റോഡ്രിഗോ ബറൂസോ സെബാസ്റ്റിന്‍ ബറൂസോ ഇവര്‍ സംവിധാനം ചെയ്ത ക്യൂബന്‍ കനേഡിയന്‍ ചിത്രമാണ്  എ ട്രാന്‍സ്ലേറ്റര്‍. ചേര്‍നോബിള്‍ ദുരന്തത്തില്‍ പരിക്കേറ്റ സോവിയറ്റ് റഷ്യക്കാരെ ശുശ്രൂഷിക്കുന്ന ക്യൂബന്‍ പ്രോഗ്രാമ്മറുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.1989 ല്‍, അതായത് ചേര്‍നോബിള്‍ ദുരന്തം കഴിഞ്ഞു മൂന്നു വര്‍ഷത്തിനു ശേഷമുള്ള കാലഘട്ടത്തില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും ഇടയിലുള്ള പരിഭാഷകന്‍ ആയി പ്രവര്‍ത്തിക്കുന്ന റഷ്യന്‍ സാഹിത്യ പ്രൊഫസറായ മലിന്‍ ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം.

 

ഈ കാലയളവില്‍ മലിന്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടിയെത്തിയിരിക്കുന്ന കുട്ടികളുമായി അടുക്കുന്നു. മലിന്‍ അവരുടെ മാതാപിതാക്കളുമായി നടത്തുന്ന സംഭാഷണങ്ങള്‍ ദുരന്തത്തിന്റെ വേദനകള്‍ എടുത്തുകാണിക്കുന്നു. മലിന്‍ ഹോസ്പിറ്റല്‍ നര്‍സ് ആയ അര്‍ജന്റീനക്കാരി ഗ്ലാഡിസ്സുമായി പരിചയത്തിലാകുന്നു. പിന്നീട് ഇവര്‍ ഒരുമിച്ചാണ് സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

മലിനു തന്റെ കുടംബവുമായുള്ള സമയം ഹോസ്പിറ്റലിലെ തിരക്കു മൂലം ബാധിക്കപ്പെടുന്നു. വീട്ടിലെ ആവശ്യങ്ങള്‍ തന്റെ സേവനത്തിനു ഇടയില്‍ അപ്രസക്തമായി മലിന്‍ കാണുന്നു. ചിത്രത്തില്‍ രോഗികളായ കുട്ടികളും മലിന്റെ ആരോഗ്യവാനും സന്തോഷവാനുമായ മകനും തമ്മിലുള്ള ജീവിത നിലവാരത്തിലുള്ള വ്യത്യാസം പ്രേക്ഷകര്‍ക്ക് കാണിച്ച് തന്നാണ് സംവിധായകന്‍ അതിന്റെ തീവ്രത മനസ്സിലാക്കി തരുന്നത്. മലിന്റെ ജോലയും വ്യക്തിജീവിതവും തമ്മിലുളള സംഘട്ടവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസവുമാണ് ചിത്രം കാണിച്ചു തരുന്നത്.

ചേര്‍നോബിള്‍ ദുരന്തം ജനങ്ങളിലുണ്ടാക്കിയ ആഘാതം എത്രത്തോളം വലുതാണെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലാക്കി തരുന്നനതില്‍ സംവിധായകര്‍ വിജയിച്ചു. അതേ സമയം ദുരന്തങ്ങളില്‍ വീണുപോയിട്ടും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന ഒരു ജനതയെയും ചിത്രം വരച്ചു കാണിക്കുന്നു.

 

Content Highlights : IFFI 2018 Goa Un Traductor A Translator movie review  Rodrigo Barriuso, Sebastián Barriuso