തങ്കമീന്‍കള്‍, തരമണി, കാട്രത് തമിഴ് എന്നീ ചിത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകനാണ് റാം. മമ്മൂട്ടിയെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത  പേരന്‍പ് ഗോവ ചലച്ചിത്രമേളയില്‍ വലിയ ചര്‍ച്ചയായി. വലിയ തിരക്കാണ് പേരന്‍പിന്റെ പ്രദര്‍ശനത്തോടനുബന്ധിച്ച് തിയ്യറ്ററിന് മുന്‍പില്‍ ഉണ്ടായത്. ഒരു പക്ഷേ മേളയില്‍ സിനിമ കാണാന്‍ ആകാതെ ഏറ്റവും കൂടുതല്‍  ആളുകള്‍ നിരാശയോടെ തിരികെ പോയത് പേരന്‍പിന്റെ പ്രദര്‍ശനത്തിനായിരിക്കും. പ്രതിനിധികളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് പേരന്‍പ് വീണ്ടും പ്രദര്‍ശനത്തിനെത്തുകയാണ് മേളയില്‍.

അമുദന്‍ എന്ന ടാക്‌സി ഡൈവ്രറിന്റെയും സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ സഞ്ചരിക്കുന്ന മകളുടെയും ജീവിതമാണ് പേരന്‍പ്. മമ്മൂട്ടി അമുദനായെത്തിയപ്പോള്‍ മകളായി വേഷമിട്ടത് തങ്കമീന്‍കളിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച  സാധന. പേരന്‍പിന് ലഭിച്ച സ്വീകരണത്തില്‍  തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് റാം പറഞ്ഞു. ഒപ്പം സിനിമയുടെ വിശേഷങ്ങളും മാതൃഭൂമി ഡോട്ട്‌കോമുമായി പങ്കുവയ്ച്ചു. 

പത്ത് വര്‍ഷത്തെ അധ്വാനമാണ് പേരന്‍പ്

പ്രകൃതി എല്ലാവരെയും സൃഷ്ടിച്ചിരിക്കുന്നത് വ്യത്യസ്തമായാണ്. എന്നാല്‍ പരിപാലിക്കുന്നത് ഒരു പോലെയും. ഇതെത്ര ക്രൂരമാണ്...!  ഈ ആശയത്തില്‍നിന്നാണ് പേരന്‍പ് മനസ്സില്‍ പിറവിയെടുക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ട്രെയിന്‍ യാത്രയ്ക്കിടെ ഞാനൊരു സ്ത്രീയെ പരിചയപ്പെട്ടു. സ്പാസ്റ്റിക് പരാലിസിസ് എന്ന അവസ്ഥയുള്ള ഒരു കുട്ടിയുടെ അമ്മയായിരുന്നു അവര്‍. അവര്‍ പറഞ്ഞ കാര്യങ്ങള്‍ എന്നെ വല്ലാതെ സ്വാധീനിച്ചു. 2005-ലാണ് സംഭവം. സ്പാസ്റ്റിക് അവസ്ഥയുള്ള കുട്ടികളെ ചികിത്സിക്കുന്ന സംഘടനകളുമായി ചേര്‍ന്ന് ഞാന്‍ പ്രവര്‍ത്തിച്ചു. ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന കുട്ടികളുടെ മാതാപിതാക്കളെ കണ്ട് സംസാരിച്ചു. എല്ലാവര്‍ക്കും പറയാനുള്ളത് വ്യത്യസ്തമായ കഥകള്‍. നമ്മുടെ സമൂഹത്തില്‍ ഇവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യാനുള്ള ഒരു സംവിധാനം ഇല്ല. ഈ അനുഭവങ്ങളെല്ലാം ചേര്‍ത്തുവച്ചാണ് പേരന്‍പ് എഴുതിയത്.

ഒന്നിനെ മറ്റൊന്നുമായി താരതമ്യം ചെയ്യുന്നത് ക്രൂരമാണ്. 

പ്രകൃതിയുടെ വ്യത്യസ്ത ഭാവങ്ങളിലൂടെയാണ് കഥ പറയുന്നത്. പ്രകൃതിക്ക് വേര്‍തിരിവില്ല. മനുഷ്യരാണ് എല്ലാത്തിനെയും വേര്‍തിരിക്കുന്നത്. അതുപോലെ എല്ലാറ്റിനെയും നമ്മള്‍ താരതമ്യം ചെയ്യും. വ്യക്തികളെ പരസ്പരം താരതമ്യം ചെയ്യും. ഒരാള്‍ മറ്റൊരാളേക്കാള്‍ നല്ലതാണെന്ന് പറയും. ഇത് നല്ലത്, അത് ചീത്ത എന്ന് പറയും. പരസ്പരം താരതമ്യം ചെയ്യുന്നത് ക്രൂരമാണ്്.
 
