മനുഷ്യരുടെ കഥ ഒന്ന് എല്ലായിടത്തും ഒന്ന് തന്നെയാണെന്ന് പൊതുവെ പറയാറുണ്ട്. അതുകൊണ്ട് തന്നെ ബഹുരാഷ്ട്ര കമ്പനികള്‍ക്കെതിരേ സാധാരണക്കാര്‍ നടത്തുന്ന  പോരാട്ടം പ്രമേയമാക്കി ലോക സിനിമയില്‍ നിരവധി ചിത്രങ്ങള്‍ പിറന്നിട്ടുണ്ട്. അത്തരത്തില്‍ ഒരു സ്ത്രീയുടെ  ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് വുമണ്‍ അറ്റ് വാര്‍ എന്ന ചിത്രം. കോമഡി ത്രില്ലര്‍ സ്വഭാവത്തിലാണ് ബെനഡിക്ട് എറിലിന്‍സന്‍ വുമണ്‍ അറ്റ് വാര്‍ ഒരുക്കിയിരിക്കുന്നത്. 91-മാത് ഓസ്‌കാര്‍ പുരസ്‌കാരത്തിന് ഐസ്ലാന്റിന്റെ ഒദ്യോഗിക എന്‍ട്രിയാണ് ഈ ചിത്രം. 

ഹല്ല എന്ന സംഗീത അധ്യാപികയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. കടുത്ത പരിസ്ഥിതി വാദിയായ ഇവരുടെ മാതൃകാ പുരുഷന്‍മാര്‍ മഹാത്മാ ഗാന്ധിയും നെല്‍സന്‍ മണ്ടേലയുമാണ്. റിയോ-ടിന്റോ എന്ന ഇംഗ്ലീഷ്-ഓസ്‌ട്രേലിയന്‍ അലുമിനിയ കമ്പനി രാജ്യത്തെ പരിസ്ഥിതിയെ താറുമാറാക്കുന്നത് ഹല്ലയില്‍ കടുത്ത അസ്വസ്ഥതയുണ്ടാക്കുന്നു. ബഹുരാഷ്ട്ര കമ്പനിക്കെതിരേ മൗണ്ടന്‍ വുമണ്‍ എന്ന മുഖം മൂടി അണിഞ്ഞ് ഹല്ല നടത്തുന്ന  പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ഭൂപ്രകൃതി കാത്ത് സൂക്ഷിക്കാനായി തന്റെ രാജ്യത്തെ വൈദ്യുതി സംവിധാനം തകര്‍ത്താണ് ഹല്ല ബഹുരാഷ്ട്ര ഭീകരനെ വെല്ലുവിളിക്കുന്നത്. ഹല്ലയുടെ വിമത പ്രവര്‍ത്തനത്തില്‍ ഭരണ കൂടവും കമ്പനി ഉദ്യേഗസ്ഥരും വിറക്കുന്നു. മുഖം മൂടിക്ക് പിറകിലിരുന്ന് ഹല്ല നടത്തുന്ന പോരാട്ടങ്ങള്‍ പൊതുജനങ്ങളെ സ്വാധീനിച്ച് തുടങ്ങുമ്പോള്‍, കുറ്റവാളിയായി മുദ്രകുത്തി ഹല്ലയെ പിടി കൂടാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് ഭരണകൂടം.

പരിസ്ഥിതിസംരക്ഷണത്തിന് ഇറങ്ങി തിരിച്ച സാഹചര്യത്തില്‍ ഹല്ലയുടെ  സമൂഹ്യ ജീവിതവും സ്വകാര്യ ജീവിതവും തമ്മില്‍ ഏറ്റുമുട്ടുന്നുണ്ട്. അവിവാഹിതയായി ഒറ്റയ്ക്ക് ജീവിക്കുന്ന ഹല്ലയ്ക്ക് ഒരു കുഞ്ഞിനെ ദത്തെടുത്ത് ജീവിക്കാന്‍ അതിയായ ആഗ്രഹമുണ്ട്. ദത്തെടുക്കാനുള്ള അപേക്ഷ നല്‍കി ദീര്‍ഘനാളായി കാത്തിരിക്കുകയാണവര്‍. അങ്ങനെയിരിക്കെയാണ് ആ  സന്തോഷ വാര്‍ത്ത ഹല്ലയെ തേടിയെത്തുന്നത്. യുക്രൈനിലെ ആഭ്യന്തര കലാപത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ഒരു പെണ്‍കുട്ടി ഹല്ലയുടെ ജീവിതത്തിലേക്ക് കടന്നുവരാന്‍ ഒരുങ്ങുകയാണെന്ന്. അതിനിടെ അരങ്ങറുന്ന ചില അപ്രതീക്ഷിത സംഭവങ്ങള്‍ ഹല്ലയുടെ ജീവിതം കീഴ്‌മേല്‍ മറിക്കുന്നു.

ഏറെ ഗൗരവകരമായ പ്രമേയമാണ് വുമണ്‍ അറ്റ് വാറിലൂടെ സംവിധായകന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിച്ചിരിക്കുന്നത്. സിനിമ എന്ന മാധ്യമത്തിലൂടെ ഐസ്ലാന്റിലെ പാരിസ്ഥിതിക ചൂഷണങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയാണ് സംവിധായകന്‍. യൂറോപ്പില്‍ ആധിപത്യം ഉറപ്പിച്ചിരിക്കുന്ന റിയോ-ടിന്റോ ഗ്രൂപ്പിനെതിരേയുള്ള തുറന്ന പോരാട്ടം എന്ന് തന്നെ കൃത്യമായി ഈ ചിത്രത്തെ വിശേഷിപ്പിക്കാം. വ്യത്യസ്തമായ അവതരണ ശൈലി കഥ പറയാന്‍ തിരഞ്ഞടുത്തപ്പോള്‍ അത് സിനിമയെ കൂടുതല്‍ ആസ്വാദ്യകരമാക്കി. 

Content highlights : Woman at war film review at IFFI 2018, woman at war film review, IFFI 2018