പനാജി: നാല്‍പത്തിയൊമ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമകാലിക ഇന്ത്യന്‍ സിനിമകളുടെ വിഭാഗമായ ഇന്ത്യന്‍ പനോരമയ്ക്ക് ഇന്ന് തിരി തെളിയും. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത മലയാള ചലച്ചിത്രം 'ഓള്' ആണ് ഉദ്ഘാടന ചിത്രം. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ രാഹുല്‍ രവാലിയുടെ നേതൃത്വത്തിലുള്ള 12 അംഗ ജൂറിയാണ് ഫീച്ചര്‍ വിഭാഗത്തിലേക്കുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തിട്ടുള്ളത്.  ഇന്ന് രാവിലെ പതിനൊന്ന് മണി മുതല്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലെ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങും.

ഷെയിന്‍ നിഗം, എസ്തര്‍ അനില്‍ എന്നിവരാണ് ഓളിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൈകീട്ട് മൂന്നരയ്ക്ക് ചിത്രത്തിന്റെ സംവിധായകന്‍, അണിയറപ്രവര്‍ത്തകര്‍, അഭിനേതാക്കള്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുക്കും. ആദിത്യ സുഹാസ് ജംബാലെ സംവിധാനം നിര്‍വഹിച്ച മറാത്തി ചിത്രമായ ഖര്‍വാസാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം.

ഉച്ചയ്ക്ക് 12: 30 ന് രാഹുല്‍ രവാലിയുടെ നേതൃത്യത്തിലുള്ള ജൂറി അംഗങ്ങള്‍ പത്രസമ്മേളനം നടത്തും. മേജര്‍ രവി, കെ.ജി സുരേഷ് തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുക്കും. 

അതേസമയം അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ഇന്ന് മൂന്ന് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. സെബാസ്റ്റിന്‍ ബറീസോ, റോഡ്രിഗോ ബറീസോ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം എ ട്രാന്‍സ്ലേറ്റര്‍, സെര്‍ജി ലിവ്‌നെവ് സംവിധാനം ചെയ്ത റഷ്യന്‍ ചിത്രം വാന്‍ ഗോഗ്‌സ്, സെര്‍ജി ലോസ്‌നിറ്റ്‌സ സംവിധാനം ചെയ്ത ഉക്രേനിയന്‍ ചിത്രം ഡോണ്‍ബാസ് എന്നിവയാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്. 

ഇതു കൂടാതെ അന്തരിച്ച ചലചിത്രതാരങ്ങളായ ശ്രീദേവി, കല്‍പന ലാജ്മി എന്നിവര്‍ക്കുള്ള ആദരമായി മോം, റുദാലി എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. 


Content Highlights : IFFI 2018 goa indian panorama Olu Shaji N Karun Kharvas homage to sridevi kalpana Lajmi