തെന്നിന്ത്യന്‍ നടിമാരില്‍ രാജ്യത്തെ ആദ്യ വനിതാ സൂപ്പര്‍സ്റ്റാറാണ് ശ്രീദേവി. തമിഴ്, തെലുങ്ക്, ഹിന്ദി മലയാളം, കന്നഡ തുടങ്ങി അനേകം ഭാഷകളില്‍ അഭിനയിച്ച ശ്രീദേവിയുടെ പെട്ടെന്നുണ്ടായ മരണം രാജ്യത്തെ മാത്രമല്ല, ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരുന്നു. 

ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളാണ് ജാൻവി കപൂര്‍. 'ധടക്' എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയ ജീവിതത്തിലേക്ക് കടന്ന ജാൻവി ഇക്കുറി അച്ഛൻ ബോണി കപൂറിനൊപ്പം ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെത്തിയിട്ടുണ്ട്. ഇരുവരും മാധ്യമങ്ങളുമായി സംസാരിച്ചു. മലയാളത്തിൽ എന്നാണ് അഭിനയിക്കുന്നത് എന്നതായിരുന്നു ജാൻവി നേരിട്ട ഒരു ചോദ്യം. 

'അമ്മയുടെ മലയാളം സിനിമകള്‍ കണ്ടിട്ടുണ്ട്. വളരെ അനായാസമായാണ് അമ്മ അഭിനയിച്ചിരുന്നത്. സിനിമകള്‍ തിരഞ്ഞെടുക്കാന്‍ മാത്രം ഞാന്‍ വളര്‍ന്നോ എന്നറിയില്ല. മിക്ക ഇന്ത്യന്‍ ഭാഷകളിലും അഭിനയിച്ചിട്ടുള്ളയാളാണ് അമ്മ. ഒരിക്കലും നിങ്ങള്‍ എന്നെ അമ്മയുമായി താരതമ്യം ചെയ്യരുതെന്നാണ് പറയാനുള്ളത്.'-ജാൻവി പറഞ്ഞു. നടനും അനില്‍ കപൂറിന്റെ സഹോദരനുമായ ബോണി കപൂറും ഭാര്യയെക്കുറിച്ചു പറഞ്ഞു തുടങ്ങിയപ്പോള്‍ ഗദ്ഗദകണ്ഠനായി. ശ്രീദേവിയുടെ മരണം തന്ന ഷോക്കില്‍ നിന്നും ഇപ്പോഴും താന്‍ വിമുക്തനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Content highlights : Boney Kapoor and Janhvi Kapoor at IFFI 2018, Janhvi Kapoor remembering Sreedevi, IFFI Goa 2018