ജിഹാദികളുടെ മനസ്സിന് ഇളക്കം തട്ടില്ലെന്ന സങ്കല്‍പത്തെ ഉടയ്ക്കുന്ന ദൃശ്യവുമായാണ് 'ഡിവൈന്‍ വിന്‍ഡ്' എന്ന ചിത്രം തുടങ്ങുന്നത്. രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ഭീകരവാദത്തിന് മുന്നിട്ടിറങ്ങുന്നവരുടെ ആത്മസംഘര്‍ഷങ്ങൾ വരച്ചുകാണിക്കുന്നു. മണിരത്‌നം സംവിധാനം ചെയ്ത ദില്‍സേ എന്ന ചിത്രവുമായി ഡിവൈന്‍ വിന്‍ഡിന് ചില സാമ്യമുണ്ട്. അള്‍ജീരിയന്‍ സംവിധായകന്‍ മെര്‍സക് ആണ് 'ഡിവൈന്‍ വിന്‍ഡ് ഒരുക്കിയിരിക്കുന്നത്. 

സഹാറ മരുഭൂമിയില്‍ കമിഴ്ന്ന് കിടന്ന് കണ്ണീരണിഞ്ഞിരിക്കുന്ന അമിന്‍ എന്ന യുവാവിലൂടെയാണ് കഥ ആരംഭിക്കുന്നത്. അള്‍ജീരിയയില്‍ തന്റെ ദൗത്യത്തിനു വേണ്ട സ്ഫോടകവസ്തുക്കളെയും കൂട്ടാളിയെയും കാത്തിരിക്കുകയാണ് അമിന്‍.  അയാളുടെ പക്കല്‍ കൂട്ടാളിയായി നൂര്‍ എന്ന പെണ്‍കുട്ടി എത്തുന്നു. ജിഹാദി ആകാനുള്ള അവരുടെ സാഹചര്യങ്ങള്‍ ചിത്രത്തില്‍ പ്രതിപാദിക്കുന്നില്ലെങ്കിലും അവരുടെ സങ്കീര്‍ണമായ മാനസികാവസ്ഥ എടുത്തു കാണിക്കുന്നു. അമിന്‍ യുദ്ധത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുവെങ്കിലും നൂറിനെപ്പോലെ ജിഹാദില്‍ ശക്തമായി വിശ്വസിക്കുന്ന ഒരാളല്ല. ഇത് അവളെ നിരാശപ്പെടുത്തുന്നതിനാല്‍ അവനില്‍ കൂടുതല്‍ വിശ്വാസം വളര്‍ത്താന്‍ അവള്‍ ശ്രമിക്കുന്നു.

അവള്‍ ജിഹാദിനായി ജീവന്‍ വെടിയാനും തയ്യാറാണ്. അവരുടെ ദൗത്യം വടക്കന്‍ ആഫ്രിക്കയിലെ ഒരു എണ്ണ ശുദ്ധീകരണശാല തകര്‍ക്കുക എന്നതാണ്. ഈ ലക്ഷ്യത്തിലേക്ക് മുന്നേറുന്ന നൂറും അമീനും മാനസികമായി അടുക്കുന്നതോടെ കഥയുടെ ഗതി തന്നെ മാറുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ കാതല്‍. തെറ്റും ശരിയും തിരിച്ചറിയാനാവാതെ ആശയക്കുഴപ്പത്തില്‍ ജീവിക്കുന്ന മനുഷ്യരുടെ അവസ്ഥ വരച്ചുകാട്ടുന്ന ചിത്രമാണ് 'ഡിവൈന്‍ വിന്‍ഡ്.

Content Highlights : IFFI 2018 Goa divine wind Movie Review  merzak allouache