ഗോവ: അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യന്‍ സിനിമയുടെ ഭാവസൗന്ദര്യമായി നിറഞ്ഞാടിയ ഇതിഹാസതാരം ശ്രീദേവിയെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ആദരിക്കും. ശ്രീദേവിയെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹയാക്കിയ മോം എന്ന ചിത്രവും മേളയില്‍ പ്രദര്‍ശിപ്പിക്കും. മരണാനന്തര ബഹുമതിയായാണ് ശ്രീദേവിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്. ശ്രീദേവി പ്രധാനവേഷത്തിലെത്തിയ അവസാന ചിത്രവും മോം ആയിരുന്നു. രവി ഉദ്യാവാര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ നടന്‍ വിനോദ് ഖന്നയുടെ ചിത്രവും പ്രദര്‍ശിപ്പിക്കും. മരണാനന്തര ബഹുമതിയായി 2017 ല്‍ രാജ്യം ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. ആചാനക്, ലേകിന്‍, അമര്‍ അക്ബര്‍ ആന്റണി എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. 

ഇതിന് പുറമെ ശശികപൂര്‍, കരുണാനിധി, കല്‍പ്പന ലാംജി തുടങ്ങിയവര്‍ക്കും മേളയില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കും. ശശി കപൂറിന്റെ വിജേതാ, കരുണാനിധിയുടെ തിരക്കഥയില്‍ എം.ജി.ആര്‍ പ്രധാനവേഷത്തിലെത്തിയ മലൈക്കള്ളന്‍(1954),  കല്‍പ്പന ലാംജി സംവിധാനം ചെയ്ത രുദാലി എന്നീ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും