ദീപ്തി ശിവൻ സംവിധായികയാണ്. സംവിധായകൻ സഞ്ജീവ് ശിവന്റെ ഭാര്യയാണ്. എന്നാൽ, ഈ വേഷങ്ങൾ അണിയുന്നതിന് മുൻപേ മലയാളി പ്രേക്ഷകർ ദീപ്തിയെ കണ്ടിട്ടുണ്ട്. കണ്ട് ഇഷ്ടപ്പെട്ടിട്ടുണ്ട്. വേണു നാഗവള്ളിയുടെ കളിപ്പാട്ടത്തിൽ മോഹൻലാലിന്റെ മകളുടെ വേഷത്തിലാണ് ദീപ്തി ആദ്യമായി സിനിമയിലെത്തുന്നത്. വർഷങ്ങൾക്കുശേഷം സിനിമയിലെത്തുന്നത്  ഗായകനും സംഗീത സംവിധായകനുമായ ശങ്കർ മഹാദേവന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ഡീകോഡിങ് ശങ്കർ എന്ന ഡോക്യുമെന്ററിയുമായാണ്. ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട് ഈ ചിത്രം. വിദ്യാഭ്യാസത്തിന്റെയും ജോലിയുടെയും പേരിൽ സമ്മർദ്ദം അനുഭവിക്കുന്ന പുതുതലമുറയ്ക്ക് പ്രചോദനമേകാനാണ് താൻ ഈ സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ദീപ്തി മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

എന്തുകൊണ്ട് ശങ്കർ മഹാദേവൻ?

ശങ്കർ മഹാദേവൻ പുതിയ തലമുറയ്ക്ക് ഒരു വലിയ പ്രചോദനമാണ്. ഇന്ത്യ മുഴുവൻ ആരാധകരുള്ള ഒരു ഗായകനാണ് അദ്ദേഹം. പഠിക്കാൻ മിടുക്കനായിരുന്നു അദ്ദേഹം. എഞ്ചിനീയറിങ് പാസായി ഒറാക്കിളിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് അദ്ദേഹം അതെല്ലാം ഉപേക്ഷിച്ച് സംഗീതത്തിന്റെ വഴി തിരഞ്ഞെടുത്തത്. അതൊരു വലിയ തീരുമാനമായിരുന്നു. 

പുതിയ തലമുറയ്ക്ക് ഇൗ ചിത്രത്തിലൂടെ നൽകാൻ ഉദ്ദേശിക്കുന്ന സന്ദേശം?

പുതിയ തലമുറയ്ക്ക് മാത്രമല്ല, ഇത് മാതാപിതാക്കൾക്ക് കൂടിയുള്ള ഗുണപാഠമാണ്. പുതിയ കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിന്റെ പേരിൽ മാതാപിതാക്കൾ കുട്ടികൾക്ക് കൊടുക്കുന്ന സമ്മർദ്ദം വളരെ വലുതാണ്. കുട്ടികളുടെ ആഗ്രഹത്തിനനുസരിച്ച് അവരുടെ കരിയർ തിരഞ്ഞെടുക്കാൻ എത്ര മാതാപിതാക്കൾ അനുവദിക്കും? പ്രൊഫഷണൽ വിദ്യാഭ്യാസത്തിന്റെ കാലഘട്ടത്തിൽ എല്ലാവർക്കും എഞ്ചിനീയറും ഡോക്ടറുമാകണം. അല്ലെങ്കിൽ മറ്റേതെങ്കിലും പ്രൊഫഷണൽ കോഴ്സ്. ആർട്ട്സ് അല്ലെങ്കിൽ സ്പോർട്ട്സ് പിന്തുടരാൻ പോകുമ്പോൾ സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരുന്ന വെല്ലുവിളി വലുതാണ്. ശങ്കർ മഹാദേവൻ ജീവിതത്തിലെ നിർണായക ഘട്ടത്തിൽ സംഗീതം ഉപജീവനമാക്കി. അല്ലെങ്കിൽ സിലിക്കൺ വാലിയിൽ എവിടെയെങ്കിലും എഞ്ചിനീയറായി ജോലി ചെയ്തേനെ. ഏതെങ്കിലും ഒരു  ജോലിചെയ്യാനല്ല നമ്മൾ പഠിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ഉദ്ദേശവും അതല്ല. ഈ സിനിമയിലൂടെ ഞാൻ പറയാൻ ആഗ്രഹിക്കുന്നത് അതു തന്നെയാണ്. കലാപരമായ കഴിവുകൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ‌ അത് വളർത്തിയെടുക്കൂ. 

