഡറാണ്. അസ്തിത്വത്തിനു വേണ്ടി, ജീവിക്കാന്‍ വേണ്ടി പോരാടുന്ന കഥാപാത്രമാണ് എന്റേത്. എനിക്ക് അത്തരത്തില്‍ നല്ലൊരു കഥാപാത്രത്തെ നല്‍കിയതില്‍ ഞാന്‍ കൗശിക് ഗാംഗുലിയോട് നന്ദി പറയുന്നു. എന്റെ അഭിനയ ജീവിതത്തില്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും അധികം വെല്ലുവിളി നിറഞ്ഞ വേഷം എന്ന് തന്നെ പറയാം. ട്രാന്‍സ്ജെന്‍ഡറായ പരിമാളും കലാകാരനായ മധുവും തമ്മില്‍ പ്രണയത്തിലാകുന്നു. അവര്‍ ഒരുമിച്ച് ജീവിക്കുന്നു. ആ യാത്രയാണ് നരകീര്‍ത്തന്‍. കൗശിക് ഗാംഗുലി തിരക്കഥ വിവരിച്ചു തന്നപ്പോള്‍ എനിക്ക് നിരസിക്കാനായില്ല. നഗരകീര്‍ത്തന്റെ ഭാഗമായതില്‍ ഞാന്‍ അഭിമാനിക്കുന്നു. രാജ്യാന്തര ചലച്ചിത്രമേളയില്‍ എനിക്ക് ഒരു വേദി നല്‍കിയതിലും നന്ദി പറയുന്നു. 

മുഖ്യധാര സിനിമളില്‍ ട്രാന്‍സ്‌ജെന്‍ര്‍ കമ്മ്യൂണിറ്റി നേരിടുന്ന പ്രശ്‌നങ്ങള്‍ അധികം ചര്‍ച്ചയാകാറില്ലല്ലോ?

മുഖ്യധാരാ സിനിമകളില്‍ ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റി നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമകള്‍ കുറവാണ്. ഒരുപാട് തടസ്സങ്ങളെ അതിജീവിച്ചാണ് കൗശിക് ഗാംഗുലി ഈ ചിത്രം സംവിധാനം ചെയ്തത്. കാരണം ഈ വിഷയം ചര്‍ച്ച ചെയ്യുന്ന സിനിമ നിര്‍മിക്കാന്‍ ആരും തയ്യാറായില്ല. കൗശിക് ഗാംഗുലി കൊല്‍ക്കത്തയിലുള്ള പല നിര്‍മാതാക്കളെയും സമീപിച്ചു. അവരാരും ഈ സിനിമ ഏറ്റെടുക്കാന്‍ തയ്യാറായില്ല. പക്ഷേ കൗശികിന്റെ തീരുമാനം ഉറച്ചതായിരുന്നു. ഇന്നല്ലെങ്കില്‍ നാളെ ഇത് സിനിമയാക്കും എന്നു പറഞ്ഞു. അവസാനം അത് സാധ്യമായി.

ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താങ്കള്‍ നടത്തിയ തയ്യാറെടുപ്പുകള്‍ എന്തെല്ലാം?

എനിക്ക് ആദ്യം തന്നെ നന്ദി പറയാനുള്ളത് ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിലെ എന്റെ സുഹൃത്തുക്കളോടാണ്. അവരാണ് എന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത്. എന്നെ സംബന്ധിച്ച് കഥാപാത്രമാകാന്‍ ഒരുപാട് തയ്യാറെടുപ്പുകള്‍ ആവശ്യമായിരുന്നു. സ്‌ത്രൈണമായ ഭാവങ്ങള്‍ ഉള്‍ക്കൊള്ളണമായിരുന്നു. തുടക്കത്തില്‍ ഞാന്‍ വളരെ കഷ്ടപ്പെട്ടു. ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്തുക്കളെ നിരീക്ഷിക്കുന്നതിന് പുറമെ ഞാന്‍ സ്ത്രീകളെയും നന്നായി ശ്രദ്ധിക്കാന്‍ തുടങ്ങി. 20 ദിവസങ്ങള്‍ കൊണ്ടാണ് സിനിമ ചിത്രീകരിച്ചത്. 

'നഗരകീര്‍ത്തനി'ലൂടെ താങ്കള്‍ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു. അതിലുപരി ആ ചിത്രത്തെ താങ്കള്‍ എങ്ങിനെ നോക്കി കാണുന്നു?

ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റി നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ നഗരകീര്‍ത്തന്‍ എന്നെ സഹായിച്ചു. ട്രാന്‍സ്‌ജെന്‍ഡറായി ജീവിക്കുക എന്നത് ഈ സമൂഹത്തില്‍ എത്രത്തോളം വെല്ലുവിളി നിറഞ്ഞതാണെന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു. പുരോഗമനവാദികള്‍, സംസ്‌കാര സമ്പന്നര്‍ എന്നിങ്ങനെ അഭിമാനിക്കുന്ന നമ്മുടെ സമൂഹം ട്രാന്‍സ്‌ജെന്‍ഡറുകളുടെ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുന്നതില്‍ ഇപ്പോഴും പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ്. 

താങ്കള്‍ വരുന്നത് നാടകത്തില്‍നിന്നാണ്. ഒരു അഭിനേതാവ് എന്ന നിലയില്‍ തിയ്യറ്റര്‍ പശ്ചാത്തലം താങ്കളെ എങ്ങിനെ സഹായിച്ചു?

തിയ്യറ്റര്‍  പശ്ചാത്തലം എന്നെ വളരെ സഹായിച്ചിട്ടുണ്ട്. എന്റെ മാതാപിതാക്കള്‍ രണ്ടുപേരും തിയ്യറ്റര്‍ ആര്‍ട്ടിസ്റ്റുകളാണ്. പിതാവ് കൗശിക് സെന്‍ നാടക നടനാണ്. അമ്മ രശ്മി സെന്‍ നര്‍ത്തകിയാണ്. മുത്തശ്ശി ചിത്ര സെന്‍ നടിയാണ്.  തിയ്യറ്ററും നാടകങ്ങളുമെല്ലാം കണ്ടാണ് ഞാന്‍ വളര്‍ന്നത്. അതുകൊണ്ടു തന്നെ എന്റെ വഴി അഭിനയമാണെന്ന് ഞാന്‍ തീരുമാനിച്ചപ്പോള്‍ മാതാപിതാക്കള്‍ തടഞ്ഞില്ല. എനിക്കിഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്യം എനിക്ക് ഉണ്ടായിരുന്നു. സ്‌കൂളില്‍ പഠിച്ച് ക്ലാസില്‍ ഒന്നാമതാകണം, അല്ലെങ്കില്‍ കണക്കില്‍ നൂറില്‍ നൂറ് മാര്‍ക്ക് വാങ്ങണം എന്ന് എന്നോട് ആരും പറഞ്ഞിട്ടില്ല. 
 
എന്റെ ഏറ്റവും വലിയ സുഹൃത്തുക്കള്‍ മാതാപിതാക്കള്‍ ആയിരുന്നു. എനിക്ക് അവരോട് എന്ത് വേണമെങ്കിലും ചോദിക്കാന്‍ സ്വാതന്ത്യമുണ്ടായിരുന്നു. ഭയം എന്ന വികാരം അറിയാതെയാണ് ഞാന്‍ വളര്‍ന്നത്. അഭിനയം ഒരു ജോലിയല്ല, അതൊരു വിഷയമാണ്, എന്ന് പറഞ്ഞ് തന്നത് മാതാപിതാക്കളാണ്. ഞാന്‍ ഇന്ന് എവിടെയെങ്കിലും എത്തി നില്‍ക്കുന്നുവെങ്കില്‍ അതിന് കാരണം അവരാണ്. 

'പാര്‍ച്ച്ഡ്' എന്ന ചിത്രത്തിലൂടെയാണ് താങ്കള്‍ ശ്രദ്ധ നേടുന്നത്. ഒരുപാട് വിവാദങ്ങള്‍ സൃഷ്ടിച്ച സിനിമയാണല്ലോ പാര്‍ച്ച്ഡ്?

