മികച്ച നവാഗത സംവിധായകന്‍, മികച്ച സിനിമ തുടങ്ങിയ ദേശീയ ചലച്ചിത്ര ബഹുമതികളടക്കം ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ സിന്‍ജാറിന് ഇന്ത്യന്‍ പനോരമയില്‍ മികച്ച പ്രതികരണം. ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് മണിക്കൂര്‍ തികയുന്നതിന് മുന്‍പേ ഹൗസ് ഫുള്‍ ആയ ചിത്രത്തിന് വേണ്ടി റഷ് ക്യൂവില്‍ പ്രേക്ഷകകര്‍ മണിക്കൂറുകള്‍ കാത്തു നിന്നു. ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം. 

പാമ്പള്ളി എന്ന നവാഗത സംവിധായകന്റെ 'സിന്‍ജാര്‍' ഇതിനകം വിദേശ-ദേശീയ ചലച്ചിത്രമേളകളില്‍ പ്രത്യേകം പരിഗണന ലഭിക്കുകയും ജനസമ്മിതി നേടിയെടുക്കുയും ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് ഭാഷയായ 'ജസരി'യിലെ ആദ്യ ചലച്ചിത്രമാണ് സിന്‍ജാര്‍. കൂടാതെ ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ ഐലന്റ് ചിത്രവും എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. ഷിംല ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ലയ്ക്ക് സിറ്റി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍, ദില്ലി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ബ്രിസ്‌ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ആസിയാന്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍, മെല്‍ബണ്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി പത്തോളം ചലച്ചിത്രോത്സവങ്ങളില്‍ മികച്ച പ്രതികരണമാണ് ഈ ചിത്രം സൃഷ്ടിച്ചത്. മികച്ച ചലച്ചിത്രം, ഛായാഗ്രാഹകന്‍, സംവിധായകന്‍ എന്നീ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ 'സിന്‍ജാര്‍'  വരാനിരിക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ മത്സരവിഭാഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഇറാഖിലെ സിന്‍ജാര്‍ പ്രവിശ്യയില്‍നിന്നു ഐ.എസ്. ഭീകരര്‍ ബന്ദികളാക്കിയ യുവതികളില്‍ രണ്ട് പേര്‍ ലക്ഷദ്വീപിലെ കവരത്തി നിവാസികളായ സ്ത്രീകള്‍. കടുത്ത ലൈംഗികാതിക്രമങ്ങളില്‍പ്പെട്ടുപോവുന്ന നിസ്സഹായരായ ആ യുവതികളെ ഇന്ത്യന്‍ സര്‍ക്കാര്‍ തിരിച്ച് നാട്ടിലെത്തിക്കുന്നു. തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന സംഭവവികാസങ്ങളാണ് സിന്‍ജാര്‍. വര്‍ഷങ്ങളായി സിനിമാരംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന ഷിബു ജി.സുശീലനാണ് നിര്‍മ്മാതാവ്. സെവന്‍ത്ത് ഡേ എന്ന ഹിറ്റ് ചിത്രത്തിന്റെ നിര്‍മ്മാതാവാണ് ഷിബു.

ബുദ്ധിമുട്ടുകളും അനുഭവങ്ങളും

സിനിമയുടെ നിര്‍മ്മാണത്തില്‍ സാധാരണ മറ്റു നവാഗത സംവിധായകര്‍ക്ക് ഉണ്ടാവുന്നതിലും പതിന്‍മടങ്ങ് ബുദ്ധിമുട്ട് ഉണ്ടായ ചലച്ചിത്രമാണ് സിന്‍ജാര്‍. ആദ്യകടമ്പ ഷൂട്ടിങ് പെര്‍മിറ്റ് നേടിയെടുക്കുകയായിരുന്നു. ലക്ഷദ്വീപ് യൂണിയന്‍ ടെറിട്ടറി ആയതിനാല്‍ ന്യൂഡല്‍ഹിയിലെ അഡ്മിനിസ്ട്രേഷന്‍ വഴി വേണം അനുമതി ലഭിക്കാന്‍. ലക്ഷദ്വീപിലെ പ്രത്യേക സാഹചര്യവും സാമൂഹിക ചുറ്റുപാടുകളും വിലങ്ങുതടിയായി. ദ്വീപിലെ വിവിധ വകുപ്പുകളെയും വിഭാഗങ്ങളെയും ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു. 