ശങ്കർ മഹാദേവനിൽ നിന്ന് താങ്കൾ പഠിച്ചത് എന്താണ്?

അദ്ദേഹത്തിൽ ഞാൻ ഒരുപാട് ഗുണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്ത് പ്രശ്നം വന്നാലും അതിനെ ചിരിച്ച് നേരിടുന്ന വ്യക്തിയാണ് അദ്ദേഹം.  ആ ഗുണമാണ് എന്നെ സ്വാധീനിച്ചത്. ചെറിയ കാര്യങ്ങൾക്ക് കൂടി ടെൻഷൻ അടിക്കുന്ന ഒരു വ്യക്തിയായിരുന്നു ഞാൻ. എന്നാൽ അദ്ദേഹത്തിൽ നിന്നാണ്. ഈ നിമിഷത്തിൽ ജീവിക്കൂ എന്ന് അദ്ദേഹം പറയും. എല്ലാ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ട്. 

സിനിമയിലേക്ക്?

എന്റെ ആദ്യത്തെ സിനിമ നിങ്ങൾ എല്ലാവരും ഓർക്കുന്നുണ്ടാകും. മോഹൻലാൽ നായകനായ കളിപ്പാട്ടത്തിൽ (1993)  അദ്ദേഹത്തിന്റെയും ഉർവശിയുടെയും മകളായി അഭിനയിച്ചത് ഞാനായിരുന്നു. വേണു നാഗവള്ളിയാണ് ചിത്രത്തിന്റെ സംവിധായകൻ. അദ്ദേഹമാണ് സിനിമയിൽ എനിക്കൊരു തുടക്കം തന്നത്. അതിന് അദ്ദേഹത്തോട് ഓരുപാട് നന്ദിയുണ്ട്. ആ സമയത്ത് ഞാൻ എൽ.എൽ.ബി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പഠിക്കണമെന്ന് എന്റെ അച്ഛന് നിർബന്ധം ഉണ്ടായിരുന്നു. പഠിത്തം പൂർത്തിയാക്കിയിട്ട് മതി സിനിമയെന്ന് അദ്ദേഹം പറഞ്ഞു. എൽ.എൽ.ബി പൂർത്തിയാക്കി കുറച്ച് കഴിഞ്ഞപ്പോൾ കല്യാണം കഴിഞ്ഞു. സംവിധായകൻ സഞ്ജീവ് ശിവനാണ് ഭർത്താവ്. സിനിമയുമായി ചേർന്ന് നിൽക്കുന്ന കുടുംബമാണ്. എല്ലാവരും സിനിമാക്കാർ. സഞ്ജീവാണ് എന്നോട് സിനിമ എടുക്കണമെന്നും മടി പിടിച്ച് ഇരിക്കരുതെന്നും പറഞ്ഞത്. അതു തന്നെയായിരുന്നു എനിക്ക് ഏറ്റവും വലിയ പ്രചോദനം. 

ഡോക്യുമെന്ററിയെക്കുറിച്ച് ശങ്കർ മഹാദേവൻ എന്തു പറഞ്ഞു?

സിനിമയുടെ സ്ക്രീനിങ് കാണാൺ ശങ്കർ മഹാദേവനും കുടുംബവും ഉണ്ടായിരുന്നു. അദ്ദേഹത്തിന് വളരെ സന്തോഷമായി. കാലങ്ങൾ എത്ര കഴിഞ്ഞാലും ജനങ്ങൾ തന്നെ ഈ ചിത്രത്തിലൂടെ ഓർക്കുമെന്നാണ് ശങ്കർ പറഞ്ഞത്. അദ്ദേഹവും ഭാര്യയും വന്ന് എന്നെ കെട്ടിപ്പിടിച്ചു. സാധാരണ ഒരു വ്യക്തിയെ ഫീച്ചർ ചെയ്യുമ്പോൾ എടുക്കുമ്പോൾ ഓരുപാട് വിവാദങ്ങൾ ഉണ്ടാകാറുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ സംബന്ധിച്ച് വലിയ അംഗീകാരമായിരുന്നു.

Content Highlights: Kalippattam Mohanlal Deepthi Sivan Malayalam Movie IFFI Decoding Shankar Documentary