യുക്രൈന്‍ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എടുത്ത ചിത്രമാണ് ഡോണ്‍ബാസ്‌. സെര്‍ജി ലൊനിസ്റ്റ സംവിധാനം ചെയ്ത ചിത്രം യുക്രൈന്‍ ദേശീയവാദികളും റഷ്യയെ പിന്തുണയ്ക്കുന്നവരും തമ്മിലുള്ള ഭിന്നതയും സംഘട്ടനവും കാണിച്ചു തരുന്നു. ഈ ഭിന്നത വളരുന്നതിന് വളമാവുന്ന വ്യാജവര്‍ത്തകള്‍ നിരന്തരം ഉണ്ടാകുന്നത് കിഴക്കന്‍ യുക്രൈനിലെ ഡണ്‍ബാസ് പ്രദേശത്താണ്. അത് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

രണ്ടാം ലോകമഹായുധവും സ്റ്റാലിന്റെ terror and famine അരങ്ങേറിയ നാടാണ് കിഴക്കന്‍ യുക്രൈന്‍. ചിത്രത്തിന്റെ തുടക്കം തന്നെ സിനിമാ ലൊക്കേഷന്‍ പോലൊരു സ്ഥലത്ത് മെയ്ക്കപ്പ് ചെയ്ത കലാകാരന്മാരെക്കൊണ്ട് വ്യാജവാര്‍ത്ത നിര്‍മിക്കുന്ന രംഗമാണ് കാണിക്കുന്നത്.

വ്യാജവാര്‍ത്തയുടെ പേരില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ തമ്മിലുള്ള പോരാട്ടവും രൂക്ഷമാണ്. തന്നെ പത്രത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിന് ഒരു സ്ത്രീ യോഗത്തിനിടെ ഒരു ഉദ്യോഗസ്ഥന്റെ തലയില്‍ മാലിന്യം കോരി ഒഴിക്കുന്നത് ഈ പോരാട്ടത്തിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ്.

ആഭ്യന്തരയുദ്ധം കലുഷിതമാക്കിയ യുക്രൈന്‍ ജനതയുടെ ജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്നതില്‍ സംവിധായകന്‍ വിജയിച്ചു. പ്രവൃത്തിരഹിതമായ ഒരു ആശുപത്രിയെക്കുറിച്ച് പരാതി ഉയര്‍ന്നപ്പോള്‍ അത് തീര്‍ത്തും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി കാണിക്കാന്‍ ഒരു  ഉദ്യോഗസ്ഥന്‍ കാണിക്കുന്ന തത്രപ്പാടുകള്‍ അവിടുത്തെ സാഹചര്യത്തിന്റെ അനിശ്ചിതത്വത്തെ എടുത്തുകാണിക്കുന്നു.

നാസിസ്റ്റ് എന്ന് മുദ്രകുത്തപ്പെട്ട ഒരാളെ പോസ്റ്റില്‍ കെട്ടിവച്ച് ജനങ്ങള്‍ തല്ലുകയും, അവസാനം അയാള്‍ മരണപ്പെടുകയും ചെയ്യുന്നത്, ചിത്രത്തിലെ ഏറ്റവും ഭീകരമായ രംഗമാണ്. കലാപകലുഷിതമായ യുക്രൈന്റെ നേര്‍കാഴ്ചയാണ് ഈ ചിത്രം.

 

Content Highlights : Donbass drama film review Sergei Loznitsa IFFI 2018 Goa