മമ്മൂട്ടി ഇല്ലെങ്കില്‍ ഈ സിനിമയില്ല

2009-ല്‍ തിരക്കഥ പൂര്‍ത്തിയായി. ആരായിരിക്കണം അമുദന്‍ എന്നു ചിന്തിച്ചപ്പോള്‍ ഒരു മുഖമേ മനസ്സില്‍ വന്നുള്ളൂ. മ്മൂക്കയുടേത്. പണ്ടു മുതലേ നന്നായി മലയാളം സിനിമകള്‍ കാണുന്ന ഒരാളാണ് ഞാന്‍. മമ്മൂക്കയുടെ സുകൃതം, അമരം, തനിയാവര്‍ത്തനം, മൃഗയ... ഇതെല്ലാം എന്റെ പ്രിയപ്പെട്ട സിനിമകളാണ്. പിന്നെ വടക്കന്‍ വീരഗാഥ, എം.ടി വാസുദേവന്‍ നായര്‍ സാറിന്റെ സിനിമകളും എഴുത്തും എന്നെ സ്വാധീനിച്ചിട്ടുണ്ട്. മമ്മൂക്ക ഈ സിനിമ ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ ഞാനിത് ഉപേക്ഷിക്കുമായിരുന്നു. 

സാധനയ്ക്ക് വേണ്ടി നാലര വര്‍ഷം

തങ്കമീന്‍കളിലാണ് ഞാന്‍ സാധനയെ ആദ്യമായി കൊണ്ടുവരുന്നത്. ഞാന്‍ തന്നെയായിരുന്നു അതിലെ ഒരു പ്രധാനവേഷം ചെയ്തത്. എന്റെ മകളുടെ വേഷമാണ് സാധന ചെയ്തത്. ചെല്ലമ്മ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. അച്ഛനും മകളുമായി ഞങ്ങള്‍ അഭിനയിച്ചു. എനിക്ക് അവള്‍ മകളെപ്പോലെയാണ്. സാധന എന്നൊന്നും ഞാന്‍ വിളിക്കാറില്ല. ചെല്ലമ്മ എന്നാണ് വിളിക്കാറ്. അവള്‍ക്ക് ഒരുപാട് കഴിവുകളുണ്ട്. ഈ ചെറിയ പ്രായത്തില്‍ തന്നെ സാമൂഹിക വിഷയങ്ങളെക്കുറിച്ചൊക്കെ അവള്‍ക്ക് ധാരണയുണ്ട്. തങ്കമീന്‍കള്‍ ചെയ്തു കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു കാര്യം തീരുമാനിച്ചിരുന്നു. പേരന്‍പിലും അവള്‍ അഭിനയിച്ചാല്‍ മതിയെന്ന്. അന്ന് അവള്‍ ചെറിയ കുട്ടിയായിരുന്നു. നാലര വര്‍ഷങ്ങള്‍ ഞാന്‍ അവള്‍ക്ക് വേണ്ടി കാത്തിരുന്നു. പേരന്‍പില്‍ കൗമാരപ്രായത്തില്‍ എത്തി നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ വേഷമാണ്. 

പ്രേക്ഷക പ്രതികരണം

മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒരുപാട് പേര്‍ സിനിമ കാണാന്‍ കഴിഞ്ഞില്ലെന്ന് പരിഭവം പറഞ്ഞു. കണ്ടവരില്‍ ചിലര്‍ കരഞ്ഞുവെന്നും പറഞ്ഞു. റോട്ടര്‍ഡാം, ഷാങ്ഹായ് ചലച്ചിത്രമേളകളില്‍ വിദേശ സിനിമാ പ്രേക്ഷകരും നല്ല അഭിപ്രായം പറഞ്ഞു. വളരെ സന്തോഷം.

വ്യത്യസ്തമായ പ്രമേയങ്ങളിലൂടെയും പരിചരണത്തിലൂടെയും തമിഴ് സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനാണ് റാം. 2007-ല്‍ പുറത്തിറങ്ങിയ കാറ്റ്രത് തമിഴ് എന്ന സിനിമയിലൂടെയായിരുന്നു റാമിന്റെ സിനിമാ പ്രവേശം. ആറ് വര്‍ഷങ്ങക്ക് ശേഷം തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ വീണ്ടും റാം തന്റെ സാന്നിധ്യമറിയിച്ചു. മികച്ച പ്രേക്ഷക പ്രതികരണത്തിനൊപ്പം ദേശീയ ചലച്ചിത്ര അവാര്‍ഡുകളും വാരിക്കൂട്ടിയാണ് തങ്കമീന്‍കള്‍  ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഒരു അധ്യായം കുറിച്ചത്.  

പിന്നീട്  2017ല്‍ പുറത്തിറങ്ങിയ താരാമണി എന്ന ചിത്രത്തിലൂടെ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം റാം ഗംഭീര തിരിച്ചുവരവ് നടത്തി. രാജ്യാന്തര ചലച്ചിത്ര മേളകളില്‍ താരാമണി മികച്ച അഭിപ്രായം നേടുകയും നിരൂപക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത പേരന്‍പ് എന്ന സിനിമയിലൂടെ റാം തന്റെ വിജയഗാഥ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുകയാണ്.

ContentHighligts:Peranmb tamil movie, mamooty, director ram interview, peranmb actress sadhana, IFFI 2018