പനാജി: രാജ്യാന്തര ചലച്ചിത്രമേളയില്‍ മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പിന് മികച്ച സ്വീകരണം. ചിത്രത്തിന്റെ പ്രീ ബുക്കിങ് കഴിഞ്ഞ ദിവസം തന്നെ അവസാനിച്ചു. പ്രീബുക്കിങ്ങിനായി മാറ്റിവച്ചിരിക്കുന്ന ടിക്കറ്റുകള്‍ വളരെ പെട്ടെന്നാണ് ഡെലിഗേറ്റുകള്‍ സ്വന്തമാക്കിയത്. നേരത്തേ ബുക്ക് ചെയ്യാതെ നേരിട്ട് പ്രവേശിക്കാവുന്ന റഷ് ലൈന്‍ ക്യൂവില്‍ മാത്രമാണ് ഇനി ബുക്ക് ചെയ്യാത്ത ഡെലിഗേറ്റുകളുടെ പ്രതീക്ഷ. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള ഡെലിഗേറ്റുകളാണ് പേരന്‍പിന് വേണ്ടി പ്രീബുക്ക് ചെയ്തവരില്‍ ഭൂരിഭാഗവും

ഐനോക്‌സ് സ്‌ക്രീന്‍ രണ്ടില്‍ ഞായറാഴ്ച വൈകീട്ട് രാത്രി 8.30നാണ് ചിത്രത്തിന്റെ പ്രദര്‍ശനം. ഇന്ത്യന്‍ പനോരമയിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. 256 സീറ്റുകളാണ് തിയ്യറ്ററില്‍ ആകെയുള്ളത്. ഇതിന്റെ 95 ശതമാനം സീറ്റുകളും പ്രീ-ബുക്കിംഗിന് വെച്ചിരുന്നു. അവശേഷിക്കുന്ന സീറ്റുകള്‍ക്കായാണ് റഷ് ലൈന്‍.

മികച്ച അഭിപ്രായമാണ് റാം സംവിധാനം ചെയ്ത പേരന്‍പ് വ്യത്യസ്ത മേളകളില്‍ നേടിയത്. റോട്ടര്‍ഡാം, ഷാങ്ഹായ് ഉള്‍പ്പെടെ മറ്റ് മേളകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

അമുദന്‍ എന്ന ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. സമുദ്രക്കനി, അഞ്ജലി അമീര്‍, സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. തേനി ഈശ്വര്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.

Content Highlights: tamil movie peramb Mamooty tamil movie peranb director ram IFFI 2018