മാസങ്ങളോളം ഓരോ വിഭാഗത്തിലുള്ളവരേയും നേരില്‍ കണ്ട്, കാര്യങ്ങള്‍ അവതരിപ്പിച്ചു. ജസരിയിലെ ആദ്യ ചലച്ചിത്രമായതിനാല്‍ എല്ലാ വിഭാഗക്കാരും പൊതുജനങ്ങളും ചിത്രത്തോട് സഹകരിച്ചു. അങ്ങനെ ജില്ലാ പഞ്ചായത്ത് എന്‍.ഒ.സി. നല്‍കി. കവരത്തി നിവാസി യാസര്‍ അറഫാത്ത് ഖാന്‍ സഹായി മാത്രമല്ല സ്‌പോണ്‍സര്‍ കൂടിയായി. തബ്ഷീര്‍, അംജദ് എന്നിവര്‍ കൂടി എത്തിയതോടെ അണിയറ പ്രവര്‍ത്തനം സജീവമായി. രണ്ട് വര്‍ഷം കൊണ്ടാണ് ഷൂട്ടിങ് അനുമതി ലഭിക്കുന്നത്. 

അടുത്ത  പ്രതിസന്ധി ഒരു ദ്വീപിനകത്ത് ചിത്രീകരിക്കുമ്പോള്‍ ഉണ്ടാവുന്ന പരിമിതികളായിരുന്നു. ആവശ്യമുള്ള എല്ലാ സാധനങ്ങളും മെയിന്‍ ലാന്‍ഡില്‍നിന്ന് അവിടെ എത്തിക്കണം. നാട്ടില്‍ കിട്ടുന്നതുപോലെ പെട്ടെന്ന് സാധനങ്ങളൊന്നും അവിടെ ലഭ്യമാവില്ല. പ്രത്യേകിച്ച് ടെക്നിക്കല്‍ ഉപകരണങ്ങള്‍.

ജസരി പ്രതിസന്ധി ആയിരുന്നോ?

ജസരി എന്ന ഭാഷ ലക്ഷദ്വീപ് സമൂഹത്തില്‍ മാത്രം നിലനില്‍ക്കുന്ന സംസാരഭാഷയാണ്. ലിഖിതരൂപം ഇല്ലാത്ത ഭാഷ. ലിപി ഇല്ലാത്തതിനാല്‍ എഴുതപ്പെട്ട സാഹിത്യം ഇനിയും ഉണ്ടായിട്ടില്ല. എഴുത്തുഭാഷ ഇല്ലാത്തിടത്ത് ദൃശ്യഭാഷയെ കുറിച്ച് ആരും ആലോചിച്ചിരുന്നില്ല. സംസ്ഥാന അവാര്‍ഡ് ലഭിച്ച  'ലോറി ഗേള്‍' എന്ന ചിത്രവുമായി അഞ്ചു വര്‍ഷം മുന്‍പ് കവരത്തിയില്‍ എത്തിയപ്പോഴാണ് ജസരി കേള്‍ക്കുന്നത്. സിന്‍ജാര്‍ മലയാളത്തില്‍ ചെയ്യാന്‍ തീരുമാനിക്കുകയും അക്കാര്യം പ്രൊഡ്യൂസറായ ഷിബു.ജി.സുശീലനുമായി സംസാരിക്കുകയും ചെയ്തു. ആ സന്ദര്‍ഭത്തില്‍ അദ്ദേഹത്തോട് ഇത്തരത്തില്‍ ഒരു ഭാഷ നിലനില്‍ക്കുന്നത് പറഞ്ഞപ്പോള്‍, അദ്ദേഹമാണ് ജസരിയില്‍ ചെയ്യുന്നതിനെപ്പറ്റി ചിന്തിക്കുന്നത്. മലയാളത്തില്‍ എഴുതപ്പെട്ട സിനിമ പിന്നീട് ജസരിയിലേക്ക് മാറ്റുകയായിരുന്നു.

മാസങ്ങളോളം അവിടെ താമസിച്ചു. സാധാരണ ജനങ്ങളുമായി നിരന്തര സമ്പര്‍ക്കം ഉണ്ടായപ്പോള്‍ തിരക്കഥ ജസരിയിലേക്ക് മാറ്റുക താരതമ്യേന എളുപ്പമായി. മംഗ്ലീഷ് എഴുതുന്നതുപോലെ മലയാളത്തില്‍ തന്നെയാണ് ഈ ചിത്രത്തിന്റെയും തിരക്കഥ തയ്യാറാക്കിയത്.  പിന്നീട് ജസരിയിലെ പൂര്‍ണ്ണമായ തിരക്കഥയായി ഇത് മാറുകയായിരുന്നു.