പാര്‍ച്ച്ഡ് എന്നെ സംബന്ധിച്ച് ഒരു പ്രധാനപ്പെട്ട സിനിമയാണ്. ലീന യാദവ് എന്ന മികച്ച സംവിധായികയുടെ ചിത്രം. ഒരുപാട് പ്രശ്‌നങ്ങളിലൂടെ കടന്നു പോയ ചിത്രമാണത്. ഒട്ടനവധിപേര്‍ ചിത്രത്തിന് നേരെ വാളെടുത്തു. ഇന്ത്യയിലെ ഉള്‍ഗ്രാമങ്ങളില്‍ ജീവിക്കുന്ന സ്ത്രീകളുടെ അവസ്ഥ തുറന്ന് കാണിക്കുന്ന ചിത്രമായിരുന്നു അത്. സമൂഹത്തോട് പറയേണ്ട വിഷയം എന്താണോ അത് സധൈര്യം തുറന്ന് പറഞ്ഞ ചിത്രം. എന്റേത് നെനെഗറ്റീവ് കഥാപാത്രമായിരുന്നു. ഗുലാബ് എന്നാണ് പേര്. ലീന യാദവ് ആ കഥാപാത്രത്തെക്കുറിച്ച് എന്നോട് പറഞ്ഞപ്പോള്‍ എനിക്ക് അത് ഏറ്റെടുക്കുന്നതില്‍ ഒട്ടും ആശങ്കയുണ്ടായിരുന്നില്ല. ജെയിംസ് കാമറൂണിന്റെ 'ടൈറ്റാനിക്' എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ റസല്‍ കാര്‍പെന്ററായിരുന്നു പാര്‍ച്ചഡിന്റെ ക്യാമറാമാന്‍. അദ്ദേഹം പാര്‍ച്ചഡ് ചെയ്യാന്‍ സമ്മതിച്ചത് ആ സിനിമ  അഭിസംബോധന ചെയ്യുന്ന വിഷത്തിന്റെ തീവ്രത മനസ്സിലാക്കിയത് കൊണ്ടുമാത്രമാണ്. 

കലാകാരന്‍മാര്‍ക്ക് സമൂഹിക പ്രതിബദ്ധത വേണമെന്ന് താങ്കള്‍ കരുതുന്നുവോ?

തീര്‍ച്ചയായും, കലാകാരന്‍മാര്‍ക്ക് സമൂഹിക പ്രതിബദ്ധത വേണം. സമൂഹത്തിന്റെ ഭാഗമാണ് എല്ലാവരും. ഞാനും നിങ്ങളുമെല്ലാം. സിനിമയെയും സമൂഹത്തെയും രണ്ടു വശങ്ങളില്‍ നിര്‍ത്തികൊണ്ട് സംസാരിക്കാന്‍ എനിക്കാകില്ല. ഒരു നല്ല സിനിമ പിറക്കുന്നത് സമൂഹത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴാണ്. പലരും രാഷ്ട്രീയം ഇഷ്ടമല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് കാണാറുണ്ട്. സമൂഹജീവി എന്ന നിലയില്‍ രാഷ്ട്രീയത്തില്‍ നിന്ന് നമുക്ക് ഒഴിഞ്ഞുമാറാന്‍ ആകില്ല. കക്ഷിരാഷ്ട്രീയത്തെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. 

കച്ചവട സിനിമകളിലും ഭാഗമാകാറുണ്ടല്ലോ?

സിനിമയെ സമാന്തര സിനിമ, കച്ചവട സിനിമ എന്നിങ്ങനെ പറഞ്ഞ് മാറ്റി നിര്‍ത്താന്‍ എനിക്കാകില്ല. എന്നിലെ അഭിനേതാവ് എപ്പോഴും സ്വതന്ത്രനായിരിക്കണം. പ്രത്യക പ്രതിഛായയില്‍ കെട്ടി കിടക്കാന്‍ എനിക്ക് താല്‍പര്യവുമില്ല. പ്രദീപ് സര്‍ക്കാര്‍ സംവിധാനം ചെയ്യുന്ന ഹെലികോപ്റ്റര്‍ ഈല ആണ് എന്റെ ഏറ്റവും പുതിയ ചിത്രം. കാജോള്‍ ആണ് ചിത്രത്തിലെ നായിക.

ഒരു സിനിമ വിദ്യാര്‍ഥി എന്ന നിലയില്‍ മലയാള സിനിമകളെ എങ്ങിനെ നോക്കി കാണുന്നു?

മലയാളികള്‍ ബംഗാളി ചിത്രങ്ങള്‍ കാണുന്ന പോലെ ഞങ്ങള്‍ മലയാള സിനിമകള്‍ കാണാറുണ്ട്. ഈയിടെ മലയാളത്തില്‍ ഒരു സിനിമ ചെയ്യാന്‍ എനിക്ക് അവസരം കിട്ടിയിരുന്നു. പക്ഷേ ഏറ്റെടുക്കാന്‍ സാധിച്ചില്ല. മറ്റു സിനിമകളുടെ ഡേറ്റുമായി കൂട്ടിമുട്ടി. മലയാളത്തില്‍ നിന്ന് നല്ല കഥാപാത്രങ്ങള്‍ എന്നെ തേടിയെത്തിയാല്‍ ഞാന്‍ തീര്‍ച്ചയായും അഭിനയിക്കും.

IFFI2018, IFFIGOA2018, International Film Festival of India, Riddhi Sen, Parched, Nagarakeerthan, Bengali movies, Exclusive Interview