സുഡാനി ഫ്രം നൈജീരിയയുടെ കഥയും കഥാപാത്രങ്ങളും കണ്ടെത്തുക എന്നത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയ കാര്യമായിരുന്നില്ലെന്ന് സംവിധായാകന്‍ സക്കറിയ മുഹമ്മദ്. 49-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള വേദിയില്‍ മാതൃഭൂമി ഡോട് കോമിനോട് സംസാരിക്കുകയായിരുന്നു സക്കറിയ. മേളയിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷവും സക്കറിയ പങ്കുവച്ചു.

സക്കറിയയുടെ വാക്കുകള്‍

ഇന്ത്യന്‍ പനോരമയിലേക്ക് സുഡാനി ഫ്രം നൈജീരിയ തിരഞ്ഞെടുത്തിക്കപ്പെട്ടതില്‍ സന്തോഷം. ഞാന്‍ 2004 മുതല്‍ ഐ.എഫ്.എഫ്.കെയില്‍ ഡെലിഗേറ്റ് ആയി പോകുന്നതാണ് . ഇത്തരത്തിലുള്ള ചലച്ചിത്ര മേളകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു ഫിലിം മേക്കര്‍ ആണ് ഞാന്‍.
ഇത് എന്റെ ആദ്യത്തെ അന്തരാരാഷ്ട്ര ചലച്ചിത്ര മേളയാണ്. അപ്പോള്‍ അതില്‍ സ്വന്തം സിനിമയുമായി വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇന്ത്യന്‍ പനോരമ ഇന്ത്യന്‍ സിനിമയുടെ ഷോ കേസ് ആണ്. പല എന്റെ സിനിമ തിയ്യേറ്ററുകളിലും ഡി.വി.ഡികളിലുമായി ആളുകള്‍ കണ്ടു കഴിഞ്ഞതാണ. അത് വലിയൊരു വിഭാഗം ആളുകളിലേക്കും എത്തുന്നു എന്നത് സന്തോഷകരമാണ്.

എന്നെ സംബന്ധിച്ചിടത്തോളം 'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമയുടെ കഥാതന്തു ലഭിക്കുന്നത് എനിക്ക് ചുറ്റും നിന്നാണ്. ഞാന്‍  മലപ്പുറത്ത് ജനിച്ച് വളര്‍ന്ന് അവിടെ തന്ന പഠിച്ചു വന്ന ഒരാളാണ്. ഈ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുമായി ബന്ധപെട്ടു നടക്കുന്ന കാര്യങ്ങള്‍-ടൂര്‍ണമെന്റുകള്‍, സംഘാടകര്‍, മാനേജര്‍മാര്‍, ഫുട്‌ബോള്‍ ക്ലബുകള്‍ ഇതൊക്കെ നമുക്ക് ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്.

ഒരു സിനിമാമോഹം കൊണ്ട് നടക്കുന്ന ആളെന്ന നിലയ്ക്ക് ഒരുപാട് കഥകള്‍ എഴുതി നോക്കുകയും മറ്റും ചെയ്യാറുണ്ടായിരുന്നു. സുഡാനിയുടേത് ഒരു റീജിയണല്‍ കണ്ടന്റ് ആണ്. അപ്പോള്‍ സ്വാഭാവികമായും ആ കണ്ടന്റ് സിനിമയാക്കുമ്പോള്‍, അതില്‍ പരിസരത്തുള്ള ആളുകളായിരിക്കും കഥാപാത്രമായെത്തുക. എന്നെ സംബന്ധിച്ചിടത്തോളം അത് പണിപ്പെട്ട പണി ആയിരുന്നില്ല. ഞാന്‍ കണ്ട കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും വച്ചിട്ടാണ് ഇതിന്റെ തിരക്കഥ രൂപപെരുത്തിയിരിക്കുന്നത്.
 സക്കറിയ പറയുന്നു

Content Highlights : IFFI 2018 Goa Indian Panorama sudani from nigeria  Zakariya Soubin samuel abiola IFFI 2018