പ്രകൃതി എല്ലാവരെയും സൃഷ്ടിച്ചിരിക്കുന്നത് വ്യത്യസ്തമായാണ്. എന്നാല്‍ പരിപാലിക്കുന്നത് ഒരു പോലെയും. ഇതെത്ര ക്രൂരമാണ്. 
കറ്റ്റത് തമിഴ്, തങ്കമീന്‍കള്‍, തരമണി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ റാം പേരന്‍പിന്റെ കഥ വികസിപ്പിക്കുന്നത് ഈയൊരു പരികല്‍പ്പനയില്‍നിന്നാണ്. അച്ഛന്റെയും മകളുടെയും ജീവിതം പ്രകൃതിയുടെ വിവിധ ഭാവങ്ങളിലൂടെ പന്ത്രണ്ട് അധ്യായങ്ങളായി പറഞ്ഞിരിക്കുകയാണ് റാം. ദേശീയ അവാര്‍ഡ് നേടിയ തങ്കമീന്‍കള്‍ സിനിമയിലുള്ളതിനേക്കാള്‍ വൈകാരിക മുഹൂര്‍ത്തങ്ങളാണ് പേരന്‍പില്‍ റാം അവതരിപ്പിച്ചിരിക്കുന്നത്. 

സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ സഞ്ചരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ അച്ഛനാണ് അമുദന്‍ എന്ന മമ്മൂട്ടി കഥാപാത്രം. പത്ത് വര്‍ഷത്തിലേറെയായി അയാള്‍ ഗള്‍ഫില്‍ ജോലി നോക്കുന്നു. അങ്ങനെ ഒരു സാഹചര്യത്തില്‍, മകളെയും തന്നെയും ഉപേക്ഷിച്ച് ഭാര്യ മറ്റൊരു പുരുഷനൊപ്പം പോകുന്നത് അയാളുടെ ജീവിതത്തില്‍ കനത്ത തിരിച്ചടിയാകുന്നു. മകളുടെ സംരക്ഷണം പൂര്‍ണമായി അയാളില്‍ മാത്രം ഒരുങ്ങുന്ന സാഹചര്യമാണ് പിന്നീട് വന്നു ചേരുന്നത്. പാപ്പ എന്ന് എല്ലാവരും വിളിക്കുന്ന, ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്ന മകള്‍ കൗമാരത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന സാഹചര്യത്തില്‍ ഒരേ ഒരു രക്ഷാകര്‍ത്താവ് എന്ന നിലയില്‍ അമുദന്‍ നേരിടുന്ന മാനസിക സംഘര്‍ഷമാണ് പേരന്‍പിന്റെ കഥാ തന്തു.

മമ്മൂട്ടിയിലെ അഭിനേതാവിനെ വെല്ലുവിളിക്കാന്‍ കെല്‍പ്പുള്ള സിനിമകളോ കഥാപാത്രങ്ങളോ സമീപ കാലത്തൊന്നും തന്നെ ഉണ്ടായിട്ടില്ല. എന്നാല്‍ പേരന്‍പിലൂടെ ആ മികച്ച നടനിലെ അനന്ത സാധ്യതകള്‍ പരമാവധി ഉപയോഗിക്കാന്‍ സംവിധായകന് കഴിഞ്ഞു. തനിയാവര്‍ത്തനം, അമരം എന്നീ ചിത്രങ്ങളില്‍ കണ്ട മമ്മൂട്ടിയെ ഒരിക്കല്‍ കൂടി കാണാനുള്ള അവസരമാണ് പേരന്‍പിലൂടെ റാം ഒരുക്കി വച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ ദൈനംദിന കാര്യങ്ങള്‍ നോക്കുന്ന ഒരു  പിതാവിന്റെ പരിമിതികള്‍ സൃഷ്ടിച്ച ദൈന്യത അതിഗംഭീരമായാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.

റാമിന്റെ തങ്കമീന്‍കളിലൂടെ സിനിമയില്‍ എത്തിയ സാധനയാണ് ഇവിടെ അമുദന്റെ മകളായി എത്തിയിരിക്കുന്നത്. അഭിനയിച്ചു ഫലിപ്പിക്കാന്‍ ഏറെ പ്രയാസമുള്ള കഥാപാത്രത്തെ പൂര്‍ണമായും തന്നിലേക്ക് സ്വാംശീകരിച്ചിരിക്കുകയാണ് സാധന. സ്പാസ്റ്റിക് പരാലിസിസിലൂടെ സഞ്ചരിക്കുന്ന കൗമാരക്കാരിയെ അവതരിപ്പിക്കാന്‍ ശാരീരികമായും മാനസികമായും കഠിനപ്രയത്നം തന്നെയാണ് ഈ പെണ്‍കുട്ടി ചെയ്തിരിക്കുന്നത്. മമ്മൂട്ടിയും സാധനയും തമ്മിലുള്ള രസതന്ത്രമാണ് പ്രേക്ഷകരില്‍ വൈകാരികമായ ഭാരമേല്‍പ്പിക്കുന്നത്. 

പ്രകൃതിയുടെ വിവിധഭാവങ്ങളിലൂടെ സിനിമയെ കൊണ്ടുപോകുന്നതില്‍ സംവിധായകനൊപ്പം വലിയ പങ്കുവഹിച്ചിരിക്കുന്നത് തേനി ഈശ്വര്‍ എന്ന ഛായാഗ്രാഹകനാണ്. അധ്യായങ്ങള്‍ മാറുന്നതിനനുസരിച്ച് കഥ പറയുന്ന പശ്ചാത്തലവും ഭൂപ്രകൃതിയുമെല്ലാം മാറുമ്പോള്‍ സിനിമയുടെ താളത്തിന് കോട്ടം വരാതെ കൈകാര്യം ചെയ്യുന്നതില്‍ തേനി ഈശ്വര്‍ വിജയിച്ചു. കഥയുടെ ആത്മാവിനോട് ചേര്‍ന്ന് നില്‍ക്കുന്ന സംഗീതമൊരുക്കിയ യുവന്‍ ശങ്കര്‍ രാജയുടെ സംഭാവനയും സ്തുത്യര്‍ഹമാണ്. വീട്ടുജോലിക്കാരി വിജയലക്ഷ്മിയുടെ വേഷം കൈകാര്യം ചെയ്ത അജ്ഞലി, ട്രാന്‍സ്ജെന്‍ഡര്‍ ലൈംഗിക തൊഴിലാളിയായി വേഷമിട്ട അഞ്ജലി അമീര്‍ എന്നിവരുടെും പ്രകടനം എടുത്തു പറയാതെ തരമില്ല. 

49-ാം രാജ്യാന്തര ചലച്ചിത്രമേളയുടെ ആറാം ദിവസം രാത്രി 8:45നായിരുന്നു സിനിമയുടെ സ്‌ക്രീനിങ്ങ്. മികച്ച സ്വീകരണമാണ് സിനിമക്ക് ലഭിച്ചത്. രണ്ടേകാല്‍ മണിക്കൂര്‍ നീണ്ട സ്‌ക്രീനിങ്ങിന് ശേഷവും റാമിനോട് സംവദിക്കാന്‍ വേണ്ടി തിയ്യറ്റര്‍ വിട്ടുപോകാതെ പ്രതിനിധികള്‍ ക്ഷമയോടെ ഇരുന്നത് ഹൃദയത്തെ തൊടുന്ന കാഴ്ചയായിരുന്നു.

Content Highlights : Peranbu, Mega Star Mammootty, Spastic paralysis, Dirextor Ram, Tamil movie, IFFI1028, IFFIGoa2018, Movie Review