ജീവിതത്തില്‍ കനത്ത തിരിച്ചടി നേരിട്ട് ശരിയും തെറ്റും തിരിച്ചറിയാനാകാതെ സാഹചര്യങ്ങളുമായി മല്ലിടുന്ന ഒരു യുവതിയുടെ കഥയാണ് അയ്ക എന്ന ചിത്രത്തിലൂടെ സെര്‍ജെയ് ദസ്‌തേവൊയ് പറയുന്നത്. നിലവാരമുള്ള ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ മോഹിച്ച് കിര്‍ഗിസ്ഥാനില്‍ നിന്നും വേണ്ട രേഖകളില്ലാതെ മോസ്‌കൊയിലെത്തുന്ന മറ്റുള്ളവരാല്‍ കബളിക്കപ്പെടുന്ന ഒരു ജനതയുടെ കഥയാണ് അയ്ക എന്ന യുവതിയിലൂടെ സംവിധായകന്‍ വരച്ചിടുന്നത്.

കടം കേറി ജീവിതം ദുരിതത്തിലായ ഒരു യുവതിയുടെ കഥയാണ് അയ്ക. കിര്‍ഗിസ്ഥാന്‍ സ്വദേശിയായ അയ്കയുടെ കഥ തുടങ്ങുന്നത് പ്രസവ വാര്‍ഡിലാണ്. ജന്‍മം നല്‍കിയ കുഞ്ഞിനെ ഉപേക്ഷിച്ച് അവള്‍ ആശുപത്രിയില്‍നിന്ന് കടന്നു കളയുന്നു. താന്‍ നേരത്തേ ചെയ്തിരുന്ന ജോലിയില്‍ തിരിച്ചു കയറുകയാണ് അവളുടെ ലക്ഷ്യം. എന്നാല്‍ അവധി അവസാനിപ്പിച്ച് തിരിച്ചെത്തിയപ്പോള്‍ അവളുടെ ജോലിയില്‍ മറ്റാരോ കയറി കഴിഞ്ഞിരുന്നു.  

പിന്നീടവള്‍ ജോലിയന്വേഷിച്ച് മോസ്‌കോയിലെ തെരുവുകള്‍ തോറും അലയുന്നു. എന്നാല്‍  മതിയായ രേഖകളില്ലാത്തതിനാല്‍ എവിടെയും ജോലി ലഭിക്കുന്നില്ല. കടക്കാരുടെ ശല്യം ഒരു വശത്ത്. ഇതിനിടയില്‍ കടം വീട്ടുന്നതിനുള്ള  പണത്തിനായി ബന്ധുക്കളെ പലരെയും ബന്ധപ്പെട്ടെങ്കിലും ആരും അവളെ സഹായിക്കുന്നില്ല. പ്രസവാനന്തരം വേണ്ട ശുശ്രൂഷകള്‍ ലഭിക്കാതെ അവള്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. 

അങ്ങനെയിരിക്കെ കടം നല്‍കിയവര്‍ അവള്‍ക്ക് അന്ത്യശാസനം നല്‍കുന്നു. രണ്ട് ദിവസത്തിനുള്ളില്‍ കടം വീട്ടിയില്ലെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുന്നു. കടത്തില്‍നിന്നു മോചനം ലഭിക്കുന്നില്ലെന്ന് ബോധ്യപ്പെടുന്ന അയ്ക കുഞ്ഞിനെ നല്‍കാന്‍ തയ്യാറാകുന്നു. പ്രസവിച്ച് കടന്നു കളഞ്ഞ ആശുപത്രിയില്‍ തിരിച്ചെത്തി അവള്‍ കുഞ്ഞിനെ സ്വന്തമാക്കുന്നു. പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങള്‍ പ്രേക്ഷകരെ കണ്ണീരണിയിക്കും. 

തന്റെ ജീവിതം കരയ്ക്കടുപ്പിക്കാനുള്ള ശ്രമം മാത്രമാണ് അവള്‍ക്കുള്ളത്. അവള്‍ ചെയ്യുന്നതിലെ തെറ്റും ശരിയുമൊന്നും സിനിമയില്‍ ചര്‍ച്ചയാകുന്നില്ല. അവളുടെ ഭൂതകലത്തെക്കുറിച്ചോ, അവള്‍ ഇങ്ങനൊരു സാഹചര്യത്തില്‍ എങ്ങിനെ എത്തിപ്പെട്ടുവെന്നോ   പറയുന്നില്ല. അയ്കയുടെ കഥയിലൂടെ അനധികൃത കുടിയേറ്റക്കാരുടെ ദുരിതം സംവിധായകന്‍ പ്രേക്ഷകര്‍ക്ക് കാണിച്ചു തരുന്നു. 

Content Highlights : IFFI 2018 Goa ayka movie Review Sergey Dvortsevoy