ഒരു ബ്രായുടെ ഉടമയെ തേടി ഒരു ലോക്കോ പെലറ്റ് നടത്തുന്ന യാത്ര, അസാധാരണമായ പ്രമേയം ഹാസ്യത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുകയാണ് ദി ബ്രാ എന്ന ചിത്രത്തിലൂടെ സംവിധായകന്‍ വെയ്റ്റ് ഹെല്‍മര്‍. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഇപ്പോള്‍ സ്വതന്ത്ര രാജ്യമായ അസര്‍ബെയ്ജാനിലാണ് ഈ കഥ നടക്കുന്നത്. ധാരാളം ദരിദ്രര്‍ താമസിക്കുന്ന ചേരിപ്രദേശം. സ്വന്തം വീടുകളില്‍ നിന്ന് പലരും നേരെ കാലെടുത്തു വയ്ക്കുന്നത് റെയില്‍വേ ട്രാക്കിലേക്കാണ്.

ട്രെയിന്‍ പോകാത്ത സമയങ്ങളില്‍ അവിടെ കുട്ടികള്‍ പന്തു കളിക്കുന്നത് കാണാം. സ്ത്രീകളാകട്ടെ വസ്ത്രങ്ങള്‍ അലക്കി റെയില്‍വേ ട്രാക്കിന് കുറുകെ അയകെട്ടി ഉണക്കാനിടും. ട്രെയിന്‍ വരുന്നതിന് മുന്‍പ് അത് അഴിച്ചു മാറ്റാന്‍ മറക്കുന്ന സ്ത്രീകളും കൂട്ടത്തിലുണ്ട്. പാഞ്ഞു വരുന്ന ട്രെയിനില്‍ തട്ടി പലരുടെയും വസ്ത്രങ്ങള്‍ നഷ്ടപ്പെടാറുമുണ്ട്. അതെല്ലാം ആ നാട്ടിലെ സാധാരണ കാഴ്ച. 

ജോലിയില്‍ നിന്ന് വിരമിക്കാറായ ഒരു ലോക്കോ പെലറ്റാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. സത്യസന്ധനാണ് അയാള്‍. യാത്രയ്ക്കിടെ ട്രെയിനില്‍ തടയുന്ന വസ്ത്രങ്ങള്‍ ശേഖരിച്ച് ഉടമയെ കണ്ടെത്തി നല്‍കുന്നതിലും അദ്ദേഹം ശ്രദ്ധ ചെലുത്താറുണ്ട്. അങ്ങനെ ഒരു യാത്രക്കിടെ അദ്ദേഹത്തിന് ഒരു ബ്രാ കിട്ടുന്നു. അതിന്റെ ഉടമയെ തിരഞ്ഞു നടക്കുന്നതാണ് ചിത്രത്തിന്റെ കാതല്‍. ബ്രായും ബാഗിലിട്ട് അയാള്‍ കോളനിയിലെ പല വീടുകളിലും കയറി ഇറങ്ങുന്നു. ഉടമയെ കണ്ടെത്താന്‍ ഏറെ വിചിത്രമെന്ന് തോന്നാവുന്ന വഴികളാണ് അയാള്‍ സ്വീകരിക്കുന്നത്. 

ചായക്കടയില്‍ ജോലി ചെയ്യുന്ന ഒരു കൊച്ചു പയ്യനാണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രം. ചായ വിതരണം ചെയ്യുന്നതിന് പുറമെ അവന് മറ്റൊരു ജോലി കൂടിയുണ്ട്.  ട്രെയിന്‍ വരുന്നതിന് മുന്നോടിയായി ശബ്ദത്തില്‍  വിസിലടിച്ച് റെയില്‍വേ ട്രാക്കില്‍ നിന്ന് ആളുകളെ മാറ്റുക എന്നതാണ്. അത് അവന്‍ കൃത്യമായി ചെയ്യും. ബ്രായുടെ ഉടമയെ തേടിയുളള ലോക്കോ പെലറ്റിന്റെ ദൗത്യത്തില്‍ അവനും ഭാഗമാകുന്നു. അത് തന്നെയാണ് പ്രധാന വഴിത്തിരിവാകുന്നത്.

യഥാര്‍ഥ്യത്തോട് ഒട്ടും ചേര്‍ന്നുനില്‍ക്കുന്ന പ്രമേയമല്ല, ബ്രായുടേത്. എന്നാല്‍ അതിന്റെ അവതരണ മികവാണ് ചിത്രത്തെ വേറിട്ട് നിര്‍ത്തുന്നത്. സംഭാഷണങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. എന്നാല്‍ കഥയ്ക്ക് ജീവന്‍ നല്‍കുന്നത് പശ്ചാത്തല സംഗീതമാണ്. തമാശയില്‍ പൊതിഞ്ഞാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത് എങ്കിലും പ്രദേശവാസികളുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലത്തിലേക്കും, താഴ്ന്ന ജീവിത നിലവാരത്തിലേക്കും വിരല്‍ ചൂണ്ടുന്നു ഈ ചിത്രം. 

Content Highlights : IFFI 2018 Goa Bra Movie Review Veit Helmer