ഗോവ: രാജ്യാന്തര ചലച്ചിത്രമേളയില്‍ അന്ധരായ കുട്ടികള്‍ക്ക് വേണ്ടി ബോളിവുഡ് ചിത്രങ്ങളായ ഷോലെയുടെയും ഹിച്ച്ക്കിയുടെയും പ്രത്യേക പ്രദര്‍ശനം. ഓഡിയോ ഡിസ്‌ക്രിപ്‌റ്റേഴ്‌സിന്റെ സഹായത്തോടെയാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. 

ഭിന്നശേഷിയുള്ളവരുടെ പങ്കാളിത്തം മേളയില്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പ്രത്യേക പ്രദര്‍ശനം. 

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ് ഷോലെ. രമേഷ് സിപ്പി സംവിധാനം ചെയ്ത ഈ ചിത്രം പുറത്തിറങ്ങിയത് 1975 ലാണ്. അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര, സഞ്ജീവ് കപൂർ, ഹേമമാലിനി,  ജയാ ബച്ചന്‍, അംജദ് ഖാന്‍ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയുണ്ടായിരുന്നു ചിത്രത്തിൽ.  പുതിയ കാലത്തും ഈ ചിത്രം ജനപ്രിയമായത് കൊണ്ടാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

റാണി മുഖര്‍ജി പ്രധാനവേഷത്തിലെത്തിയ ഹിച്ച്ക്കി സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധാര്‍ഥ് പി മല്‍ഹോത്രയാണ്. ട്യൂറെറ്റ് സിന്‍ഡ്രം  എന്ന മാനസികാവസ്ഥയെ അതിജീവിച്ച് ജീവിതത്തില്‍ വിജയം നേടുന്ന ഒരു സ്ത്രീയുടെ കഥയാണ് ഹിച്ച്ക്കിയില്‍ പറയുന്നത്. ഇന്ത്യയിലും വിദേശത്തും ഈ ചിത്രം മികച്ച വിജയം നേടിയിരുന്നു. ശാരീരിക പരിമിതികളെ മറികടന്ന് ജീവിതത്തില്‍ വിജയിക്കാന്‍ സാധിക്കുമെന്ന സന്ദേശമാണ് ഹിച്ച്ക്കി പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.

Content Highlights: Iffi goa Sholay and Hichki to be Screened for Visually Impaired Kids at IFFI 2018