ഭാഷ വില്ലനായി മാറിയത് ഷൂട്ടിങ് സന്ദര്‍ഭത്തിലായിരുന്നു. സിന്‍ട്ര, മൈഥിലി,  മുസ്തഫ, ബിനോയ് നമ്പാല, ദിലീപ് മുന്‍ഷി, സജാദ് ബ്രൈറ്റ്, സേതുലക്ഷ്മി അമ്മ തുടങ്ങയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പലര്‍ക്കും ഭാഷ കീറാമുട്ടിയായി. സംഭാഷണങ്ങള്‍ നാവിനു വഴങ്ങിയതേയില്ല. ഔരി റഹ്‌മാന്‍, സിയാദ്, റോഷന്‍ ചെത്തിലാത്ത് എന്നിവര്‍ തുടര്‍ച്ചയായി സെറ്റിലുണ്ടായിരുന്നു. അവര്‍ ഓരോ വാക്കുകളും പഠിപ്പിച്ചു. ഉച്ചരിക്കാന്‍ ഏറെ പ്രയാസമുള്ള തിരക്കഥയിലെ വാക്കുകള്‍ക്ക് പകരം വാക്കുകള്‍ അവര്‍ കൊണ്ടുവന്നു. 16 ദിവസം കൊണ്ട് ഷൂട്ടിങ് പൂര്‍ത്തിയാക്കിയ സിനിമയിലെ ഏറ്റവും വലിയ വെല്ലുവിളി ഇതായിരുന്നു. 

ദേശീയ പുരസ്‌കാരത്തെക്കുറിച്ച്

മലയാളികള്‍ക്ക് അഭിമാനമായി മാറിയ ചിത്രമാണ് സിന്‍ജാര്‍. പക്ഷേ, വലിയ മാധ്യമശ്രദ്ധ കിട്ടിയില്ല. ഇന്ത്യന്‍ പനോരമ, കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവല്‍, ഐ.എഫ്.എഫ്.കെ എന്നിവയില്‍ ഒരേ സമയം എന്‍ട്രി ലഭിച്ച മറ്റൊരു ചലച്ചിത്രം ഇത്തവണ ഇല്ലെന്നു തന്നെ പറയാം. കടുത്ത അവഗണനയാണ് ചിത്രത്തോട് മാധ്യമങ്ങള്‍ കാണിച്ചത്. കൂടാതെ ദേശീയ ചലച്ചിത്ര പുരസ്‌കാരചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയിലെ മികച്ച സംവിധായകനും നവാഗത സംവിധായകനും ഒരു സംസ്ഥാനത്തിന് സ്വന്തമാവുന്നത്. മികച്ച നവാഗത സംവിധായകനായ ഞാനും മികച്ച സംവിധായകനായ ജയരാജ് സാറും ഒരുമിച്ച് നിന്ന് ഫെയ്സ്ബുക്കില്‍ ഇത്തരത്തില്‍ പറഞ്ഞുകൊണ്ട് പോസ്റ്റ് ഇട്ടിട്ടും പലര്‍ക്കും ഈ ചരിത്ര മുഹൂര്‍ത്തത്തെ തിരിച്ചറിയാനായില്ല.

ചിത്രത്തിന്റെ ഛായാഗ്രഹണം സഞ്ചയ് ഹാരിസും എഡിറ്റിങ് ലിജോ പോളുമാണ് നിര്‍വ്വഹിച്ചത്. പശ്ചാത്തല സംഗീതം ദിലീപ് സിംഗ്, സംഗീതം സതീഷ് രാമചന്ദ്രന്‍, വസ്ത്രാലങ്കാരം കുഞ്ഞപ്പന്‍ പാതാളം. അജിത്ത് വേലായുധന്‍ അസോസിയേറ്റ് ഡയറക്ടറും ബിജു അഗസ്റ്റിന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായി. സിന്‍ജാറിന്റെ റിലീസിന് കാത്തിരിക്കുകയാണ് ചലച്ചിത്രപ്രേമികള്‍.

ContentHighlights: IFFI 2018, Goa film festival, sinjaar malaylam movie, mythili actress