ടി വിപ്ലവം ചെന്നൈ നഗരത്തിലെ സാധാരണക്കാരുടെ ജീവിതം മാറ്റിമറിച്ചതെങ്ങിനെയാണ് എന്ന് അന്വേഷിക്കുകയാണ് 'ടു ലെറ്റ്' എന്ന ചിത്രം. എഴുത്തുകാരനായ ഇളങ്കോ, ഭാര്യ അമുദ, മകന്‍ സിദ്ധാര്‍ഥ് എന്നിവരിലൂടെയാണ് സാങ്കേതിക വിജ്ഞാന മുന്നേറ്റത്തിന്റെ  മറ്റൊരു വശം ടു ലെറ്റിലൂടെ  സംവിധായകന്‍ ചെഴിയാന്‍ റാ ആവിഷ്‌കരിക്കുന്നത്. ഏതു വികസനത്തിനും രണ്ടു മുഖങ്ങളുണ്ടെന്ന യാഥാര്‍ഥ്യം ഒരിക്കല്‍ കൂടി  ഓര്‍മിപ്പിക്കുകയാണ് ഈ തമിഴ്ചിത്രം.

കൂടുതല്‍ വാടക നല്‍കാന്‍ കെല്‍പ്പുള്ള ഐ.ടി ജീവനക്കാര്‍ വാടക വീടുകള്‍ കൈയടക്കുമ്പോള്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ഒരു സാധാരണ കുടുംബത്തിന് ഇറങ്ങിപ്പോകേണ്ടി വരുന്നു. ഈ വിഷമസന്ധി ടു ലെറ്റ്  അതി തീവ്രമായി പ്രേക്ഷകരിലേക്കെത്തിക്കുന്നു. രാജ്യാന്തര ചലച്ചിത്ര മേളയില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടൂ ലെറ്റില്‍ ഷീല രാജ്കുമാര്‍, ധരുണ്‍ ബാല, സന്തോഷ് ശ്രീറാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് ഇന്ത്യകളുടെ കഥയാണിത്.

തന്റെ ജീവിതാനുഭവത്തിന്റെ നേര്‍സാക്ഷ്യമാണ് ടൂ ലെറ്റ് എന്ന് സംവിധായകന്‍ ചെഴിയാന്‍ റാ മാതൃഭൂമിയോട്  പറഞ്ഞു. '' ടു ലെറ്റ് എന്റെ  അനുഭവമാണ്. ആഗോള വത്കരണവും ഐ.ടി വിപ്ലവവും സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അതേ സമയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമിടയിലെ അന്തരം വല്ലാതെ വര്‍ദ്ധിക്കാനും ഇതിടയാക്കി.  വലിയൊരു  വിഭാഗം ആളുകളെ കടുത്ത അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടു.  ചെന്നൈയില്‍ താമസിക്കാനായി ഞാന്‍ ഒരു വീട് അന്വേഷിച്ചിറങ്ങി. പക്ഷേ എല്ലായിടത്തും ഉയര്‍ന്ന വാടക. താരമമ്യേന ഉയര്‍ന്ന വരുമാനമുള്ള ഐ.ടി ജീവനക്കാരാണ് താമസക്കാരായി എത്തുന്നത്. അവരെ താമസിപ്പിക്കാന്‍ വേണ്ടി ചില വീട്ടുടമസ്ഥര്‍ നിലവില്‍ അവരുടെ വീട്ടില്‍ താമസിക്കുന്ന ആളുകളെ ജാതിയും മതവുമൊക്കെ പറഞ്ഞ് ഇറക്കി വിടുന്ന സ്ഥിതി വിശേഷമുണ്ടായി. ഈ സംഭവത്തില്‍ ഒരു കഥയുണ്ടെന്ന് തോന്നി.  ടു ലെറ്റിന്റെ  പിറവി അങ്ങിനെയാണ്. ''

അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ മലയാള ചിത്രങ്ങള്‍ക്കൊപ്പം മത്സരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ചെഴിയാന്‍ റാ പറഞ്ഞു.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ, ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്നീ ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ മാറ്റുരയ്ക്കുന്ന മറ്റു രണ്ട് ഇന്ത്യന്‍ സിനിമകള്‍.

''ഏറെ ബുദ്ധിമുട്ടിയാണ് ഈ ചിത്രം പൂര്‍ത്തിയാക്കിയത്. നിര്‍മാതാവിനെ കിട്ടിയില്ല. ഒടുവില്‍ എന്റെ ഭാര്യ പ്രേമയാണ് ചിത്രം നിര്‍മിച്ചത്. സിനിമ വിവിധ മേളകളിലേക്ക് അയച്ചു കൊടുത്തപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിനെപ്പോലെ വലിയ സംവിധായകര്‍ നല്ല അഭിപ്രായം പറഞ്ഞു. ഒട്ടനവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പുരസ്‌കാരം ലഭിച്ചു. കഠിനാധ്വാനത്തിന് ഫലം ലഭിച്ചുവെന്ന് ഞാന്‍ കരുതുന്നു ''  ചെഴിയാന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights : director Chezhiyan Ra about To Let film at IFFI 2018, to let tamil film, Chezhiyan Ra director