പ്രിയാ കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്ത തമിഴ് ചിത്രം ഭാരം ഗോവ ചലച്ചിത്രമേളയില്‍ ശ്രദ്ധ നേടുന്നു. തമിഴ്‌നാട്ടിലെയും ഉത്തരേന്ത്യയിലെയും ചില ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന 'തലൈക്കൂത്തല്‍' എന്ന ക്രൂരമായ അനാചാരത്തെക്കുറിച്ചാണ് ഭാരം സംസാരിക്കുന്നത്. ബലം പ്രയോഗിച്ചോ നിര്‍ബന്ധപൂര്‍വമോ നടപ്പിലാക്കുന്ന ദയാവധമാണ് തലൈക്കൂത്തല്‍ (Thalaikoothal). വൃദ്ധരായവരെ അവരുടെ കുടുംബാംഗങ്ങള്‍ തന്നെ കൊല ചെയ്യുന്ന പരമ്പരാഗതമായ ആചാരമാണിത്. തമിഴ്‌നാട്ടിലെയും വടക്കേ ഇന്ത്യയിലെയും ചില ഗ്രാമങ്ങളില്‍ ഇത് ഇപ്പോഴും തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വൃദ്ധരെ ഇങ്ങനെ മരണത്തിന് വിധിക്കുന്നത് ഭൂരിഭാഗവും അവരുടെ മക്കള്‍ തന്നെയാണ്. ഭൂരിഭാഗം ആളുകളും ഇതിനെ ആചാരത്തിന്റെ ഭാഗമായാണ് കാണുന്നത്. പണ്ടുകാലങ്ങളില്‍ പരമ്പരാഗത രീതികളിലൂടെയായിരുന്നു കൊല ചെയ്തിരുന്നതെങ്കിലും ഇപ്പോള്‍ മാരകവിഷവും ഉറക്കഗുളികയും നല്‍കി കൊലപ്പെടുത്തുന്നു. മുന്‍കാലങ്ങളില്‍ ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ചുചേര്‍ത്തു പരസ്യമായാണ് ചടങ്ങ് നടത്തിയിരുന്നത്. എന്നാല്‍ ഇന്നിത് വളരെ രഹസ്യമായി നടപ്പാക്കപ്പെടുന്നു.

തലൈകൂത്തലില്‍ 26 തരം കൊലപാതക രീതികള്‍ ഉണ്ടെന്ന് പ്രിയ പറയുന്നു. വര്‍ഷങ്ങളായി നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ആചാരമാണിത്. ഇന്നും അത് തുടരുന്നുവെങ്കില്‍ എത്രത്തോളം ഭീകരമാണ് പ്രിയ കൂട്ടിച്ചേര്‍ത്തു. 

ജോലി ചെയ്യാന്‍ ആരോഗ്യമില്ലാത്തതും മാറാരോഗബാധിതരുമായ മാതാപിതാക്കളെ കൊല്ലുന്നതില്‍ ഇക്കൂട്ടര്‍ തെറ്റു കാണുന്നില്ല. ചടങ്ങ് നടപ്പാക്കുന്ന ദിവസം വൃദ്ധരെ പുലര്‍ച്ചെ കട്ടിലില്‍ നിന്ന് എഴുന്നേല്‍പിച്ചിരുത്തി മേലാസകലം എണ്ണ ഒഴിക്കും. ഇങ്ങനെ മണിക്കൂറുകളോളം തലയിലൂടെ എണ്ണ ഒഴിച്ചു കഴിയുമ്പോഴേക്കും ഇവര്‍ മൃതപ്രായരാകുന്നു. പിന്നീട് തലയിലൂടെ തണുത്ത ജലം ഒഴിക്കുന്നു. തുടര്‍ന്ന് നാടന്‍ വേദനസംഹാരികള്‍ ചേര്‍ത്ത് തയ്യാറാക്കിയ കരിക്കിന്‍വെള്ളം വായില്‍ ഒഴിച്ചുകൊടുക്കും. ഇത് തുടര്‍ന്നുകൊണ്ടിരിക്കും. കുറച്ച് സമയത്തിനുള്ളില്‍ അവരുടെ വൃക്കകളുടെ പ്രവര്‍ത്തനം താറുമാറാകും. കുറച്ച് ദിവസത്തിനുള്ളില്‍ പനിയോ ന്യൂമോണിയയോ പിടിപെട്ട് അവർ മരിക്കുകയും ചെയ്യും.

തലൈക്കൂത്തലിന് ഇരയാകുന്ന കറുപ്പുസ്വാമി എന്ന ഒരു വൃദ്ധന്റെ ജീവിതമാണ് ഭാരത്തില്‍ അവതരിപ്പിക്കുന്നത്. ഒരു വാച്ച്മാനായി ജോലി ചെയ്യുന്ന അയാള്‍ വിഭാര്യനാണ്. സഹോദരിക്കും അവരുടെ മക്കള്‍ക്കുമൊപ്പമാണ് ജീവിക്കുന്നത്. സന്തുഷ്ടകരമായ ജീവിതം നയിക്കുന്നതിനിടെ വാഹനാപകടത്തില്‍ പരിക്കേറ്റ് കറുപ്പുസ്വാമി കിടപ്പിലാവുന്നു. അപകടത്തിനുശേഷം മാത്രമാണ് കറുപ്പുസ്വാമിക്ക് ഒരു മകനും മരുമകളുമുണ്ടെന്ന സത്യം നമ്മള്‍ തിരിച്ചറിയുന്നത്. കറുപ്പുസ്വാമിക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ പട്ടണത്തിലേക്ക് കൊണ്ടുപോകണമെന്ന് അനന്തിരവര്‍ പറയുമ്പോള്‍ മകന്‍ കൂട്ടാക്കുന്നില്ല. പകരം അദ്ദേഹത്തെ അവരുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോകുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കറുപ്പുസ്വാമി മരിക്കുന്നു. അപകടത്തില്‍ പെട്ട് പരിക്ക് പറ്റിയ ഒരാള്‍ മരിക്കുന്നു, തികച്ചും സ്വാഭാവികം. എന്നാല്‍ ഈ മരണത്തില്‍ എന്തോ ദുരൂഹതയുണ്ടെന്ന് തോന്നിയ സാമൂഹിക പ്രവര്‍ത്തകനായ വീര അതെക്കുറിച്ച് അന്വേഷിക്കുകയാണ്. പീന്നീട് ചുരുളഴിയുന്നത് ഭീകരമായ ചില സത്യങ്ങളാണ്. 

Content Highlights : Bharam film at IFFI 2018 by Priya Krishnamoorthy, Priya Krishnamoorthy at Goa, tamil film Bharam, Thalaikkoothu